കുട്ടികളെ പേടിക്കുന്ന അധ്യാപകര്‍

  വിദ്യാര്‍ഥി പറഞ്ഞത് മാത്രം വിശ്വസിച്ച് ചൈല്‍ഡ് ലൈന്‍ കേസെടുക്കുകയും സമൂഹത്തില്‍ അപമാനിതനായും ജയില്‍ ജീവിതം നയിക്കേണ്ടിവരികയും ചെയ്ത എത്രയോ അധ്യാപകരുണ്ട്. അവരില്‍ പലരും നിരപരാധികളായിരുന്നു. കുട്ടികള്‍ക്കിടയില്‍ ഉണ്ടായിരുന്ന അധ്യാപകരുടെ പഴയ തലയെടുപ്പ് മാഞ്ഞുതുടങ്ങുന്നു. അവര്‍ കുട്ടികളെ ഭയന്ന് തുടങ്ങിയിരിക്കുന്നു. തെറ്റിലേക്ക് വഴുതിവീഴുന്ന കുട്ടികളെ ഒന്ന് ശാസിക്കാന്‍ പോലും അവര്‍ക്കധികാരമില്ലാതായിരിക്കുന്നു.    
Posted on: February 21, 2018 6:31 am | Last updated: February 20, 2018 at 11:33 pm

അഷ്ടമുടി സ്‌കൂളിന്റെ ഗേറ്റ് കടന്ന് ഞങ്ങളുടെ പ്രിയപ്പെട്ട ശ്രീദേവി ടീച്ചര്‍ ഇനി വരില്ല. സ്‌നേഹാര്‍ദ്രമായ ആ വിളി ഇനി ഞങ്ങള്‍ കേള്‍ക്കില്ല. കര്‍മ്മങ്ങളെല്ലാം ബാക്കിവെച്ച് മരണത്തിന്റെ ഇരുളിലേക്ക് ഒരു നിശ്ശബ്ദതയോടെ കൊഴിഞ്ഞുവീണ ഞങ്ങളുടെ പ്രിയ ടീച്ചര്‍, വാക്കുകള്‍ക്കിടയില്‍ ടീച്ചര്‍ ഒളിപ്പിച്ചു വെച്ച സാന്ദ്രമൗനങ്ങളുടെ നീറ്റലുകള്‍ ബാക്കി വെച്ചത് എന്തായിരുന്നു? ആ കണ്ണുകളില്‍ അനക്കമറ്റു കിടന്ന വിലാപം കേള്‍ക്കാന്‍, ഒരു വാക്ക് ഒരു വാക്ക് മതിയായിരുന്നു. ഞങ്ങള്‍ ചേര്‍ത്തുനിര്‍ത്തുമായിരുന്നില്ലേ.

ജോലിയിലും ജീവിതത്തിലുമൊക്കെ എന്തിനായിരുന്നു ഇത്രയധികം ഉത്കണ്ഠ കാട്ടിയത്? ഒരച്ഛന്റെയും രണ്ട് കുഞ്ഞുങ്ങളുടേയും കണ്ണീരില്‍ നനയുന്ന ഓര്‍മകളെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കില്‍. ഉള്ളില്‍ എരിഞ്ഞ നെരിപ്പോടില്‍ സ്വയം ഒടുങ്ങിയതെന്തിനു വേണ്ടിയായിരുന്നു. ഞങ്ങളെയൊക്കെ അസ്വസ്ഥതകളിലേക്ക് തള്ളിയിട്ടിട്ട് ടീച്ചര്‍ തനിയെ… ഓര്‍മകളുടെ കറുകത്തുമ്പില്‍ കണ്ണീര്‍ത്തുള്ളിയായി വന്നു നിറയുന്ന എന്റെ പ്രിയപ്പെട്ട ടീച്ചര്‍..

അഷ്ടമുടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ എസ് ശ്രീദേവി ജീവനൊടുക്കിയതിന്റ വേദനയില്‍ ഉഷ എസ് എന്ന സഹപ്രവര്‍ത്തക ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണിത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ക്ലാസിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലുണ്ടായ സംഭവ വികാസങ്ങളാണ് അധ്യാപികയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

മക്കളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ഈ കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ടീച്ചറെ ഒരു ദിവസം പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചിരുന്നു. ഇതിന്റെ മനോവേദനയിലാണ് പ്രിന്‍സിപ്പല്‍ ജീവനൊടുക്കിയതെന്നാണ് മറ്റൊരു വാദം. അതേസമയം യഥാര്‍ഥ കാരണമെ ന്തെന്ന് ആര്‍ക്കും അറിവായിട്ടില്ല എന്ന രീതിയിലുള്ള മറുപടികളുമായി പൊതുവിദ്യാഭ്യാസ സംരക്ഷണവാഹകരെന്ന് അവകാശപ്പെടുന്ന അധ്യാപകരും പ്രചരിപ്പിക്കുന്നുണ്ട്. ഏതായാലും ആ വിവാദം ഈ കുറിപ്പിന് ഉദ്ദേശ്യമില്ല.

നമ്മുടെ വിദ്യാലയങ്ങളുടെ അകത്തും പുറത്തും നടക്കുന്ന ധാര്‍മിക അധഃപതനത്തിന്റെയും മൂല്യച്യുതിയുടെയും പശ്ചാത്തലത്തില്‍ കാലങ്ങളായി അധ്യാപക സമൂഹം നേരിടുന്ന ആത്മാഭിമാന ക്ഷതത്തിന് അറുതിവരുത്താന്‍ ഇനി പരിഷ്‌കരണങ്ങളുണ്ടാകുമോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കുട്ടികളെ പ്രസവിച്ചവരേക്കാള്‍ ബഹുമാനിക്കേണ്ടവരാണ് അവരെ വിദ്യഅഭ്യസിപ്പിക്കുന്ന അധ്യാപകര്‍, രക്ഷിതാക്കള്‍ അവര്‍ക്ക് ജന്മം നല്‍കിയവരാണെങ്കില്‍ ജീവിതത്തിന്റെ കല അവരെ പഠിപ്പിക്കുന്നവരാണ് അധ്യാപകര്‍ എന്നാണ് അരിസ്‌റ്റോട്ടില്‍ പറഞ്ഞത്. നിര്‍ഭാഗ്യവശാല്‍ അത്തരം വാഴ്ത്തപ്പെട്ട സ്ഥാനത്തു നിന്നെല്ലാം ചവിട്ടിയിറക്കിയ അധ്യാപകരാണ് ഇന്നത്തെ കാലത്ത് ജീവിക്കുന്നത്. കുറഞ്ഞ പക്ഷം നിലവില്‍ അധ്യാപക ജോലിയിലുള്ളവരെങ്കിലും അതംഗീകരിക്കും. പുതിയ രീതി ശാസ്ത്രങ്ങളുടെയും സിദ്ധാന്തങ്ങളുടെയും വാക്താക്കള്‍ ചിലപ്പോള്‍ ഈ മൂല്യങ്ങള്‍ക്ക് വില്‍കല്‍പ്പിച്ചോളണം എന്നില്ല. അത്തരം മൂല്യങ്ങള്‍ കാലഹരണപ്പെട്ടെന്ന് ചെറുതായെങ്കിലും വിശ്വസിക്കുന്ന കാലത്താണ് നാമിപ്പോഴുള്ളത്.

കുട്ടികളെ പേടിച്ച് ക്ലാസില്‍ പോകേണ്ട സ്ഥിതി, എന്ത് തോന്നിവാസം ചെയ്താലും മിണ്ടാതിരിക്കല്‍, കുട്ടികളില്‍ എന്ത് പ്രശ്‌നം കണ്ടാലും കണ്ട ഭാവം നടിക്കാതെ, ഒരു പ്രശ്‌നത്തിലും ഇടപെടാതെ സ്വന്തം തടികാത്ത്, കിട്ടുന്ന ശമ്പളവും വാങ്ങി , ഏല്‍പ്പിച്ച ജോലി മാത്രം ചെയ്ത്, പാഠഭാഗങ്ങള്‍ അവതരിപ്പിച്ചും ഉച്ചക്കഞ്ഞിയുടെയും യൂനിഫോമിന്റെയും പുസ്തകങ്ങളുടെയും കണക്കെഴുതി സൂക്ഷിച്ചും കൃത്യനിര്‍വഹണം നിര്‍വഹിക്കുന്ന അവസ്ഥയിലേക്ക് നമ്മുടെ അധ്യാപക സമൂഹം മാറിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതല്ലേ?

പഠിപ്പിക്കാന്‍ ക്ലാസിലെത്തുന്ന അധ്യാപകരോട് അവരുടെ ആത്മാഭിമാനത്തെപ്പോലും തകര്‍ക്കുന്ന തരത്തില്‍ വളരെ മോശമായി പെരുമാറുന്ന കുട്ടികള്‍ നമ്മുടെ ക്ലാസ് മുറികളിലില്ലേ? ഇതെഴുതുമ്പോള്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നും വന്നൊരു വാര്‍ത്ത ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ഡഗ്ലസ് സ്‌കൂളിലെത്തിയ പൂര്‍വ വിദ്യാര്‍ഥിയുടെ വെടിവെപ്പില്‍ അധ്യാപകരും കുട്ടികളുമടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കയില്‍ അടുത്ത കാലത്തായി സ്‌കൂളില്‍ വന്ന് വെടിവെച്ച് കൊല്ലുന്ന കുട്ടി ക്രിമിനലുകളാണ് വര്‍ധിച്ചുവരുന്നത്. ഇവിടെ അത് സംഭവിക്കില്ല എന്ന ആശ്വാസത്തിലാണ് നാം കഴിയുന്നത്. അതേസമയം അമേരിക്കയും യൂറോപ്പും നടത്തുന്ന വിദ്യാഭ്യാസ പരിഷ്‌കരണമാണ് ലോകോത്തരമെന്ന് വാദിക്കുകയും അതിവിടെ നടപ്പിലാക്കാനുമാണ് ഇവിടുത്തെ വിദ്യാഭ്യാസ വിചക്ഷണര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാഠ്യപദ്ധതിയും വിദ്യാര്‍ഥിയുടെ മൂല്യബോധവും തമ്മില്‍ പരോക്ഷമായെങ്കിലും ബന്ധമുള്ളതാണ്. വെടിവെച്ചിടുന്ന ക്ലാസ് മുറിയായി മാറിയില്ലെങ്കിലും വിദ്യാര്‍ഥികള്‍ ക്ലാസ് മുറി, കള്ളുഷാപ്പാക്കി മാറ്റുന്ന ഒറ്റപ്പെട്ട സംഭവം ഇവിടെയും നടക്കുന്നുണ്ടെന്ന കാര്യം പറയാതിരിക്കാനാവില്ല.

ഈയിടെ ഒരു അധ്യാപിക ക്ലാസ് അനുഭവത്തെ കുറിച്ച് പറഞ്ഞതിങ്ങനെ. രാവിലെ ക്ലാസിലെത്തിയപ്പോള്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുടെ കമന്റ്… ‘ഓ എവള് ഇന്നും രാവിലെ തന്നെ അണിഞ്ഞൊരുങ്ങി കേറി വന്നോ…’ തന്നെ പഠിപ്പിക്കുന്ന അധ്യാപികയെ കുറിച്ച് കുട്ടികള്‍ക്കുള്ള മതിപ്പാണിത്. അത്തരം കുട്ടികള്‍ക്ക് മുമ്പിലാണ് കേട്ടാലും കേള്‍ക്കാത്ത ഭാവം നടിച്ച്, ഉള്ളുലഞ്ഞ്, ഉള്ളിലെ വേദന കാണിക്കാതെ യാന്ത്രികമായി പാഠഭാഗങ്ങള്‍ അവതരിപ്പിക്കാന്‍, പാഠ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ അധ്യാപികമാര്‍ നിര്‍ബന്ധിതരാകുന്നത്.

അധ്യാപകരെ ഇരട്ടപേരിട്ട് വിളിക്കുക, അവരെ പ്രതികളായി കാണുക, അവരോട് ലൈംഗിക ചുവയോടെയുള്ള ചേഷ്ടകള്‍ കാണിക്കുക എന്നിവ സ്‌കൂള്‍ അന്തരീക്ഷത്തില്‍ സ്വാഭാവികം. എന്ത് ചെയ്താലും തങ്ങളുടെ മക്കള്‍ അങ്ങനെ ചെയ്തില്ലെന്നും പറഞ്ഞ് കുട്ടിയെ ഒരു വശത്ത് ന്യായീകരിക്കുകയും വാദിയെ പ്രതിയാക്കുകയും ചെയ്യുന്ന എത്രയെത്ര രക്ഷിതാക്കളുണ്ട്? അധ്യാപികയെ പ്രണയിക്കുന്ന വിദ്യാര്‍ഥിയെ അവതരിപ്പിക്കുന്ന ചലചിത്ര കലാരൂപങ്ങളും അധ്യാപകരോട് തട്ടിക്കയറി ഡയലോഗ് അടിക്കുന്ന വിദ്യാര്‍ഥിയുടെ ഹീറോ പരിവേഷവും വിറ്റഴിക്കുന്ന ചലചിത്രങ്ങളും സാഹിത്യങ്ങളും കലകളും പ്രചരിപ്പിക്കുന്ന സമൂഹത്തില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷേക്കണ്ടതില്ല.

ബെന്‍സി ജോണ്‍എന്ന അധ്യാപകന്‍ ഈയിടെ പങ്കുവെച്ചതിങ്ങനെ. ബാത്‌റൂമില്‍ പുകവലിച്ച ഗ്രൂപ്പിനെ പ്രധാനാധ്യാപകന്റെ മുറിയില്‍ വിളിപ്പിച്ചു, രക്ഷാകര്‍ത്താക്കളെയും. ഒരു പയ്യന്‍ ഞാന്‍ വലിച്ചില്ല എന്ന് അവകാശപ്പെട്ടു. നീ കൂട്ടത്തിലുണ്ടായിരുന്നല്ലോ, നീയും വലിച്ചില്ലേ എന്ന ചോദ്യത്തിന് പ്രധാനാധ്യാപകന്റെ മുറിയിലുണ്ടായിരുന്ന രണ്ടു കസേര പയ്യന്‍ എടുത്ത് നിലത്തടിച്ചു പൊട്ടിച്ചു. അവസാനം അവന്‍ വലിച്ചില്ല എന്ന അവന്റെ അവകാശവാദം സമ്മതിച്ച് വിട്ടു. വേറെന്ത് ചെയ്യും? ഇത്തരത്തിലുള്ള നിരവധി സാഹചര്യങ്ങളിലൊക്കെ എന്ത് ചെയ്യണമെന്നതൊന്നും ഒരു അധ്യാപക പരിശീലന കോളജുകളിലും പഠിപ്പിക്കുന്നില്ല.

ഇത്തരം സാഹചര്യങ്ങളില്‍ അധ്യാപകര്‍ എന്താണ് ചെയ്യേണ്ടത്? തന്റെ മക്കളെ നല്ലവണ്ണം തല്ലിക്കോളൂ.. ഞങ്ങള്‍ക്ക് പ്രശ്‌നമല്ല എന്നൊക്കെ പറയുന്ന രക്ഷിതാക്കള്‍ ചിലരുണ്ട്. അധ്യാപകര്‍ മാത്രം തല്ലിയാല്‍ എല്ലാം ശരിയാകുമെന്ന ധാരണ ശരിയാണോ? അതേസമയം ചില അവസരങ്ങളില്‍ തല്ല് നല്‍കേണ്ടി വരാറുണ്ടോയെന്ന് രക്ഷിതാക്കള്‍ സ്വയം ആലോചിക്കുക. തല്ലിനോ ശകാരത്തിനോ വേണ്ടി വാദിക്കുകയോ അതിനെ വെള്ളപൂശുകയോ അല്ല. കായികമായി ശിക്ഷിക്കല്‍ വിദ്യാഭ്യാസ അവകാശനിയമ പ്രകാരം കുറ്റവുമാണ്. ശകാരിക്കാനും പാടില്ലെന്നാണ് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നത്.

