ശുഐബ് വധം: പോലിസ് അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും

Posted on: February 21, 2018 7:20 pm | Last updated: February 21, 2018 at 9:49 pm

കണ്ണൂര്‍:യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും സുന്നി പ്രവര്‍ത്തകനുമായ എടയന്നൂരിലെ എസ് പി ശുഐബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കും പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്കുമായുളള അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ശുഐബിനെ കൊലപ്പെടുത്താനെത്തിയ സംഘം സഞ്ചരിച്ച വാഗനര്‍ കാറും അക്രമികള്‍ കൃത്യം നടത്തിയ ശേഷം വഴിക്കുവച്ച് മാറിയ കാറും അന്വേഷണ സംഘം തിരിച്ചറഞ്ഞിരുന്നു. അക്രമിസംഘം വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷമാണ് ഫോര്‍ റജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ പതിച്ച് കാറില്‍ സഞ്ചരിച്ചതെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നത്.

പിടിയിലാകാനുള്ള മറ്റുള്ളവര്‍ക്ക് വേണ്ടി പോലിസ് കര്‍ണ്ണാടകയടക്കമുള്ള ഇതര സംസ്ഥാനങ്ങളിലേക്കും തിരച്ചില്‍ നടത്തുന്നുണ്ട്.കൊലപാാതകത്തില്‍ നേരിട്ടു പങ്കെടുത്തവരെയും ഗൂഡാലോചന,പ്രതികളെ ഒളിവില്‍ താമസിപ്പിച്ചവര്‍ എന്നിവരെയെല്ലാം കണ്ടെത്തുന്നതിനാണ് തിരച്ചില്‍ ശക്തമാക്കിയിട്ടുള്ളത്. മട്ടന്നൂര്‍, എടയന്നൂര്‍, തില്ലങ്കേരി മേഖലകളില്‍ നിന്നുള്ളവരാണ് ഇനി പിടിയിലാകാനുള്ളതെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഇവര്‍ ഒളിവിലാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തിയിട്ടുണ്ട്. റെയ്ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഐജി മുന്നറിയിപ്പ് നല്കി.