Connect with us

Kerala

പാവങ്ങള്‍ അകലുന്നു; പാര്‍ലിമെന്ററി വ്യാമോഹം കൂടുന്നു

Published

|

Last Updated

തൃശൂര്‍: സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ പാര്‍ട്ടിയുമായി അകലുകയാണെന്ന് സി പി എം. പാവപ്പെട്ടവരിലെ മഹാഭൂരിപക്ഷവും കൂടെയുണ്ടായിരുന്നുവെന്നും ഈ സാഹചര്യം മാറി വരികയാണെന്നും ഇത് ഗൗരവമായി കണക്കിലെടുക്കണമെന്നും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ ജാതി സംഘടനകളും തീവ്രവാദ സംഘടനകളും ആര്‍ എസ് എസും ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. ഇത് കണക്കിലെടുത്ത് പട്ടിക വിഭാഗത്തില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ റിക്രൂട്ട് ചെയ്യണം.
മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും കൂടുതല്‍ കേഡര്‍മാരെ സൃഷ്ടിക്കണം. പാര്‍ട്ടി അംഗങ്ങളില്‍ പാര്‍ലമെന്ററി വ്യാമോഹം കൂടി വരികയാണെന്ന സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ പൊതുചര്‍ച്ച തുടരുകയാണ്. ഇന്ന് ഉച്ചക്ക് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ചക്ക് മറുപടി പറയും. പാര്‍ട്ടിയുടെ സ്വതന്ത്ര സ്വാധീന ശക്തി വര്‍ധിക്കുന്നില്ലെന്ന അടിസ്ഥാന പ്രശ്‌നം നിലനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. പാവങ്ങള്‍ അകന്ന് പോകുന്നത് ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കണം. ബ്രാഞ്ച് തലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഈ പ്രതിസന്ധി മറികടക്കണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്.

കേരളത്തില്‍ ബി ജെ പിയുടെ സ്വാധീനം വര്‍ധിക്കുന്നത് ഭീഷണിയായി കണക്കിലെടുക്കണം. ക്ഷേത്രങ്ങളെ അടിസ്ഥാനമാക്കി വിശ്വാസികളെ ആകര്‍ഷിക്കാനാണ് നീക്കം. മതനിരപേക്ഷയിലൂന്നിയ പ്രചാരണങ്ങളിലൂടെയും വര്‍ഗ സമരങ്ങളിലൂടെയും ഇതിനെ ചെറുക്കണം. സാമൂഹ്യഘടനയിലെ മാറ്റത്തിന്റെ സവിശേഷതകള്‍ മനസിലാക്കി ജനങ്ങളുമായി ദൈനംദിന ബന്ധം പുലര്‍ത്താന്‍ ബ്രാഞ്ച് ഘടകങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കണം.
24 ശതമാനം വരുന്ന മുസ്‌ലിം മതന്യൂനപക്ഷവും 19 ശതമാനത്തോളം വരുന്ന ക്രിസ്ത്യന്‍ മതന്യൂനപക്ഷവും സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നവരാണ്. ഇവര്‍ക്കിടയില്‍ പാര്‍ട്ടി സാന്നിധ്യം വര്‍ധിപ്പിക്കണം. സംഘ്പരിവാര്‍ ഭീഷണി നേരിടുന്നതില്‍ പാര്‍ട്ടിയെടുക്കുന്ന മുന്‍കൈ ഈ ജനവിഭാഗങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ സഹായിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം കേരളത്തിലുമുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു കണ്ടെത്തല്‍. ഈ വസ്തുത കണക്കിലെടുത്ത് വര്‍ഗീയതക്കെതിരെ ശക്തമായ പ്രചാരണം അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

മത്സ്യതൊഴിലാളികള്‍, പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ എന്നിവരുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയില്ലാത്തത് ഈ വിഭാഗങ്ങളുടെ അകല്‍ച്ചക്ക് കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിലും ജാഗ്രത കാണിക്കണം. നഗരവത്കരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്നു വരുന്ന പുതിയ വിഷയങ്ങള്‍ ഏറ്റെടുത്ത് ഇടത്തരം ജന വിഭാഗങ്ങള്‍ക്ക് ഇടയിലും പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. പാര്‍ലിമെന്ററി സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ അമിതമായ വ്യഗ്രത കാണിക്കുകയാണ്. ഇത് സംഘടനാതത്വങ്ങളുടെ ലംഘനങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുന്നു. താഴെ തട്ടില്‍ ഇതിന്റെ ദൂഷ്യഫലങ്ങള്‍ നേരിടുന്നുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരം പ്രവണതകളുണ്ടായതായി റിപ്പോര്‍ട്ട് എടുത്ത് പറയുന്നു. താന്‍ ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തതിനാല്‍ ചിലരെങ്കിലും പാര്‍ട്ടിയെ വെല്ലുവിളിക്കുന്നു. അതുവരെ പാര്‍ട്ടി നല്‍കിയ അംഗീകാരവും സഹായവും വിസ്മരിച്ചാണ് സ്ഥാനമാനങ്ങള്‍ എങ്ങിനെയെങ്കിലും കൈവശപ്പെടുത്തുകയെന്ന ബൂര്‍ഷ്വപാര്‍ട്ടികളുടെ ശൈലിയാണ് ചിലര്‍ പിന്തുടരുന്നത്. ഇതില്‍ നിന്നുള്ള മോചനം അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

