ആകാശ് സിപിഎമ്മുകാരനെന്ന് സ്ഥിരീകരിച്ച് ജയരാജന്‍; സമാധാന യോഗം ബഹിഷ്‌കരിച്ചത് യുഡിഎഫിന്റെ നാടകം

Posted on: February 21, 2018 2:01 pm | Last updated: February 21, 2018 at 7:40 pm

കണ്ണൂര്‍: മന്ത്രി എകെ ബാലന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം ബഹിഷ്‌കരിച്ചത് യുഡിഎഫിന്റെ നാടകമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. യോഗം ബഹിഷ്‌കരിച്ച നടപടിയെ അപലപിക്കുന്നു. നാട്ടില്‍ സമാധാനം പുലരുന്നതിന് കോണ്‍ഗ്രസിന് പ്രതിബദ്ധതയില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവുണ്ടെങ്കില്‍ നല്‍കണമെന്നും ജയരാജന്‍ പറഞ്ഞു.

ശുഐബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ല. ആകാശിന് കൃത്യത്തില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിയെടുക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വകക്ഷി യോഗത്തില്‍ എംഎല്‍എമാരെ വിളിച്ചില്ലെന്നും വേദിയില്‍ കെ കെ രാഗേഷ് എംപിയെ ഇരുത്തിയ നടപടി ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് സമാധാന യോഗം ബഹിഷ്‌കരിച്ചത്.