Connect with us

Gulf

ഖത്വർ എയർവേയ്സ് പ്രഥമ എ 350-1000 വിമാനം ഖത്വറിലെത്തി

Published

|

Last Updated

ദോഹ: സഊദി സഖ്യരാജ്യങ്ങള്‍ അടിച്ചേല്‍പ്പിച്ച ഉപരോധം ചെറുത്തു നില്‍ക്കുന്നതിനിടെയിലും വ്യോമയാന മേഖലയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഖത്വര്‍. രണ്ട് എഞ്ചിന് ഘടിപ്പിച്ച ഏറ്റഴും വലിയ യാത്രാ വിമാനമായ എ 350-1000 വിമാനം ദോഹയുടെ മണ്ണുതൊട്ടതോടെയാണ് വ്യോമയാന രംഗത്ത് ഖത്വര്‍ ചരിത്ര നേട്ടം കുറിച്ചത്. ഒപ്പം എയര്‍ബസിന്റെ എ350-1000 ശ്രേണിയില്‍ പെട്ട ആദ്യ വിമാനം സ്വന്തമാക്കി ഖത്വറും ഖത്വര്‍ എയര്‍ബസും പുതിയ ചരിത്രം രചിക്കുകയായിരുന്നു.
ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത എയര്‍ബസിന്റെ ഏറ്റവും വലിയ ആഖാസയാനമായ പ്രഥമ എയര്‍ബസ് എ 350 1000 കഴിഞ്ഞദിവസമാണ് ഫ്രാന്‍സിലെ ടുളൂസിലെ എയര്‍ബസ് ഡെലിവറി സെന്ററില്‍വെച്ച് ഖത്വര്‍ എയര്‍വേയ്‌സ് ഏറ്റുവാങ്ങിയത്. ദോഹ-ലണ്ടന്‍ സെക്ട്‌റില്‍ ആദ്യ സര്‍വീസ് നടത്തുന്ന എ 350-1000 വിമാനം ദോഹയില്‍ ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കുമുകളിലൂടെ ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ബാകിര്‍, എയര്‍ബസ് വൈസ് പ്രസിഡന്റ് ഡേവിഡ് ഡ്യൂഫ്രനോയ്‌സ്, റോള്‍സ് റോയ്‌സ് മിഡില്‍ ഈസ്റ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ കെല്ലി തുടങ്ങി നിരവധി ഉന്നത വ്യക്തികളെയും വഹിച്ച് പുതിയ ചരിത്രം തീര്‍ത്താണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ തൊട്ടത്.
ജലപീരങ്കിയുടെ അകമ്പടിയോടെ വന്‍ സ്വീകരണമൊരുക്കിയാണ് ദോഹ ഖത്വറിന്റെ സ്വപ്‌നയാനത്തെ വരവേറ്റത്. മറ്റു വിമാനങ്ങളേക്കാള്‍ 25 ശതമാനം അധികം ഇന്ധനക്ഷമത, തുടര്‍ച്ചയായി 20 മണിക്കൂറും 8000 നോട്ടിക്കല്‍ മൈലും പറക്കാനുള്ള ശേഷി, റോള്‍സ് റോയ്‌സ് ട്രെന്‍ഡ് എക്‌സ് ഡബ്ല്യൂ ബി തരത്തില്‍ പെട്ട ശക്തിയേറിയ ഇരട്ട എഞ്ചിന്‍, ആറ് വീലുകളുള്ള ലാന്‍ഡിംഗ് ഗിയര്‍, സീറ്റുകളുടെ വിശാലത, ഇക്കണോമി, ബിസിനസ് ക്ലാസുകള്‍ക്കിടയിലെ പ്രീമിയം ഇക്കണോമി വിഭാഗം സീറ്റുകള്‍, വൈഫൈ കണക്ടിവിറ്റി തുടങ്ങി നിരവധി സവിശേഷതകളാണ് പുതിയ വിമാനത്തിനുള്ളത്. ഖത്തര്‍ എയര്‍വേയ്‌സിന്റെ നൂതന സംരംഭമായ ക്യു സ്യൂട്ട് ബിസിനസ് ക്ലാസ് ആണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. 46 ക്യൂ സ്യൂട്ട് ബിസിനസ് ക്ലാസുകളാണുള്ളത്.പതിവ് വിമാനയാത്രയുടെ രീതിയെ തന്നെ മാറ്റി മറിക്കുന്ന വിസ്മയ ആകാശയാനമായ ക്യൂ സ്യൂട്ട് ഖത്വര്‍ എയര്‍വേയ്‌സിനു വേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ്. ബിസിനസ് ക്ലാസില്‍ ആദ്യമായി “ഡബിള്‍ ബെഡ്” സൗകര്യം ലഭ്യമാകുന്നുവെന്നതാണ് ക്യുസ്യൂട്ടിന്റെ പ്രധാന പ്രത്യേകത. കഴിഞ്ഞ വര്‍ഷമാണ് എയര്‍ബസില്‍ നിന്നും 37 എ350-1000 വിമാനം മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ യാത്രാവിമാന കമ്പനിയായ ഖത്വര്‍ എയര്‍വേയ്‌സ് ഓര്‍ഡര്‍ ചെയ്തത്.
42 എയര്‍ബസ് എ 350-1000 വിമാനങ്ങളിലെ ആദ്യ വിമാനമാണ് ഖത്തര്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും കുറഞ്ഞ വയസ്സ് മാത്രമുള്ള തങ്ങളെ സംബന്ധിച്ചിടത്തോളം ഇതു മഹത്തായ നേട്ടമാണെന്നും ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു.