കേരളം കൂടുതല്‍ ജലം നേടിയെടുക്കണം

Posted on: February 20, 2018 6:41 am | Last updated: February 20, 2018 at 11:37 am

കര്‍ണാടകയും തമിഴ്‌നാടും കാവേരി നദിയില്‍ നിന്നു അനുവദിച്ചുകിട്ടിയ ജലം പരമാവധി ഉപയോഗപ്പെടുത്തുകയും കുടുതല്‍ ജലം നേടിയെടുക്കുന്നതിന് തുടര്‍ച്ചയായി നിയമയുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമ്പോള്‍, അനുവദിച്ച ജലം പോലും ഉപയോഗിക്കാനാകാതെ നിസ്സംഗമായി നില്‍ക്കുകയാണ് കേരളം. ജനസാന്ദ്രത കൂടിയ കേരളത്തില്‍ കൃഷി ഭൂമികള്‍ ആപേക്ഷികമായി കുറവാണ്. അതേസമയം അട്ടപ്പാടി മേഖലയില്‍ കൃഷി ചെയ്യാതെ തരിശായിട്ടിരിക്കുന്ന പ്രദേശങ്ങള്‍ ധാരാളമുണ്ട്. കേരളത്തിലൂടെ ഒഴുകുന്ന കാവേരിയുടെ പോഷക നദികളെ ഉപയോഗപ്പെടുത്തിയാല്‍ ഇവ ഫലഭൂയിഷ്ടമാക്കാനും കാര്‍ഷികോത്പാദന മേഖലയില്‍ നേട്ടമുണ്ടാക്കാനുമാകും. കബനിയില്‍ നിന്ന് 21 ടി എം സിയും ഭവാനിയില്‍ നിന്ന് ആറ് ടി എം സിയും പാമ്പാറില്‍ നിന്ന് മൂന്ന് ടി എം സിയുമായി 30 ടി എം സി ജലം കാവേരി ട്രൈബ്യൂണലും സുപ്രീം കോടതിയും കേരളത്തിന് അനുവദിച്ചിട്ടുണ്ടെങ്കിലും അതിന്റെ പകുതി പോലും സംഭരിക്കാനുള്ള സംവിധാനം സംസ്ഥാത്ത് നിലവിലില്ല. കാരാപ്പുഴ പദ്ധതിക്കായി കബനിയില്‍ നിന്ന് 2.8 ടി എം സിയും ബാണാസുര പദ്ധതിക്ക് 0.85 ടി എം സിയും മാത്രമാണ് കേരളം വിനിയോഗിക്കുന്നത്.

കാവേരിയില്‍ നിന്ന് 30 ടി എം സിയേക്കാളും കൂടുതല്‍ ജലം അര്‍ഹിക്കുന്നുണ്ട് കേരളം. ഔദ്യോഗിക കണക്കുപ്രകാരം കബനിയില്‍ നിന്നുള്ള 96 ടി എം സി ഉള്‍പ്പെടെ 147 ടി എം സി ജലം കേരളത്തില്‍ നിന്ന് കാവേരിയില്‍ എത്തിച്ചേരുന്നുണ്ട്. വയനാടിന്റെ 76 ശതമാനവും കബനി നദിയുടെ വൃഷ്ടി പ്രദേശമാണ്. ഇതനുസരിച്ചു കേരളത്തിന് കൂടുതല്‍ വിഹിതം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടെങ്കിലും, അധികജലം ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹരജി സൂപ്രീം കോടതി നിരസിക്കുകയാണുണ്ടായത്. അതേസമയം വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ നിന്നുണ്ടായ ഉത്തരവില്‍ കര്‍ണാടകക്ക് 14.75 ടി എം സി ജലം അധികമായി അനുവദിക്കുകയും തമിഴ്‌നാടിന്റേത് 192 ടി എം സി ജലത്തില്‍ നിന്ന് 177.25 ടി എം സിയായി കുറക്കുകയും ചെയ്തു. ബെംഗളൂരു നഗരത്തിലെ വര്‍ധിച്ച ജലദൗര്‍ലഭ്യം കണക്കിലെടുത്താണ് കര്‍ണാടകയുടെ വിഹിതം വര്‍ധിപ്പിച്ചത്. കാവേരി ജലത്തിന്റെ പകുതിയിലേറെ തമിഴ്‌നാടിന് അനുവദിച്ചുകൊണ്ടുള്ള 2007 ഫെബ്രുവരിയിലെ ട്രൈബ്യൂണല്‍ വിധിക്കെതിരെ കര്‍ണാടകയും തമിഴ്‌നാടും കേരളവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ വിഹിതം 30 ടി എം സിയില്‍ നിന്ന് 99.8 ആയി വര്‍ധിപ്പിക്കണമെന്നായിരുന്നു കേരളത്തിന്റെ വാദം. എന്നാല്‍, കര്‍ണാടകയും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കത്തിനിടെ കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് കോടതികളില്‍ നിന്നു വലിയ പരിഗണന ലഭിക്കാറില്ല. അടുത്ത കാലം വരെയും ജലസമൃദ്ധമായിരുന്ന സംസ്ഥാനമായിരുന്നതു കൊണ്ടായിരിക്കാം അര്‍ഹതയുള്ള വിഹിതം ചോദിച്ചുവാങ്ങുന്നതില്‍ സര്‍ക്കാറുകള്‍ കാര്യമായ ശുഷ്‌കാന്തി കാണിക്കാറുമില്ല. സംസ്ഥാനത്തിന്റെ ജലസമൃദ്ധി നഷ്ടമായിക്കൊണ്ടിരിക്കെ അനുവദിച്ചു കിട്ടിയ ജലമെങ്കിലും ഉപയോഗപ്പെടുത്തേണ്ട അനിവാര്യതയിലാണ് സംസ്ഥാനം ഇപ്പോള്‍. കാവേരി ജലം ഫലപ്രദമായി വിനിയോഗിച്ചാല്‍ പുല്‍പ്പള്ളി, പൂതാടി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കൃഷിക്കും കുടിവെള്ളത്തിനും അനുഭവപ്പെടുന്ന ജലക്ഷാമത്തിന് പരിഹാരമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അനുവദിച്ച ജലം പോലും ഉപയോഗിക്കാത്തത് ഭാവിയില്‍ കേരളത്തിന് തിരിച്ചടിയാകുമെന്ന് ആശങ്കിക്കേണ്ടതുണ്ട്. തമിഴ്‌നാട് നേരത്തെ കോടതിയെ സമീപിച്ചത് കേരളത്തിന്റെ പിടിപ്പുകേട് ചൂണ്ടിക്കാട്ടിയാണെന്നത് ശ്രദ്ധേയമാണ്. ജയലളിതയുടെ ഭരണകാലത്ത് കൂടുതല്‍ ജലം അനുവദിക്കണമെന്ന ആവശ്യവുമായി കോടതി സമീപിച്ചപ്പോള്‍, അതിന് തമിഴ്‌നാട് ഉന്നയിച്ചിരുന്ന ന്യയീകരണം കേരളത്തിന് അനുവദിച്ച ജലം ഉപയോഗിക്കുന്നില്ല, അത് മിച്ചമായി കിടക്കുകയാണെന്നായിരുന്നു. മാത്രമല്ല, കൂടുതല്‍ ജലം ഉപയോഗപ്പെടുത്താനായി കേരളം ആവിഷ്‌കരിക്കുന്ന പദ്ധതികളെയെല്ലാം അവര്‍ തുരങ്കം വെക്കുകയുമാണ്. ഭവാനിയില്‍ നിന്ന് ലഭിക്കേണ്ട ആറ് ടി എം സി ജലം ഉപയോഗപ്പെടുത്താന്‍ കേരളം ആസൂത്രണം ചെയ്ത അട്ടപ്പാടി വാലി പദ്ധതി തമിഴ്‌നാടിന്റെ എതിര്‍പ്പ് മൂലമാണ് നടപ്പാകാതെ പോയത്. പദ്ധതിക്ക് പാരിസ്ഥിതി അനുമതി ലഭിച്ചിരുന്നതാണ്. തമിഴ്‌നാടിന്റെ വിയോജിപ്പ് കാരണം വനം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലക്കാനിടയാക്കിയത്. കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന അട്ടപ്പാടിയെ ഹരിതാഭമാക്കാന്‍ സഹായിക്കുന്നതായിരുന്നു ഈ പദ്ധതി.

മഴയുടെ ലഭ്യത കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാടിന് പിടിച്ചു നില്‍ക്കണമെങ്കില്‍ കാവേരിയില്‍ കൂടൂതല്‍ ജലം ലഭിക്കേണ്ടത് അനിവാര്യമായതിനാലാണ് അവര്‍ ഇക്കാര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുന്നത്. കേരളത്തിലും മഴയില്‍ അനുഭവപ്പെടുന്ന കുറവ് കാവേരിയില്‍ നിന്നുള്ള ജലലഭ്യതയുടെ അളവ് വര്‍ധിപ്പിക്കേണ്ട സാഹചര്യം സംജാതമാക്കിയിട്ടുണ്ട്. ട്രൈബ്യൂണല്‍ കേരളത്തിന് അനുവദിച്ച 30 ടി എം സി ജലത്തില്‍ സുപ്രീംകോടതി കുറവ് വരുത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ അട്ടപ്പാടി വാലി ഉള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ പാരിസ്ഥിതിക അനുമതിക്കായി നിയമനടപടികളിലേക്ക് നീങ്ങാന്‍ സംസ്ഥാനത്തിന് അവസരമുണ്ട്. ഭരണപരമായ നടപടി ക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നത് ഉള്‍പ്പെടെ സംസ്ഥാനം ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.