ഇടതു- മതനിരപേക്ഷ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തണമെന്ന് വിഎസ്

Posted on: February 22, 2018 11:05 am | Last updated: February 22, 2018 at 1:45 pm

തൃശൂര്‍: നവലിബറല്‍ നയങ്ങളും ഫാസിസ്റ്റ് പ്രവണതകളും രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇടതുപക്ഷ- മതനിരപേക്ഷ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ടു പോകേണ്ടതുണ്ടെന്നും മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍. തൃശ്ശൂരില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തിയതിന് ശേഷം സാംസാരിക്കുകയായിരുന്നു വിഎസ്.

രാവിലെ പത്തിന് റീജനല്‍ തിയേറ്ററിലായിരുന്നു പതാക ഉയര്‍ത്തല്‍. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം സംഘടനാ റിപ്പോര്‍ട്ടും രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിക്കും. വൈകിട്ട് ജില്ല തിരിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ച. നാളെയും മറ്റന്നാളും പൊതുചര്‍ച്ച. ശനിയാഴ്ച മറുപടി.

ഇന്നലെ, സംസ്ഥാനത്തെ 577 രക്തസാക്ഷി കുടീരങ്ങളില്‍ നിന്ന് തെളിയിച്ച ദീപശിഖകള്‍ തൃശൂരിലെ പൊതുസമ്മേളന വേദിയായ തേക്കിന്‍കാട് മൈതാനത്ത് സംഗമിച്ചു. തുടര്‍ന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പൊതു സമ്മേളന നഗരിയിലെ ദീപശിഖയില്‍ ജ്വാല തെളിയിച്ചു.
ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തില്‍ വയലാറില്‍ നിന്ന് കൊണ്ടുവന്ന കൊടിമരവും എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ കയ്യൂരില്‍നിന്ന് കൊണ്ടുവന്ന പതാകയുമാണ് തേക്കിന്‍കാട് മൈതാനിയിലെ തെക്കേഗോപുരനടയിലെ കെ കെ മാമക്കുട്ടി നഗറില്‍ എത്തിച്ചത്. ആനത്തലവട്ടം ആനന്ദനില്‍ നിന്ന് കൊടിമരം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍ ഏറ്റുവാങ്ങി പൊതുസമ്മേളന നഗരിയില്‍ സ്ഥാപിച്ചു. എം വി ഗോവിന്ദനില്‍ നിന്ന് ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ പതാക ഏറ്റുവാങ്ങി. തുടര്‍ന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ബേബിജോണ്‍ ചുവന്ന പതാക ഉയര്‍ത്തി.