കൊലയാളികളുടെ ഒളിത്താവളമായി എകെജി സെന്റര്‍ മാറി: കുമ്മനം

Posted on: February 18, 2018 7:40 pm | Last updated: February 18, 2018 at 7:40 pm

തിരുവനന്തപുരം: സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊലയാളികളുടെ ഒളിത്താവളമായി തിരുവനന്തപുരത്തെ എകെജി സെന്റര്‍ മാറിയെന്നും ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് കണ്ണൂരില്‍ സിപിഎമ്മിന് വേണ്ടി കൊലപാതകം നടത്തുന്നതെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചിരുന്നതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമൊക്കെ സ്ഥിരം സന്ദര്‍ശകരായ ഇവിടെ കൊലക്കേസ് പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ജില്ലയില്‍ ഓരോ കൊലപാതകം നടക്കുമ്പോഴും പാര്‍ട്ടിക്ക് പങ്കില്ലെന്ന് പ്രസ്താവന നടത്തുന്നത് സിപിഎമ്മിന്റെ പതിവാണ്. എന്നാല്‍ പിന്നീട് സിപിഎം നേതാക്കളാണ് പിടിയിലാകുന്നതും. പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായും ജില്ലാ സെക്രട്ടറിയുമായും അടുത്ത ബന്ധമുണ്ടന്ന് തെളിഞ്ഞിട്ടുണ്ടെന്നും കുമ്മനം പറയുന്നു

കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…..

കൊലയാളികളുടെ ഒളിത്താവളമായി തിരുവനന്തപുരത്തെ എകെജി സെന്റര്‍ മാറി. സിപിഎമ്മിന്റെ സെല്‍ഫ് ഡിഫന്‍സ് സ്‌ക്വാഡാണ് കൊലകള്‍ നടത്തുന്നത്.
ശുഹൈബ് വധക്കേസില്‍ കീഴടങ്ങിയവര്‍ തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. രണ്ട് വര്‍ഷം മുന്‍പ് സിപിഎം സെല്‍ഫ് ഡിഫന്‍സ് സ്‌ക്വാഡ് രൂപീകരിച്ചശേഷം ആദ്യം നടന്ന കൊലപാതകമായിരുന്നു വിനീഷിന്റേത്.
ആകാശ് തില്ലങ്കേരിയും, രജിന്‍ രാജുമാണ് മട്ടന്നൂര്‍ ഏരിയയുടെ ചുമതല വഹിക്കുന്നത്.

ബോംബേറും വീട് തകര്‍ക്കലും സംബന്ധിച്ച നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണ്. ഏറെനാളായി ശുഹൈബിനെ ലക്ഷ്യമിട്ട് കരുക്കള്‍ നീക്കി വരികയായിരുന്നു. പി ജയരാജന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം സമുന്നത സ്ഥാനമാണ് ഇവര്‍ക്ക് പാര്‍ട്ടിയിലുള്ളത്.
തിരുവനന്തപുരം എ.കെ.ജി സെന്ററില്‍ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചിരുന്നതായാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമൊക്കെ സ്ഥിരം സന്ദര്‍ശകരായ ഇവിടെ കൊലക്കേസ് പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. കൊലപാതകവുമായി ബന്ധമില്ലെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍. കൊലക്ക് ശേഷം മറ്റൊരു കൊലക്കേസ് പ്രതികളെ പാര്‍ട്ടി നേതാക്കള്‍ ആനയിച്ച് പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുന്നത് സംശയാസ്പദമാണ്. ജില്ലയില്‍ ഓരോ കൊലപാതകം നടക്കുമ്പോഴും പാര്‍ട്ടിക്ക് പങ്കില്ലെന്ന് പ്രസ്താവന നടത്തുന്നത് സിപിഎമ്മിന്റെ പതിവാണ്. എന്നാല്‍ പിന്നീട് സിപിഎം നേതാക്കളാണ് പിടിയിലാകുന്നതും. പ്രതികള്‍ക്ക് മുഖ്യമന്ത്രിയുമായും ജില്ലാ സെക്രട്ടറിയുമായും അടുത്ത ബന്ധമുണ്ടന്ന് തെളിഞ്ഞിട്ടുണ്ട്.

ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ് കണ്ണൂരില്‍ സിപിഎമ്മിന് വേണ്ടി കൊലപാതകം നടത്തുന്നത്. അതിനാലാണ് മിക്ക കേസുകളിലും പ്രതികളെ പിടികൂടാനാകാത്തത്. കൊലപാതകങ്ങള്‍ പാര്‍ട്ടി വളര്‍ത്താനുള്ള അവസരമായി സിപിഎം കാണുന്നതിനാലാണ് കണ്ണൂരില്‍ നിരന്തരം കൊലപാതകങ്ങള്‍ നടക്കുന്നത്. ഉന്നത നേതാക്കളുടെ പങ്ക് വെളിപ്പെടുത്താന്‍ പോലീസ് അന്വേഷണത്തിന് സാധ്യമല്ല. അതിനാല്‍ ഇത്തരം കേസുകള്‍ സിബിഐ അന്വേഷിക്കുന്നതാണ് ഉത്തമം. കൊലപാതകം പാര്‍ട്ടി പരിപാടിയാക്കി മാറ്റിയ സിപിഎമ്മിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം.