മാണിയെ തള്ളില്ലെന്ന് സൂചിപ്പിച്ച് സി പി എം

Posted on: February 24, 2018 9:18 am | Last updated: February 24, 2018 at 12:16 pm
സി പി എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിനെത്തിയ കെ എം മാണിയും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സൗഹൃദം പങ്കിടുന്നു. സി പി എം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള സമീപം. ചിത്രം: ശിഹാബ് പള്ളിക്കല്‍

തൃശൂര്‍: സി പി ഐയുടെ എതിര്‍പ്പ് തുടരുമ്പോഴും കെ എം മാണിയുടെ ഇടതു മുന്നണി പ്രവേശം തള്ളാതെ സി പി എം. മുന്നണി വിപുലീകരിക്കണമെന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ നിര്‍ദേശത്തിന് അനുസൃതമായാണ് ചര്‍ച്ചകളും പുരോഗമിക്കുന്നത്. യു ഡി എഫിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് നിലപാട്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ നടന്ന സെമിനാറിലും മാണി പങ്കെടുത്തു. കെ എം മാണിയെ മുന്നണിയിലെടുക്കുമെന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ സി പി എം നേതാക്കളുടെ പ്രതികരണവും. മാണിക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തോട് നേതാക്കള്‍ പ്രതികരിച്ചില്ല. സംസ്ഥാന സമ്മേളന നടപടിക്രമങ്ങള്‍ വിശദീകരിക്കാന്‍ കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ വിജയരാഘവനും എളമരം കരീമുമാണ് ഇന്നലെ മാധ്യമങ്ങളെ കണ്ടത്.

യു ഡി എഫ് വിട്ട കെ എം മാണി ഇതിനു ശേഷമുള്ള രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ല. അങ്ങിനെയൊരു സാഹചര്യം വരുമ്പോള്‍ തങ്ങള്‍ തീരുമാനമെടുക്കുമെന്നായിരുന്നു സി പി എം നേതാക്കളുടെ പ്രതികരണം. തീരുമാനം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്ത ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം. മുന്നണിയിലെ ചര്‍ച്ചക്ക് മുമ്പ് ഒരു ഘടകകക്ഷി അഭിപ്രായം പറയുന്നത് ശരിയല്ല. മാണിയുടെ നിലപാട് യു ഡി എഫിനെ ദുര്‍ബലമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തെ എല്‍ ഡി എഫിന് അനുകൂലമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം നടന്ന സെമിനാറില്‍ പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും മാണിയെ സ്വീകരിക്കുമെന്ന പരോക്ഷ സൂചന നല്‍കിയാണ് സംസാരിച്ചത്.

മുന്നണി വിപുലീകരിക്കണമെന്ന നിര്‍ദേശം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും മുന്നോട്ടുവെക്കുന്നുണ്ട്. യു ഡി എഫിന് പിന്നില്‍ അണിനിരന്ന ബഹുജനങ്ങളെ ആകര്‍ഷിച്ച് സി പി എമ്മിന്റെയും ഇടതു മുന്നണിയുടെയും അടിത്തറ ശക്തിപ്പെടുത്തണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. ഇത് യു ഡി എഫിനെ ശിഥിലമാക്കാന്‍ സഹായിക്കും. യു ഡി എഫിലെയും കോണ്‍ഗ്രസിലെയും അനൈക്യം മുതലെടുക്കാന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയും മുന്നണിയും കൂടുതല്‍ ശക്തിപ്പെടുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.