പക്ഷേ, കാര്യങ്ങള്‍ ചോദിക്കാനോ, രക്ഷിതാക്കളെ അറിയിക്കാനോ ശ്രമിച്ചാല്‍ അധ്യാപകര്‍ പ്രതിസ്ഥാനത്താവുന്ന അവസ്ഥയാണിപ്പോഴുള്ളത്. പീഡനമെന്ന പേരില്‍ ചൈല്‍ഡ് ലൈനിന്റെ മുമ്പില്‍ വിദ്യാര്‍ഥി പറഞ്ഞത് മാത്രം വിശ്വസിച്ച് കേസെടുക്കുകയും സമൂഹത്തില്‍ അപമാനിതനായും ജയില്‍ ജീവിതം നയിക്കേണ്ടിവരികയും ചെയ്ത എത്രയോ അധ്യാപകര്‍ ഈ സമൂഹത്തിലുണ്ട്. അവരില്‍ പലരും നിരപരാധികളായിരുന്നുവെന്നത് എവിടെയും ചര്‍ച്ച ചെയ്തില്ല. അവര്‍ക്ക് വേണ്ടി ആരും ശബ്ദിക്കാനുണ്ടായില്ല. കാരണം പരാതിക്കാര്‍ വിദ്യാര്‍ഥികളാണെന്നതിനാല്‍ നിയമത്തിന് മുമ്പില്‍ അവര്‍ പറയുന്നതിനാണ് കൂടുതല്‍ പരിഗണന. അധ്യാപികമാരുടെ ശരീരവര്‍ണനയും കമന്റുമൊക്കെ മുന്‍കാലങ്ങളിലും ഉണ്ടായിരുന്നെങ്കിലും അതിനെല്ലാം ഒരു രഹസ്യസ്വഭാവം സൂക്ഷിക്കാനുള്ള ഔചിത്യം കുട്ടികള്‍ കാട്ടിയിരുന്നു. ഇപ്പോള്‍ അത്തരം ഔചിത്യബോധമെല്ലാം അകലെയാണ്. അമ്മയോടും സഹോദരിയോടുമെന്നപോലെ അധ്യാപികയോടും പറയാവുന്നതും പെരുമാറാവുന്നതും എങ്ങനെയെന്ന ഒരു എത്തിക്‌സ് കുട്ടികള്‍ക്കുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ ഔചിത്യബോധം നഷ്ടപ്പെട്ട്‌കൊണ്ടിരിക്കുന്നോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

അധ്യാപികയോട് ആഭാസമായത് യാതൊരു മടിയുമില്ലാതെ പറയാനും അല്‍പം കൂടി കടന്ന്, പ്രവര്‍ത്തിക്കാനും മടിയില്ലാത്ത കുട്ടികള്‍ ക്ലാസിലുണ്ടാകുമ്പോള്‍ മറ്റു ഗ്രൂപ്പുകളിലേക്ക് വ്യാപിക്കുന്നതിലൂടെ സ്‌കൂളിന്റെ പഠനാന്തരീക്ഷമാണ് നഷ്ടപ്പെടുന്നത്. കുട്ടി തെറ്റുകാട്ടി പിടിക്കപ്പെട്ട് രക്ഷാകര്‍ത്താവിനെ അറിയിക്കുമ്പോള്‍ എന്റെ മകന്‍/മകള്‍ അങ്ങനെ ചെയ്യില്ല എന്ന് അധ്യാപകരുടെ മുന്നില്‍ മക്കള്‍ക്ക് വക്കാലത്ത് നില്‍ക്കുന്ന രക്ഷിതാക്കള്‍ നിരവധിയാണ്. തങ്ങളുടെ കുട്ടി പറയുന്നത് മാത്രം ശരിയെന്ന് ധരിക്കുകയും അധ്യാപകരെ വിശ്വാസത്തിലെടുക്കാതെ അവരുടെ മുമ്പില്‍ വെച്ച് അധ്യാപകരെ അപമാനിക്കുകയും ചെയ്യുമ്പോള്‍ പിന്നെ എങ്ങനെയാണ് അത്തരം കുട്ടികള്‍ അധ്യാപകര്‍ക്ക് വില കല്‍പ്പിക്കുക? താന്‍ ഒരു പരിഗണനയും നല്‍കാത്ത അധ്യാപകന്‍ പഠിപ്പിക്കുന്ന ക്ലാസില്‍ അവന്‍ എങ്ങനെ ഇരിക്കാന്‍ തയ്യാറാകും?

