മധുവിന്റെ മരണം: ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ സന്ദര്‍ശിക്കും

Posted on: February 24, 2018 10:38 pm | Last updated: February 24, 2018 at 10:38 pm

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിക്കാനിടയായതുമായി ബന്ധപ്പെട്ട് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ നന്ദകുമാര്‍ സായും സംഘവും 27-ന് അട്ടപ്പാടി സന്ദര്‍ശിക്കും. രാവിലെ ഒന്‍പതിനാണ് കമ്മീഷന്‍ അട്ടപ്പാടിയിലെത്തുക.

കമ്മീഷന്‍ അംഗം ഹര്‍ഷദ് ബായ് വാസവ, എസ് സി എസ് ടി സെക്രട്ടറി രാഘവ് ചന്ദ്ര, സീനിയര്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആര്‍ എസ് മിശ്ര തുടങ്ങിയവര്‍ ചെയര്‍മാനെ അനുഗമിക്കും. സന്ദര്‍ശനത്തിന് മുന്നോടിയായി നാളെ വൈകീട്ട് അഞ്ചിന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ യോഗം ചേരും. കേരള ചീഫ് സെക്രട്ടറി പോള്‍ ആന്റണി, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു, ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായുളള സര്‍ക്കാര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ആനുകൂല്യങ്ങള്‍, എസ് സി , എസ് ടി വിഭാഗത്തിനെതിരെയുളള അതിക്രമങ്ങള്‍ തടയാനുളള സംസ്ഥാന സര്‍ക്കാറിന്റെ നടപടികള്‍ തുടങ്ങിയവ കമ്മീഷന്‍ പരിശോധിക്കും.