Connect with us

Editorial

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശം

Published

|

Last Updated

രജനീകാന്തിന് പിറകെ കമല്‍ഹാസനും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. മധുരയിലെ ഒത്തക്കട മൈതാനത്ത് വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് “മക്കള്‍ നീതി മയ്യം” പാര്‍ട്ടിയുടെ പിറവി പ്രഖ്യാപനം കമല്‍ഹാസന്‍ നടത്തിയത്. മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക, ജാതിമത സംഘര്‍ഷം ഇല്ലാതാക്കുക എന്നിവയാണ് ലക്ഷ്യമെന്നും അവസാന ശ്വാസം വരെ തമിഴ്‌നാടിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും കമല്‍ പറയുന്നു.

സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് പുതുമയുള്ള കാര്യമല്ല. തമിഴ്‌നാട്ടില്‍ വിശേഷിച്ചും. രാഷ്ട്രീയവും സിനിമയും വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന സംസ്ഥാനമാണ് തമിഴകം. എം ജി ആറും കരുണാനിധിയും ജയലളിതയും സിനിമയില്‍ നിന്നാണ് രാഷ്ട്രീയത്തിലേക്ക്് കടന്നു വന്ന് തമിഴകം വാണത്. അതേസമയം ശിവാജി ഗണേശന്‍, വിജയ്കാന്ത്, ശരത്കുമാര്‍, ഖുഷ്ബു തുടങ്ങി സിനിമാ രംഗത്തു നിന്നു കടന്നു വന്നവരില്‍ പിടിച്ചു നില്‍ക്കാനാകാതെ നിരാശരായി മടങ്ങിയവരും ഏറെയുണ്ട്. സിനിമാ രംഗത്തെ ആരാധകരുടെ ആവേശത്തള്ളിച്ചകള്‍ക്ക് മധ്യേയാണ് രജനിയെപോലെ കമലും പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ഫാന്‍സുകള്‍ പക്ഷേ രാഷ്ട്രീയത്തിലെ വിജയത്തിന്റെ മാനദണ്ഡമാക്കാനാകില്ല. ഒരു കാലത്ത് “പുവര്‍മാന്‍സ് രജനി” എന്നറിയപ്പെട്ടിരുന്ന വിജയകാന്ത് ആരാധകരില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നല്ലോ 2005ല്‍ ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം പാര്‍ട്ടി രൂപവത്കരിച്ചത്. 2006ലെ തിരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും വിജയകാന്ത് മത്സരിച്ച ഒരേ ഒരു മണ്ഡലത്തില്‍ മാത്രമാണ് കഷ്ടിച്ചു ജയിച്ചു കയറാനായത്.

ഡി എം കെയുടെയും എ ഐ എ ഡി എം കെയുടെയും നേതൃത്വത്തിലുള്ള രണ്ടു ചേരികളിലായി കറങ്ങുകയാണ് കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി തമിഴ്‌നാട് രാഷ്ട്രീയം. ദേശീയ കക്ഷികളായ കോണ്‍ഗ്രസിനും ബി ജെ പിക്കും ഇവയില്‍ ഏതെങ്കിലുമൊരു സഖ്യത്തില്‍ പങ്കാളികളായി കൂടാനല്ലാതെ തമിഴകത്ത് പറയത്തക്ക മുന്നേറ്റം നടത്താനായിട്ടില്ല. അതേസമയം ജയലളിതയുടെ വിയോഗത്തോടെയും സജീവ രാഷ്ട്രീയത്തില്‍ നിന്നുള്ള കരുണാനിധിയുടെ പിന്മാറ്റത്തോടെയും സംസ്ഥാനം ഇപ്പോള്‍ ശക്തനായ ഒരു നേതാവില്ലാത്ത അവസ്ഥയിലാണ്. കരുണാനിധിയുടെ കസേരയിലിരിക്കാന്‍ സ്റ്റാലിന്‍ പ്രാപ്തനല്ലെന്ന് ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിട്ടുണ്ട്. ഈ ശൂന്യതയില്‍ കണ്ണും നട്ടാണ് രജനിയുടെയും കമല്‍ഹാസന്റെയും കടന്നു വരവ്. ഒരു പക്ഷേ എം ജി ആറിന്റെ രാഷ്ട്രീയ വിജയമായിരിക്കണം ഇവര്‍ക്ക് പ്രചോദനം. എന്നാല്‍ എം ജി ആര്‍ ഒരു ഭാഗ്യപരീക്ഷണമെന്ന നിലയില്‍ സിനിമയില്‍ നിന്ന് ഒരു സുപ്രഭാത്തില്‍ കടന്നു വരികയായിരുന്നില്ല രാഷ്ട്രീയത്തിലേക്ക്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് രാഷ്ട്രീയം പഠിക്കുകയും പരിചയിക്കുകയും ചെയ്താണ് എം ജി ആര്‍ അണ്ണാദുരൈയുടെ അനുയായിയും കരുണാനിധിയുടെ സുഹൃത്തുമായി ഡി എം കെയില്‍ എത്തുന്നത്. ഡി എം കെയുടെ ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച് ദീര്‍ഘകാലം എം എല്‍ എയായ ശേഷമാണ് കരുണാനിധിയുമായി പിരിഞ്ഞു അണ്ണാ ഡി എം കെക്ക് രൂപം നല്‍കിയത്. ചെന്നൈയിലെ സെന്റ് തോമസ് മണ്ഡലം അദ്ദേഹത്തിന്റെ കുത്തകയായിരുന്നു. രജനിക്കും കമലിനും രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്തില്ല.

അടിസ്ഥാനപരമായ മാറ്റങ്ങളുണ്ട് രജനിയുടെയും കമലിന്റെയും രാഷട്രീയ വീക്ഷണങ്ങള്‍ക്ക്. ബി ജെ പിയുടെ വര്‍ഗീയ ഫാസിസ്റ്റ് രാഷട്രീയത്തോടാണ് രജനീകാന്തിന് ചായ്‌വ്. തന്റെ രാഷട്രീയ പ്രവേശഘട്ടത്തില്‍ പിന്തുണയുമായി രംഗത്തെത്തിയവരില്‍ കൂടുതല്‍ ബി ജെ പി നേതാക്കളായിരുന്നു. അന്ന് ആര്‍ എസ് എസ് താത്വികാചാര്യന്‍ എസ് ഗുരുമൂര്‍ത്തി ട്വിറ്ററില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്. കഴിഞ്ഞ അറുപത് വര്‍ഷമായി തമിഴകത്ത് വേരുറച്ചു പോയ ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്നുളള മാറ്റമാകും രജനി സംസ്ഥാനത്ത് ഉണ്ടാക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. “ജാതി മതം ഇല്ലാത്ത ആന്‍മീക അരസിയല്‍” എന്നാണ് രജനി തന്റെ പാര്‍ട്ടിയെ പരിചയപ്പെടുത്തുന്നത്. ഇതിലെ “ആത്മീയ” പരാമര്‍ശത്തെ ബി ജെ പിയുമായി കൂട്ടി വായിക്കുന്നവരാണ് രാഷ്ട്രീയ നിരീക്ഷകരില്‍ ഏറെയും. ദ്രാവിഡ രാഷ്ട്രീയത്തിന്റെ വേരുകള്‍ ഭൗതികവാദത്തിലും നിരീശ്വരവാദത്തിലുമാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയ സിദ്ധന്തം തമിഴകത്തു കാര്യമായ പ്രതിഫലനമുണ്ടാക്കിയിട്ടില്ല. രജനിയുടെ കൂട്ടുപിടിച്ചു ഇതിനൊരു മാറ്റമുണ്ടാക്കാമെന്ന് ബി ജെ പി കണക്കുകൂട്ടുന്നുണ്ട്. അതേസയമം വര്‍ഗീയ ഫാസിസവുമായി ഒട്ടും പൊരുത്തപ്പെടാത്ത ഇടതുപക്ഷ രാഷ്ട്രീയത്തോടാണ് കമല്‍ഹാസന് താത്പര്യം. കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ രാഷ്ട്രീയ ഗുരുവെന്ന് കമല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രഖ്യാപന ചടങ്ങിലെ മുഖ്യാതിഥി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പിണറായി വിജയന്‍ തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ച കമല്‍ ബി ജെ പി നേതാക്കളെ ആരെയും ക്ഷണിച്ചിരുന്നില്ല. രാഷ്ട്രീയ പ്രവേശത്തിന്റെ മുന്നോടിയായി കഴിഞ്ഞ സെപ്തംബര്‍ ഒന്നിന് തിരുവനന്തപുരത്തെത്തി പിണറായിയുമായി കമല്‍ കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. ഈ സാഹചര്യത്തില്‍ കമലിന്റെ വീക്ഷണങ്ങള്‍ക്കാണ് തമിഴ്മക്കളെ ആകര്‍ഷിക്കാനാവുക എന്നാണ് വിലയിരുത്തല്‍. ഏതായാലും എം ജി ആറിനും ജയലളിതക്കും പിന്നാലെ തമിഴകത്ത് ഇവര്‍ മറ്റൊരു രാഷ്ട്രീയ ചരിത്രം രചിക്കുമോ, അതോ വിജയകാന്തുള്‍പ്പെട്ട പട്ടികയില്‍ ഇടം നേടുമോ? വരും നാളുകളാണ് ഉത്തരം നല്‍കേണ്ടത്.

 

Latest