അച്ചടക്കത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കുട്ടികളോട് മുന്‍കൂറായി പറയുക, ക്ലാസ് മുറിയില്‍ അവ പ്രദര്‍ശിപ്പിക്കുക, തെറ്റു ചെയ്താല്‍ കുട്ടിയെ ഉപദേശിക്കുക, രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ പറയുക ഇതൊക്കെയാണ് ഇപ്പോള്‍ മിക്ക സ്ഥലങ്ങളിലും ചെയ്തുവരുന്നത്. എന്നാല്‍, ഇതില്‍ പലതിനും കുട്ടികള്‍ പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല. അധ്യാപകര്‍ ഇത്രയൊക്കെയേ ചെയ്യുകയുള്ളൂവെന്ന് കുട്ടികള്‍ക്കും അറിയാം. അതിനാല്‍ തന്നെ ശിക്ഷകള്‍ ഭയന്ന് അച്ചടക്കം പാലിക്കുമെന്ന് പ്രതീക്ഷിക്കുക വയ്യ. അധ്യാപകന്റെ വില കളഞ്ഞതില്‍ നമ്മുടെ നിയമസംവിധാനങ്ങള്‍ക്കും ബോധന രീതിക്കും പാഠ്യപദ്ധതിക്കുമെല്ലാം വ്യക്തമായ പങ്കുണ്ട്.

