ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതിയുമായി ആര്‍ ടി എ

Posted on: February 18, 2018 8:56 pm | Last updated: February 18, 2018 at 8:56 pm

ദുബൈ: ഉപഭോക്താക്കളുടെ ആവശ്യാനുസരണം ബസുകള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി ആര്‍ ടി എ.
ബസ് ഓണ്‍ ഡിമാന്‍ഡ് എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതി പരീക്ഷണ ഘട്ടമെന്നോണം അല്‍ വര്‍ഖ, അല്‍ ബര്‍ഷ എന്നിവിടങ്ങളിലാണ് നടപ്പിലാക്കുക. മൂന്ന് മാസത്തെ കാലയളവില്‍ സൗജന്യമായാണ് പദ്ധതി. ദുബൈ നഗരത്തെ ആഗോള തലത്തില്‍ കൂടുതല്‍ സ്മാര്‍ടാക്കുന്നതിനുള്ള നടപടികളുടെ ഭാഗമെന്നോണം ആവിഷ്‌കരിച്ച ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ആര്‍ ടി എ പദ്ധതിയൊരുക്കിയിരിക്കുന്നത്. ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍, ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ സി ഇ ഒ ഖല്‍ഫാന്‍ ജുമാ ബെല്‍ഹോള്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പൊതു ഗതാഗത ഉപയോക്താക്കള്‍ക്കായി ഒരുക്കിയ നൂതനാശയ സംരംഭമാണ് ബസ് ഓണ്‍ ഡിമാന്‍ഡെന്ന് അധികൃതര്‍ വ്യക്തമാക്കി.

പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി അധികൃതര്‍ 1,750 പേരില്‍ സര്‍വേ നടത്തിയിരുന്നു. മൂന്ന് വിഭാഗങ്ങളാക്കി തിരിച്ച തൊഴില്‍ ശക്തിയുടെ ഇടയിലായിരുന്നു സര്‍വേ. അവിദഗ്ധ തൊഴിലാളികള്‍ (23 ശതമാനം), വിദഗ്ധ ജീവനക്കാര്‍ (15), ചില്ലറ വില്‍പന, സേവന, വ്യവസായ മേഖലയില്‍ നിന്നുള്ളവര്‍ (62) എന്നിങ്ങനെ തരംതിരിച്ചായിരുന്നു സര്‍വേ നടത്തിയത്. വ്യത്യസ്തമായ മാനദണ്ഡങ്ങളോടെയാണ് സര്‍വേ ഒരുക്കിയത്. കാര്‍ ഉപയോക്താക്കള്‍, മേഖലയിലെ ഗതാഗത സംവിധാനങ്ങളുടെ ലഭ്യത, ദുബൈ നഗരത്തിലെ പ്രധാന ഗതാഗത മാര്‍ഗങ്ങളിലേക്ക് എത്തിപ്പെടാനുള്ള സൗകര്യങ്ങള്‍, പൊതു ഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതിനുള്ള സമയദൈര്‍ഘ്യം എന്നിവ കണക്കിലെടുത്താണ് സര്‍വേ ഒരുക്കിയത്.

സ്‌പെയിന്‍, ജര്‍മനി, യു എസ്, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ഗതാഗത സൗകര്യങ്ങള്‍ പഠന വിധേയമാക്കിയാണ് അന്തിമ രൂപം നല്‍കിയത്. എംവിമാന്‍ എന്ന സ്മാര്‍ട് ആപ്പിലൂടെ പദ്ധതി അനുസരിച്ചുള്ള സേവനം ലഭ്യമാക്കുന്നതിനും അധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ആര്‍ ടി എ പബ്ലിക് ട്രാന്‍സ്പോര്‍ട് ഏജന്‍സി സി ഇ ഒ അഹമ്മദ് ബഹ്റൂസിയാന്‍ പദ്ധതിയെ കുറിച്ച് അല്‍ തായര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു.