ചുവപ്പ് സിഗ്‌നലുകള്‍ മറികടന്നാല്‍ വാഹനം കണ്ടുകെട്ടുമെന്ന് ട്രാഫിക് പോലീസ്

Posted on: February 24, 2018 9:23 pm | Last updated: February 24, 2018 at 9:23 pm

ദുബൈ: ചുവപ്പ് സിഗ്‌നലുകള്‍ മറി കടന്നാല്‍ വാഹനം കണ്ട് കെട്ടുമെന്ന് ദുബൈ ട്രാഫിക് പോലീസ്. ഇത്തരത്തില്‍ സിഗ്‌നലുകള്‍ മറികടക്കുന്നത് ഗുരുതരമായ ലംഘനമായി കണക്കാക്കും.

1,000 ദിര്‍ഹം പിഴയും വാഹനമോടിക്കുന്നവരുടെ ലൈസന്‍സുകളില്‍ 12 ബ്ലാക്ക് പോയിന്റുകളും ഏര്‍പെടുത്തുമെന്നും ദുബൈ ട്രാഫിക് പോലീസ് ജനറല്‍ ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സൈഫ് മുഹൈര്‍ അല്‍ മസ്റൂഇ പറഞ്ഞു.

ചുവപ്പ് സിഗ്‌നലുകള്‍ മറികടക്കുന്നത് മൂലം അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 100 അപകടങ്ങളാണ് ഇത്തരത്തില്‍ ഉണ്ടായത്. അപകടങ്ങളെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും 127 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ചിലരുടെ നില ഗുരുതരമായിരുന്നു. ഈ വര്‍ഷം ആറ് അപകടങ്ങളാണ് ഇത്തരത്തില്‍ സിഗ്‌നല്‍ മറികടന്നതിനെ തുടര്‍ന്നുണ്ടായത്. അപകടങ്ങളില്‍ നാല് പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. എതിര്‍ദിശയില്‍ നിന്ന് സിഗ്‌നല്‍ ലഭിക്കുന്ന മുറക്ക് മുന്നോട്ടെടുക്കുന്ന മറ്റ് വാഹനങ്ങളില്‍ സിഗ്‌നല്‍ മുറിച്ചു കടക്കുന്ന വാഹനങ്ങള്‍ ഇടിക്കുവാനും മരണങ്ങള്‍ വരെ സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമലംഘനങ്ങള്‍ നടത്തുന്നവരുടെ വാഹനങ്ങള്‍ 30 ദിവസത്തേക്കാണ് കണ്ട് കെട്ടുക. വലിയ ഭാരവാഹനങ്ങള്‍ സിഗ്‌നല്‍ മറികടന്നാല്‍ 3000 ദിര്‍ഹമാണ് പിഴ ചുമത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.