International
എഫ് ബി ഐയെ ആക്ഷേപിച്ച് ട്രംപിന്റെ ട്വീറ്റ്

വാഷിംഗ്ടണ്‍: ഫ്‌ളോറിഡയിലെ സ്‌കൂളില്‍ കൂട്ടക്കുരുതി നടക്കും മുമ്പ് ഇത് സംബന്ധിച്ച സൂചനകള്‍ അവഗണിച്ച എഫ് ബി ഐക്കെതിരെ കടുത്ത വിമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ട്രംപിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട റഷ്യന്‍ ഗൂഢാലോചന തെളിയിക്കാനാണ് എഫ് ബി ഐ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അത്തരത്തിലുള്ള യാതൊരു ഗൂഢാലോചനയുമില്ല. എഫ് ബി ഐ അടിസ്ഥാന ജോലികളിലേക്ക് തിരിച്ചെത്തി തങ്ങളുടെ എല്ലാം അഭിമാനം കാക്കണമെന്നും ട്വിറ്ററില്‍ തുടര്‍ന്ന് പറയുന്നുണ്ട്. പാര്‍ക് ലാന്‍ഡിലെ സ്‌കൂളില്‍ 15 വിദ്യാര്‍ഥികളേയും രണ്ട് അധ്യാപകരേയും വെടിവെച്ച് കൊലപ്പെടുത്തിയ നിക്കൊളാസ് ക്രസിനെ സംബന്ധിച്ച് വിവരങ്ങള്‍ നേരത്തെ കിട്ടിയിരുന്നുവെങ്കിലും തുടര്‍നടപടികളെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് എഫ് ബി ഐ സമ്മതിച്ചിരുന്നു.
തോക്ക് സംസ്‌കാരത്തിനെതിരെ നിയന്ത്രണം വേണമെന്ന ആവശ്യം 2012 മുതല്‍ തുടര്‍ന്ന് വരികയാണ്. തോക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമനിര്‍മാണം നടത്തണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് നാഷണല്‍ റൈഫിള്‍ അസോസിയേഷനില്‍നിന്നും സാമ്പത്തിക പിന്തുണ സ്വീകരിച്ചതിനെതിരേയുംഫ്‌ളോറിഡയിലെ വെടിവെപ്പില്‍ രക്ഷപ്പെട്ട കുട്ടികള്‍ റാലി നടത്തി.
അതേസമയം, ഫ്‌ളോറിഡയിലെ അക്രമി നല്‍കിയ എല്ലാ സൂചനകളും എഫ് ബി ഐ പാഴാക്കിയെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നുണ്ട്. തനിക്ക് റഷ്യയുമായി യാതൊരു ബന്ധവുമില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു.