സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

Posted on: February 20, 2018 9:46 am | Last updated: February 20, 2018 at 1:59 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നടത്തിവന്നിരുന്ന അനിശ്ചിത കാല സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിച്ചത്.

തീരുമാനം മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണെന്നും സമരം മൂലം ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ട് മാനിക്കുന്നുവെന്നും ബസ് ഉടമകള്‍ പ്രതികരിച്ചു. ബസ് ഉടമകളുടെ ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല. ആവശ്യങ്ങളില്‍ പിന്നീട് ചര്‍ച്ചയാവാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടിയെന്നും ഉടമകള്‍ പറഞ്ഞു.

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു ബസ് ഉടമകള്‍ മുഖ്യമന്ത്രിപിണറായി വിജയനെ കണ്ടത്. സമരത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ ബസ് ഉടമകള്‍ക്ക് ഗതാഗത കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

അതിനിടെ സമരം തുടരുന്നതിനെക്കുറിച്ച് ബസ് ഉടമകള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ ചില സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങി. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജി 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകള്‍ സമരം തുടങ്ങിയത്.