മധുവിന്റെ കൊലപാതകം: വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രതിക്കൂട്ടില്‍

Posted on: February 24, 2018 10:13 am | Last updated: February 24, 2018 at 12:16 pm

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാരും പ്രതിക്കൂട്ടില്‍. മധുവിനെ നാട്ടുകാര്‍ക്ക് കാട്ടിക്കൊടുത്തത് വനംവകുപ്പ് ജീവനക്കാരാണെന്ന് അമ്മ മല്ലിയും സഹോദരി ചന്ദ്രികയും പറഞ്ഞു.

ഭക്ഷണം ഒരുക്കുമ്പോളാണ് മധുവിനെ പിടികൂടിയത്. ഗുഹയില്‍ നിന്ന് നാല് കിലോമീറ്റര്‍ നടത്തിയാണ് മുക്കാലിയില്‍ കൊണ്ടുവന്നത്. വഴിയില്‍ വച്ചു മര്‍ദിക്കുകയും വെള്ളം ചോദിച്ചപ്പോള്‍ തലയില്‍ ഒഴിക്കുകയും ചെയ്തു. തിരിച്ചറിയല്‍ രേഖ ഇല്ലാതെ നാട്ടുകാരെ വനത്തിനുള്ളിലേക്ക് കയറ്റിവിട്ടു. ആദിവാസികള്‍ കാട്ടില്‍കയറിയാല്‍ കേസെന്നും നാട്ടുകാര്‍ കയറിയാല്‍ നടപടിയില്ലെന്നും അവര്‍ പറയുന്നു.

മധുവിനെ കൊണ്ടുവരുമ്പോള്‍ തൊട്ടുമുമ്പിലായി വനംവകുപ്പിന്റെ ജീപ്പ് ഉണ്ടായിരുന്നുവെന്നും മധുവിന്റെ തോളില്‍ ഭാരമേറിയ ചാക്കുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.