Connect with us

Kerala

സഊദിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ മലയാളികളെ തേടി ഈജിപ്ത് പൗരന്‍ കൊല്ലത്ത്

Published

|

Last Updated

ഹസാം മുഹമ്മദ്‌

കൊല്ലം: സഊദി അറേബ്യയില്‍ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി കേരളത്തിലേക്ക് മുങ്ങിയ മൂന്ന് പേരെ തേടി ഈജിപ്ഷ്യന്‍ സ്വദേശി കൊല്ലത്ത്. സഊദിയിലെ അബുയാസിര്‍ എന്ന സ്ഥാപനത്തിലെ എക്സിക്യൂട്ടീവായ ഹസാം മുഹമ്മദാണ് തട്ടിപ്പിനിരയായത്. കരുനാഗപ്പള്ളി തൊടിയൂര്‍ നോര്‍ത്ത് തൈക്കൂട്ടത്തില്‍ തെക്കേതില്‍ ഇര്‍ശാദ്, പങ്കുകച്ചവടക്കാരായ തിരുവനന്തപുരം സ്വദേശികളായ ഷിബു, സിറാജുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ കബളിപ്പിച്ചത്. ഇവര്‍ ഹസാമിന്റെ പക്കല്‍ നിന്ന് ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങുകയും തുകയായ 48.87 ലക്ഷം രൂപക്ക് സമാനമായ റിയാല്‍ കഴിഞ്ഞ ഒക്ടോബറില്‍ തിരിച്ചു നല്‍കാമെന്ന് രേഖാമൂലം എഴുതി നല്‍കിയ ശേഷം കള്ള പാസ്പോര്‍ട്ടില്‍ നാട്ടിലേക്ക് കടക്കുകയായിരുന്നുവെന്നും ഹസാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തട്ടിപ്പ് നടത്തിയവരുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും ഹസാമിന്റെ പക്കലുണ്ട്. സാധനങ്ങള്‍ വിറ്റ പണവുമായി കടന്ന ഇര്‍ശാദിന്റെ കരുനാഗപ്പള്ളിയിലെ വീട്ടിലും ഷിബുവിന്റെ വീട്ടിലും നേരിട്ടെത്തി ഹസാം പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാമെന്ന് പറയുന്നതല്ലാതെ നടപടിയുണ്ടായില്ല.

ഈ മാസം നാലിന് സഊദിയില്‍ നിന്നെത്തിയ ഹസാം, പണം ലഭിക്കുമെന്ന പ്രതീക്ഷയോടെ കൊല്ലത്തെ ഹോട്ടലില്‍ താമസിക്കുകയാണ്. ഇര്‍ശാദിന്റെയും ഷിബുവിന്റെയും പേരില്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി കരുനാഗപ്പള്ളി സി ഐക്ക് കൈമാറിയെങ്കിലും പല കേന്ദ്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദം മൂലം തുടര്‍ നടപടികളുണ്ടായില്ല. സിറാജുദ്ദീനും ഷിബുവിനുമെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഹസാം പറഞ്ഞു. പോലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും കോടതിയെ സമീപിക്കാനുമുള്ള നിര്‍ദേശമാണ് ലഭിച്ചത്.
പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹസാമിന്റെ ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും പാസ്പോര്‍ട്ട് സ്പോണ്‍സര്‍ പിടിച്ചുവെച്ചിരിക്കുകയാണ്.

മലയാളികളില്‍ നിന്ന് പണം ലഭിച്ചിട്ടും കൈമാറാതിരിക്കുകയാണെന്നാണ് സ്‌പോണ്‍സര്‍ കരുതുന്നത്. ഇതിനാല്‍ സഊദിയില്‍ തിരികെയെത്തിയാല്‍ ജയില്‍വാസം അനുഭവിക്കേണ്ടി വരും. ഇത്രയും വലിയ തുക തനിക്ക് കണ്ടെത്താന്‍ കഴിയില്ല. നാട്ടിലെത്തി സ്ഥലം വിറ്റ ശേഷം പണം നല്‍കാമെന്ന് ഷിബു പറഞ്ഞിരുന്നെങ്കിലും ഇത് സഊദിയില്‍ നിന്ന് കടക്കാനുള്ള മാര്‍ഗം മാത്രമായിരുന്നു. അതേസമയം തട്ടിപ്പു നടത്തിയവര്‍ നാട്ടിലെത്തി പുതിയ കാറും ബൈക്കുമൊക്കെ വാങ്ങി ആഡംബര ജീവിതം നയിക്കുകയാണെന്നും ഹസാം ആരോപിച്ചു.

---- facebook comment plugin here -----

Latest