Connect with us

Editorial

ധനസഹായ പ്രഖ്യാപനം കൊണ്ടു മാത്രമായില്ല

Published

|

Last Updated

ആള്‍ക്കൂട്ടങ്ങള്‍ നിയമം കൈയിലെടുക്കുന്ന പ്രവണത കേരളത്തില്‍ വര്‍ധിച്ചു വരുന്നുവെന്നത് ഭീതിതവും ലജ്ജാകരവുമാണ്. സദാചാരത്തിന്റെ പേരില്‍ നാട്ടുകാര്‍ മര്‍ദിച്ചു കൊന്ന കോഴിക്കോട് കൊടിയത്തൂര്‍ ശഹീദ്, മലപ്പുറത്തെ നാസിര്‍ ഹുസൈന്‍, മോഷണക്കുറ്റം ആരോപിച്ചു നടത്തിയ ആള്‍ക്കൂട്ട വിചാരണക്കിടെ കൊല്ലപ്പെട്ട അസാം സ്വദേശി കൈലാഷ് ജ്യോതി ബെഹ്‌റ, പാലക്കാട് സ്വദേശി രഘു എന്നിങ്ങനെ നീളുന്ന ശൃംഖലയിലെ കണ്ണിയാണ് വ്യാഴാഴ്ച മര്‍ദനമേറ്റ് മരിച്ച മധു. പ്രദേശത്തെ കടയില്‍ നടന്ന അരി മോഷണത്തിന്റെ കുറ്റം ചുമത്തിയാണ് നാട്ടുകാര്‍ മധുവിനെ പിടികൂടിയത്. പിന്നീട് രണ്ട് മണിക്കൂറോളം ക്രൂരമായ മര്‍ദനമായിരുന്നുവത്രേ. മധു ഉടുത്തിരുന്ന കൈലിമുണ്ട് അഴിച്ചെടുത്ത് ഇരുകൈകളും കൂട്ടിക്കെട്ടിയായിരുന്നു മര്‍ദനമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെയായിരുന്നു ഈ കൊടും ക്രൂരതയെന്നാണ് പറയപ്പെടുന്നത്. ആര്‍ക്കും ശല്യം ചെയ്യാതെ വനത്തിലുള്ളിലെ ഒരു ഗുഹയില്‍ കഴിഞ്ഞു വരികയായിരുന്ന മധുവിനെ പിടികൂടി തലയില്‍ വലിയ ചാക്കുകെട്ട് കയറ്റി, കൂക്കുവിളിയോടെയാണ് ആള്‍ക്കൂട്ടം കാട്ടില്‍ നിന്ന് മുക്കാലിയിലേക്ക് കൊണ്ടു പോയതെന്നും സംഘത്തിന് വനംവകുപ്പിന്റെ ജീപ്പ് അകമ്പടി സേവിച്ചിരുന്നുവെന്നും ആരോപിക്കപ്പെടുന്നു. അവശനായ മധു ദാഹജലം ചോദിച്ചപ്പോള്‍ മുഖത്തൊഴിച്ചു കൊടുക്കുകയായിരുന്നുവത്രേ.

എന്ത് സംഭവിച്ചു കേരളീയ സമൂഹത്തിന്? ആള്‍ക്കൂട്ട വിചാരണയെയും പൊതുസമൂഹം നിയമം കൈയിലെടുക്കുന്ന പ്രവണതയെയും ശക്തമായി വിമര്‍ശിച്ചവരാണ് കേരളീയര്‍. ബീഫിന്റെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാവി ഭീകരത പാവപ്പെട്ട മുസ്‌ലികളെയും ദളിതരെയും അതിക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയപ്പോള്‍, രാജ്യത്തെ പൗരന്മാര്‍ എന്തുകഴിക്കണം, എന്തു കഴിക്കരുത് എന്ന് തീരുമാനിക്കേണ്ടത് ഹിന്ദുത്വ ശക്തികളല്ലെന്ന് ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു ബീഫ് മേള നടത്തി അതിനെതിരെ പ്രതിഷേധിച്ച കേരളീയ സമൂഹത്തില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു അട്ടപ്പാടി സംഭവം. നീതിയും സുരക്ഷയും നടപ്പാക്കാന്‍ ശക്തമായ നിയമവ്യവസ്ഥയുള്ള ജനാധിപത്യ രാജ്യത്ത് അതെല്ലാം അവഗണിച്ചു ചിലര്‍ നിയമം കൈയിലെടുക്കവെ, ഉദ്യോഗസ്ഥരും കാഴ്ചക്കാരായി മാറി നോക്കി നില്‍ക്കുന്നുവെങ്കില്‍, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, സാംസ്‌കാരികോന്നതിയെക്കുറിച്ചു പറയാന്‍ കേരളീയന് ഇനി എന്തവകാശം? ജാതിമേധാവിത്വവും ഉച്ചനീചത്വവും ദളിത് പീഡനവും കീഴ്ജാതിക്കാരുടെ അടിമത്തവും അംഗീകൃത വ്യവസ്ഥിതിയായി കരുതുന്ന സംഘ്പരിവാര്‍ ശക്തികള്‍ വാഴുന്ന ഉത്തരേന്ത്യയില്‍ നിന്നും വ്യത്യസ്തതയും സാംസ്‌കാരിക വ്യതിരിക്തതയും അവകാശപ്പെടുന്ന കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു ഈ കാടത്തം.