ദരിദ്ര കര്‍ഷകര്‍ കുറഞ്ഞു;
വനിതാ പ്രാതിനിധ്യം ഉയര്‍ത്തണം
തൃശൂര്‍: സി പി എം അംഗങ്ങളില്‍ ദരിദ്ര കര്‍ഷകരുടെ എണ്ണം കുറഞ്ഞെന്നാണ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ളത്. പാര്‍ട്ടി അംഗങ്ങളിലും കാന്‍ഡിഡേറ്റ് അംഗങ്ങളിലും കൊഴിഞ്ഞുപോക്ക് കൂടി വരികയാണെന്നും വനിതാ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
തൊഴിലാളി വര്‍ഗം, കര്‍ഷക തൊഴിലാളി, ഇടത്തരം കൃഷിക്കാര്‍, ധനിക കര്‍ഷകര്‍, ഇടത്തരം വിഭാഗം, ബൂര്‍ഷ്വാ വര്‍ഗങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നെല്ലാം അംഗത്വം വര്‍ധിച്ചപ്പോഴാണ് ദരിദ്ര കര്‍ഷകരുടെ എണ്ണം കുറഞ്ഞത്. ഇടത്തരം വിഭാഗത്തില്‍ കഴിഞ്ഞ സമ്മേളന കാലത്ത് 222 മെംബര്‍മാരുടെ കുറവുണ്ടായിരുന്നെങ്കിലും ഈ സമ്മേളനമായപ്പോള്‍ ഈ വിഭാഗത്തില്‍ 1549 പേര്‍ വര്‍ധിച്ചു. ആകെ അംഗങ്ങളില്‍ 59.4 ശതമാനം തൊഴിലാളി വര്‍ഗത്തില്‍ നിന്ന്.

കര്‍ഷക തൊഴിലാളികളുടെ പ്രാതിനിധ്യം 25.15 ശതമാനവും ഇടത്തരം കൃഷിക്കാര്‍ 8.6 ശതമാനവും ദരിദ്ര കര്‍ഷകര്‍ 6.26 ശതമാനവുമാണ്. 4,63,472 പേരാണ് സി പി എമ്മില്‍ അംഗത്വമെടുത്തിരിക്കുന്നത്. ഇതില്‍ 59,834 പേര്‍ കാന്‍ഡിഡേറ്റ് അംഗങ്ങളാണ്. പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ 57881 പേരുടെ വര്‍ധനയുണ്ടായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
മൂന്ന് വര്‍ഷത്തിനിടെ പൂര്‍ണ്ണ അംഗങ്ങളുടെ വര്‍ധന 41950 ആണ്. 32967 ബ്രാഞ്ചുകളും 2193 ലോക്കല്‍ കമ്മറ്റികളുമാണ് സി പി എമ്മിന് സംസ്ഥാനത്തുള്ളത്. പാര്‍ട്ടിയിലെ വനിതാ പ്രാതിനിധ്യം 25 ശതമാനമായി ഉയര്‍ത്തണമെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു നിര്‍ദേശം. ഒരു ബ്രാഞ്ചില്‍ രണ്ട് മഹിളാ അംഗങ്ങളെങ്കിലും വേണമെന്ന നിര്‍ദേശം നടപ്പാക്കാനായിട്ടില്ലെന്ന വിമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. 79757 വനിതകളാണ് സി പി എം അംഗങ്ങളിലുള്ളത്. ഇത് ആകെ അംഗത്വത്തിന്റെ 17 ശതമാനമാണ്.

അംഗങ്ങളുടെ കൊഴിഞ്ഞ് പോക്ക് ഏഴ് ശതമാനവും കാന്‍ഡിഡേറ്റ് അംഗങ്ങളുടെ കൊഴിഞ്ഞ്‌പോക്ക് 22 ശതമാനവുമാണ്. കൊഴിഞ്ഞ് പോക്ക് കണക്കില്‍ കാര്യമില്ലെന്നാണ് നേതാക്കളുടെ നിലപാട്. കൃത്യമായ മെംബര്‍ഷിപ്പ് സ്‌ക്രൂട്ട്‌നി നടക്കുന്നത് കൊണ്ടാണിത്. വിദേശത്ത് പോകുന്നവരും സര്‍ക്കാര്‍ ജോലി നേടുന്നവരും അംഗത്വം പുതുക്കാറില്ലെന്ന് സി പി എം കേന്ദ്രകമ്മറ്റി അംഗം എളമരം കരീം പറഞ്ഞു.