2007ല്‍ കേരളസര്‍ക്കാര്‍ പുറത്തിറക്കിയ കരിക്കുലം രേഖയില്‍ അധ്യാപകരെക്കുറിച്ച് പറയുന്നത് കാണുക. ‘ക്ലാസ് മുറികളില്‍ അധ്യാപകനെന്ന രക്ഷകന്റെ പിതൃക്രമാധിപത്യമാണ് നിലനിന്നിരുന്നത്. നിശ്ശബ്ദരാക്കപ്പെട്ട അടിമകളുടെ നിലയിലായിരുന്നു വിദ്യാര്‍ഥികള്‍. പുതിയ പാഠ്യപദ്ധതി അധ്യയനത്തെ അധ്യാപകരുടെ കൈകളില്‍നിന്ന് അടര്‍ത്തിമാറ്റി വിദ്യാര്‍ഥികളുടെ കൈകളില്‍ പ്രതിഷ്ഠിച്ചു.’ കരിക്കുലത്തില്‍ നിന്നും അധ്യാപകരെ മാറ്റിനിര്‍ത്തി. അച്ചടക്ക നടപടികളില്‍ നിന്ന് നിയമം അവരെ മാറ്റി നിര്‍ത്തി. അധ്യാപകന്റെ ആത്മാര്‍ഥമായ സേവനത്തെ പാടെ ഇല്ലാതാക്കുകയല്ലേ പുതിയ പരിഷ്‌കരണങ്ങള്‍? എഴുത്തുകാരനും അധ്യാപകനുമായ ജയചന്ദ്രന്‍ മൊകേരിയോട്, ഡല്‍ഹിയില്‍ അധ്യാപികയായി ജോലി ചെയ്യുന്ന സ്‌നേഹിത വേദനയോടെ പങ്കുവെച്ച അനുഭവം ഇങ്ങനെ: ‘മടുത്തു മാഷെ ഈ ജോലി. ഞാന്‍ അങ്ങേയറ്റം ആദരവോടെയും ഇഷ്ടത്തോടെയും തിരഞ്ഞെടുത്തതാണ് അധ്യപിക എന്ന ഈ തൊഴില്‍. ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന സ്‌കൂളില്‍ നരകം മണക്കുന്നു. ഒരു ഭാഗത്ത് ഞങ്ങളുടെ ഏത് കുറ്റവും കുറവും കണ്ടുപിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ രക്ഷിതാക്കളും കുട്ടികളും. മറുഭാഗത്ത് അവരെ പ്രീതിപ്പെടുത്താന്‍ അതേ ഭീകരഭാവം ഞങ്ങളോട് പുലര്‍ത്തുന്ന സ്‌കൂള്‍ മാനേജ്‌മെന്റും. സഹിക്കുന്നതിനും ഒരു പരിധിയില്ലേ? ഇതിന്നിടയിലും പാരപണിയുന്ന ചില സഹപ്രവര്‍ത്തകരുണ്ട്. അവരെ അധ്യാപകരെന്ന് വിളിക്കാനും വയ്യ. ചില ഇത്തിള്‍ക്കണ്ണികള്‍. എനിക്ക് മക്കളെ പോറ്റണ്ടേ . അതുകൊണ്ട് എല്ലാം സഹിക്കുന്നു. നിങ്ങള്‍ മറ്റൊരു രാജ്യത്ത് അനുഭവിച്ചത് ഇവിടെ ഞങ്ങളും അനുഭവിക്കുന്നു . ഒരു കാര്യം ഉറപ്പാണ്. എന്റെ മക്കളെ ഞാന്‍ ഒരിക്കലും ഈ ജോലിക്കയക്കില്ല!’
പല സ്‌കൂളുകളില്‍ നിന്നും പുറത്തുവരുന്നത് അത്ര വിശുദ്ധമായ കാര്യങ്ങളല്ല. സ്‌നേഹിത സൂചിപ്പിച്ചപോലെ, കുട്ടികള്‍ക്കിടയില്‍ ഉണ്ടായിരുന്ന അധ്യാപകരുടെ പഴയ തലയെടുപ്പ് മാഞ്ഞുതുടങ്ങുന്നു. അവര്‍ കുട്ടികളെ ഭയന്ന് തുടങ്ങിയിരിക്കുന്നു. തെറ്റിലേക്ക് വഴുതിവീഴുന്ന കുട്ടികളെ ഒന്ന് ശാസിക്കാന്‍ പോലും അവര്‍ക്കധികാരമില്ലാതായി. കാരൂര്‍ കഥയിലെ അധ്യാപകരല്ല ഇന്നുള്ളതെങ്കിലും അധ്യാപകരുടെ ശമ്പളത്തേക്കാള്‍ എന്നും മനസ്സില്‍ ബാക്കിനില്‍ക്കുന്നത് കുട്ടികള്‍ തന്ന സ്‌നേഹം തന്നെയാണ്. അതോടൊപ്പം സമൂഹത്തില്‍ അവര്‍ക്കുണ്ടായ പരിഗണനയാണ്. അതൊക്കെ നഷ്ടപ്പെട്ടാലും ആത്മാഭിമാനത്തോടെ ജോലി ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ ഭാവി തലമുറയുടെ ഭാവി എന്തായിരിക്കുമെന്നേ ചോദിക്കാനുള്ളൂ. പരിഷ്‌കണങ്ങളും കാലികമായ മാറ്റങ്ങളുമാവാം. അത് കുട്ടിയെ ഇല്ലാതാക്കുന്ന കുളിപ്പിക്കലായി മാറരുതെന്നേ അഭ്യര്‍ഥിക്കാനുള്ളൂ.