വലിയരളവോളം പോലീസിന്റെ നിഷ്‌ക്രിയത്വവും നിയമവാഴ്ചയുടെ പരാജയവുമാണ് ഇതിന് വഴിവെക്കുന്നത്. മോഷണ ശല്യം അസഹ്യമായപ്പോള്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് മധുവിനെപിടികൂടി പെരുമാറിയതെന്നാണ് നാട്ടുകാരില്‍ ചിലര്‍ ന്യായീകരിക്കുന്നത്. ഇതിലെത്രത്തോളം വാസ്തവമുണ്ടെന്നറിയില്ല. നാട്ടുകാര്‍ പരാതിപ്പെടുമ്പോള്‍ അതിന്റെ നിജസ്ഥിതി അന്വേഷിച്ച് നടപടിയെടുക്കാന്‍ പോലീസ് സംവിധാനത്തിന് ബാധ്യതയുണ്ട്. മധുവിന്റെ കാര്യത്തില്‍ പ്രസക്തമായാലും ഇല്ലെങ്കിലും ഇത്തരം പരാതികളില്‍ പോലീസ് നീതിയുക്തം പ്രവര്‍ത്തിക്കുന്നില്ല എന്നത് പൊതു അനുഭവമാണ്. നാട്ടുകാര്‍ തൊണ്ടി സഹിതം പിടികൂടി ഏല്‍പ്പിച്ച മോഷ്ടാവിനെയും സാമൂഹിക ദ്രോഹികളെയും ബാഹ്യതാത്പര്യങ്ങള്‍ക്ക് വഴങ്ങി ഒരു നടപടിയും കൂടാതെ വിട്ടയക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ധാരാളം. പ്രതികളെ വേദനിപ്പിച്ചു വിടുകയല്ലാതെ പോലീസിലേല്‍പ്പിച്ചതു കൊണ്ട് ഫലമില്ലെന്ന ധാരണ സമൂഹത്തെ ബാധിക്കാന്‍ ഇതിടയാക്കിയിട്ടുണ്ട്. ഈ ധാരണ നിരപരാധികള്‍ക്ക് മേല്‍ പോലും കൈവെക്കുന്നതില്‍ കലാശിക്കുന്നു. നിയമവാഴ്ച ഉറപ്പ് വരുത്തുക മാത്രമാണ് ഇതിന് പരിഹാരം.

മധുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ചത് ഈ ഉത്തരവാദിത്വ വീഴ്ചക്ക് പരിഹാരമാവുകയില്ല. പാവപ്പെട്ടവന്റെ ഉന്നമനത്തിന് വിശിഷ്യാ ആദിവാസി ഊരുകളുടെ പരിതാപരകരമായ അവസ്ഥക്ക് അടിയന്തരമായി പരിഹാരം കാണാനുള്ള ബോധ്യമാണ് അട്ടപ്പാടി സംഭവം അധികൃതരില്‍ ഉണ്ടാക്കേണ്ടത്. മധുവിന്റെ കുടുംബത്തെ പോലെ ആഹരിക്കാന്‍ അരിയില്ലാതെ ചികിത്സിക്കാന്‍ വകയില്ലാതെ ദുരിത ജീവിതം നയിക്കുന്നവര്‍ അട്ടപ്പാടിയിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും ആയിരക്കണക്കിനുണ്ട്. അട്ടപ്പാടിയില്‍ മാത്രം എഴുനൂറിലധികം മനോവൈകല്യം ബാധിച്ച ആദിവാസികളുണ്ടെന്നാണ് സര്‍ക്കാറിന്റെയും സന്നദ്ധ സംഘടനകളുടെയും കണക്ക്. സ്വന്തമായി ഭക്ഷണം തയ്യാറാക്കി കഴിക്കാനാകാത്ത ആദിവാസികളെ ഒരു നേരമെങ്കിലും ഊട്ടുക എന്ന ലക്ഷ്യത്തില്‍ അട്ടപ്പാടിയില്‍ സര്‍ക്കാര്‍ സമൂഹ അടുക്കള പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും മഴുപ്പട്ടിണിയില്‍ കഴിയുന്നവര്‍ ഇന്നും നിരവധിയുണ്ടവിടെ. ആദിവാസി ദാരിദ്ര്യ ലഘൂകരണ ഉപജീവനപ്രവര്‍ത്തനത്തിന് പ്രദേശത്ത് ചെലവിട്ടത്് ദശകോടികളാണ്. എന്നിട്ടും എന്തുകൊണ്ടിവര്‍ക്ക് പട്ടിണി കിടക്കേണ്ടി വരുന്നു? ആദിവാസി ക്ഷേമത്തിനായി നല്‍കുന്ന ഫണ്ടുകളില്‍ സിംഹഭാഗവും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും കീശയിലാണെത്തുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജന, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന പണം മുഴുവനായും യഥാസ്ഥാനത്ത്് വിനിയോഗിക്കപ്പെടുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്.

Latest