Connect with us

Gulf

ഭാവിയിലെ ഗതാഗത സംവിധാനം ഹൈപ്പര്‍ലൂപ് മാതൃക ദുബൈയില്‍ പുറത്തിറക്കി

Published

|

Last Updated

ദുബൈ: ദുബൈയില്‍ നിന്ന് അബുദാബിയിലേക്ക് പന്ത്രണ്ടു മിനുട്ടു കൊണ്ട് സഞ്ചരിക്കാവുന്ന ഹൈപ്പര്‍ ലൂപ് ഗതാഗത സംവിധാന മാതൃക ദുബൈ സിറ്റി വാക്കില്‍ അനാവരണം ചെയ്തു. ലോകത്തു ആദ്യമായാണ് ഹൈപര്‍ലൂപ്പിന്റെ പ്രദര്‍ശനം. ദുബൈയുടെ ഭാവി പൊതു ഗതാഗതത്തില്‍ ഹൈപര്‍ലൂപ് ഭാഗമായിരുക്കുമെന്നു ആര്‍ ടി എ ഡയറക്ടര്‍ ജനറല്‍ മതര്‍ അല്‍ തായര്‍ ട്വീറ്റ് ചെയ്തു.

ദുബൈയില്‍ നൂതനാശയ വാരാചരണത്തിന്റെ ഭാഗമായായിരുന്നു പ്രദര്‍ശനം. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ് വണ്‍ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സാങ്കേതികമായി ഹൈപര്‍ലൂപ് ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും മതര്‍ അല്‍ തായര്‍ അറിയിച്ചു.

മണിക്കൂറില്‍ 1200 കിലോമീറ്റര്‍വരെ വേഗത്തില്‍ യാത്രചെയ്യാന്‍ കഴിയുന്ന പദ്ധതിയാണ് ഹൈപ്പര്‍ലൂപ്. 126 കിലോമീറ്റര്‍ താണ്ടാന്‍ പന്ത്രണ്ടു മിനുട്ടു മതി. ഇരുദിശയിലുമായി മണിക്കൂറില്‍ 10,000 പേര്‍ക്ക് യാത്ര ചെയ്യാനാകും. ദുബൈയിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു രൂപകല്‍പന ചെയ്ത ഹൈപ്പര്‍ലൂപ് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ യുഎസിലെ നെവാദ മരുഭൂമിയില്‍ മണിക്കൂറില്‍ 310 കിലോമീറ്റര്‍ വേഗത്തില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു. അല്‍ഐനും അബുദാബിക്കുമിടയിലും ഹൈപ്പര്‍ലൂപ്പിന്റെ സാധ്യതാപഠനങ്ങള്‍ നടക്കുകയാണ്. ഒന്‍പതു മിനിറ്റുകൊണ്ട് അല്‍ഐനില്‍നിന്നു തലസ്ഥാന നഗരത്തിലേക്കു യാത്രചെയ്യാനാകും.ഹൈപ്പര്‍ ലൂപ്പിന്റെ മാതൃക കാണാന്‍ നൂറുകണക്കിനാളുകള്‍ സിറ്റി വാക്കില്‍ എത്തി. സാമൂഹിക മാധ്യമങ്ങളില്‍ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു

ചെറിയ യാത്രകള്‍ക്കുള്ള സ്വയംനിയന്ത്രിത വാഹനമായ ഓട്ടോണമസ് പോഡുകള്‍, ഹൈ ഫ്രീക്വന്‍സി എക്‌സ്പ്രസ് ബസുകള്‍ തുടങ്ങിയവയും ഇന്നവേഷന്‍ വാരാചരണത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 2030 ആകുമ്പോഴേക്കും ദുബൈയില്‍ ആകെയുള്ളതില്‍ 25 ശതമാനം ഡ്രൈവറില്ലാ വാഹനങ്ങളായിരിക്കും.

 

 

 

 

 

 

---- facebook comment plugin here -----

Latest