വാഖ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ അലി ഇന്റര്‍നാഷനലിന് ജയം 

Posted on: February 25, 2018 5:07 pm | Last updated: February 25, 2018 at 5:07 pm

ദോഹ: വാഖ് പ്രീമിയര്‍ ലീഗ് എട്ടാമത് എഡിഷന്റെ ലീഗ് റൗണ്ടില്‍ അലി ഇന്റര്‍നാഷണല്‍ എഫ്.സി, കൊടിയത്തൂര്‍ എഫ്.സി.യുമായുള്ള മത്സരത്തില്‍ ഏട്ടു ഗോളിന് കൊടിയത്തൂര്‍ എഫ്.സി.യെ തകര്‍ത്തെറിഞ്ഞു. തുടക്കം മുതല്‍ ഒടുക്കം വരെ കളിയുടെ ആധിപത്യം അലി ഇന്റര്‍നാഷണലിന്റെ കാലുകളിലായിരുന്നു. ദോഹയിലെ സ്വപ്‌ന ഇലവന്‍ എന്നു വിശേഷിപ്പിക്കാന്ന താരനിബിഡമായ സന്നാഹങ്ങളുമായിരുന്നു അലി ഇന്റര്‍നാഷണല്‍ എഫ്.സി. ഗ്രൗണ്ടിലിറങ്ങിയത്. മൂന്നാം മിനുട്ടില്‍ മൗസിഫിന്റെ കിടിലന്‍ ഗോളോടെയായിരുന്നു അലി ഇന്റര്‍നാഷണല്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. പിന്നെയുള്ള ഊഴം ഗോള്‍വേട്ടക്കാരന്‍ സതീശന്റേതായിരുന്നു. 12,14,24 മിനുട്ടുകളില്‍ സതീശന്റെ ഉഗ്രന്‍ ഷോട്ടുകള്‍ക്ക് മുന്നില്‍ കൊടിയത്തൂരിന്റെ കാവല്‍ക്കാരന്‍ നിസ്സഹായനായി. 21-ാം മിനുട്ടില്‍ മൗസിഫ്, 30, 40 മിനുട്ടില്‍ ഷാനിദ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ്59-ാം മിനുട്ടില്‍ അബീഷിന്റെ വെടിയുണ്ടകളോടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി എതിരില്ലാത്ത എട്ടുഗോളുകള്‍ക്ക് കൊടിയത്തൂരിനെ നിഷ്പ്രഭമാക്കുകയായിരുന്നു.

മാപ് എഫ് സി  പയനീര്‍ എഫ് സിയെ തോല്‍പ്പിച്ചു

എം.ബി.എം. വാഖ് പ്രീമിയര്‍ ലീഗ് എട്ടാമത് എഡിഷന്‍ ലീഗ് റൗണ്ടിന്റെ രണ്ടാമത്തെ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പയനീര്‍ എഫ്.സിയെ പരാജയപ്പെടുത്തി. തുല്യശക്തികള്‍ തമ്മിലുള്ള അത്യുഗ്ര പോരാട്ടത്തില്‍ ഇരുടീമുകളും ആക്രണ പ്രത്യാക്രമണങ്ങളോടെയായിരുന്നു മത്സരം തുടങ്ങിയത്. മത്സരം തുടങ്ങി പത്താം മിനുട്ടില്‍ മാപ് ട്രേഡിംഗ് എഫ്.സിയുടെ കിരണ്‍യുടെ മനോഹര ഗോള്‍ ഗ്യാലറിയെ ത്രസിപ്പിച്ചു. തിരിച്ചടിക്കാനുള്ള എല്ലാ ശ്രമങ്ങളുമായി പയനീര്‍ എഫ്‌സി ആക്രമിച്ചു കളിച്ചുവെങ്കിലും 20-ാമിനുട്ടില്‍ ഷഹജാസിന്റെ ഷോട്ട് ലക്ഷ്യം കാണുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ (1-1). തോറ്റുകൊടുക്കാന്‍ കൂട്ടാക്കാതെ മാപിന്റെ ഒത്തിണക്കം മുതലെടുത്ത് മുപ്പതാം മിനുട്ടില്‍ ഹാമിദലി തിരിച്ചടിച്ചു. (2-1). മത്സരം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് അറുപതാം മിനുട്ടില്‍ ജിപ്്‌സണ്‍ മാപ് ട്രേഡിംഗ് എഫ്‌സിക്കു വേണ്ടി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. (3-1) ന് മത്സരം തീര്‍ന്നപ്പോള്‍ മാപ് ട്രേഡിംഗിന് ഉജ്്വലവിജയം നേടുകയായിരുന്നു.