ഹജ്ജ്: കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം

Posted on: February 19, 2018 8:53 am | Last updated: February 19, 2018 at 9:14 am

ന്യൂഡല്‍ഹി: ഹജ്ജ് നയത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹരജിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അഞ്ചാം തവണ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് ഇളവ് അനുവദിക്കണമെന്ന കേരള ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും പുതിയ ഹജ്ജ് നയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കേരളമാണെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ന്യൂനപക്ഷ മന്ത്രാലയത്തിന് വേണ്ടി അണ്ടര്‍ സെക്രട്ടറി രവിചന്ദ്രയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്

കേരള ഹജ്ജ് കമ്മിറ്റി ഉന്നയിച്ച ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്കെല്ലാം തുല്യ അവസരം ലഭിക്കണമെന്നതാണ് ഹജ്ജ് നയത്തിന്റെ കാതലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. അഞ്ചാം തവണ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുന്ന വ്യവസ്ഥ ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. 2016ല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ അധികം വന്ന ക്വാട്ട 8,687 ആയിരുന്നു. ഇത് പൂര്‍ണമായും കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ചാം തവണ അപേക്ഷിച്ചവര്‍ക്കായി വീതിച്ചു നല്‍കേണ്ട അവസ്ഥയുണ്ടായി. 2017ല്‍ അധികം വന്ന 15,560 സീറ്റുകളില്‍ 4,686 സീറ്റുകള്‍ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കായി വീതിച്ചു നല്‍കാന്‍ സാധിച്ചത്. ഇത് എല്ലാവരോടും തുല്യത പുലര്‍ത്തണമെന്ന നയത്തിന് എതിരാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ഈ വര്‍ഷം 15,951 സീറ്റുകള്‍ അധികമായി വന്നു. അഞ്ചാം തവണ അപേക്ഷിച്ചവര്‍ക്ക് പ്രത്യേക ആനുകൂല്യം ഇല്ലാത്തതിനാല്‍ ഈ സീറ്റുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി വീതിച്ചു നല്‍കാന്‍ സാധിക്കും. നാലാം തവണയും അഞ്ചാം തവണയും അപേക്ഷിക്കുന്നവര്‍ക്ക് കൂടുതല്‍ സാധ്യതയുള്ളതിനാല്‍ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഈ വിഭാഗത്തില്‍ അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് ഹജ്ജിന് അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന മുന്‍ഗണന തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഹജ്ജ് നയം കേരളത്തിന് ഗുണം ചെയ്തതായും സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്ക് മെഹ്‌റം നിര്‍ബന്ധമാണെന്ന നിബന്ധന ഒഴിവാക്കിയതും ഗുണം ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ അഖിലേന്ത്യാ ക്വാട്ടയായ 1,25,000 വിവിധ സംസ്ഥാനങ്ങള്‍ക്കായി വീതിച്ച് നല്‍കി. ഹജ്ജിന് പോകാനുള്ളവരുടെ അപേക്ഷകള്‍ പരിഗണിച്ച് നറുക്കെടുപ്പ് പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ ഹജ്ജ് നയത്തില്‍ സുപ്രീം കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നാല് തവണ ഹജ്ജിന് പോകാന്‍ അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്തവരെ അഞ്ചാം തവണ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കിയ ഹജ്ജ് നയത്തിന്റെ കരടിലെ നിലപാടിനെ ചോദ്യം ചെയ്താണ് കേരള ഹജ്ജ് കമ്മിറ്റി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. പഴയ ഹജ്ജ് നയപ്രകാരം 65നും എഴുപതിനും ഇടയില്‍ പ്രായമുള്ളവര്‍ അഞ്ചാം തവണ അപേക്ഷിക്കുമ്പോള്‍ മുന്‍ഗണന നല്‍കിയിരുന്നു. ഈ വ്യവസ്ഥ പുനഃസ്ഥാപിക്കണമെന്നും അപേക്ഷകരുടെ എണ്ണം പരിഗണിച്ച് ക്വാട്ട നല്‍കണമെന്നുമായിരുന്നു കേരള ഹജ്ജ് കമ്മിറ്റി ഹരജയില്‍ ആവശ്യപ്പെട്ടത്.
കേരളത്തിലെ ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയില്‍ നിന്ന് മാറ്റി കരിപ്പൂര്‍ ആയി പുനഃസ്ഥാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയംമാറ്റിയത് കാരണം ഇക്കൊല്ലം അപേക്ഷകരുടെ കുറവുണ്ടെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹജ്ജ് കമ്മിറ്റി കോടതിയില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.

നാല് വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 13,311 ആയിരുന്നു. നയം മാറിയതോടെ ഇത്രയും പേര്‍ അഞ്ചാം വര്‍ഷം അപേക്ഷിച്ചില്ല. 11,050 പേര്‍ മാത്രമാണ് അതില്‍ ഈ വര്‍ഷം അപേക്ഷിച്ചവര്‍. ഇവരില്‍ 1,468 പേര്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ അഞ്ചാം തവണ അപേക്ഷിച്ച 9,682 പേര്‍ക്ക് അവസരം ലഭിച്ചില്ല. അഞ്ചാം തവണയും അപേക്ഷിച്ച 65 വയസ്സ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ തന്നെ അവസരം നല്‍കുന്നത് പരിഗണിക്കാമെന്ന് കേസ് ആദ്യം പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ച് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. കേസ് 19ന് വീണ്ടും പരിഗണിക്കും.