വിശുദ്ധ ഖുര്‍ആന്‍ പിന്തുടരുന്നവര്‍ക്ക് തീവ്രവാദിയാകാന്‍ കഴിയില്ല: സ്പീക്കര്‍

Posted on: February 17, 2018 10:19 pm | Last updated: February 17, 2018 at 10:19 pm
മഅ്ദിന്‍ ക്യൂ ലാന്റ് കാമ്പസില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വസ്റ്റ് പ്രോഗ്രാം കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

മഞ്ചേരി: ഖുര്‍ആനിക ആശയങ്ങള്‍ പിന്തുടരുന്ന സമൂഹത്തിന് ഒരിക്കലും തീവ്രവാദിയാകാന്‍ സാധിക്കില്ലെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മഅ്ദിന്‍ ക്യൂ ലാന്റ് സംഘടിപ്പിച്ച ഖുര്‍ആന്‍ ക്വസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖുര്‍ആനും ഇസ്‌ലാമും ഉള്‍ക്കൊള്ളാത്തവരാണ് ഇസ്‌ലാമിന്റെ പേരില്‍ ഭീകരവാദവും തീവ്രവാദവും സൃഷ്ടിക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം ഉള്‍ക്കൊള്ളുന്നതോടൊപ്പം വിശുദ്ധ ഖുര്‍ആനിന്റെയും ഇസ്്‌ലാമിന്റെയും യഥാര്‍ത്ഥ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സുന്നി സമൂഹം സ്വീകരിച്ച നിലപാട് പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.

ഖുര്‍ആന്‍ ക്വസ്റ്റിനോടനുബന്ധിച്ച് നടന്ന ടേബിള്‍ ടോക്ക്, ഡിബേറ്റ്, ടാലന്റ് ടെസ്റ്റ്, ഫേസ് ടു ഫേസ് എന്നിവക്ക് മഅ്ദിന്‍ അക്കാദമിക്ക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, ഹാഫിള് ബശീര്‍ സഅ്ദി വയനാട് എന്നിവര്‍ നേതൃത്വം നല്‍കി.

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പെണ്‍കുട്ടികള്‍ക്കായുള്ളവിശുദ്ധ ഖുര്‍ആന്‍ പഠന കേന്ദ്രമാണ് മഅ്ദിന്‍ ക്യൂലാന്റ്. നാലു മുതല്‍ ആറ് വരെയുള്ള സ്‌കൂള്‍ ക്ലാസുകളില്‍ മലയാള മീഡിയം, കേരള ഇംഗ്ലീഷ് മീഡിയം, സിബിഎസ്ഇ തുടങ്ങിയ സിലബസുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കുന്നതോടൊപ്പം സ്‌കൂള്‍, മദ്‌റസാ, ഹദീസ്, ചരിത്രം, ഫിഖ്ഹ്, ഹോം സയന്‍സ്, കൗണ്‍സിലിംഗ് തുടങ്ങിയ മേഖലകളിലും ഇവിടെ പ്രത്യേക പരിശീലനം നല്‍കുന്നു. എസി ക്ലാസ് റൂം, ഖുര്‍ആന്‍ തിയേറ്റര്‍, വീഡിയോ കോണ്‍ഫറന്‍സ്, തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ പഠന രീതിയാണ് ക്യൂ ലാന്റ് കാമ്പസില്‍ ഒരുക്കിയിരിക്കുന്നത്.

മൊയ്തീന്‍ മുസ്്‌ലിയാര്‍ പള്ളിപ്പുറം, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, കൂറ്റമ്പാറ അബ്ദുറഹ്്മാന്‍ ദാരിമി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, സയ്യിദ് നിസാമുദ്ധീന്‍ കുരുവമ്പലം, ഒ.എം.എ റഷീദ് ഹാജി, അപ്പോളോ ഉമര്‍ മുസ്്‌ലിയാര്‍, മുഹമ്മദ് ശരീഫ് നിസാമി, അഡ്വ. കെ. ഫിറോസ് ബാബു, വി.പി.എം ഇസ്ഹാഖ്, സ്വബാഹ് പുല്‍പ്പറ്റ പ്രസംഗിച്ചു. നൗഫല്‍ കോഡൂര്‍ സ്വാഗതവും സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം നന്ദിയും പറഞ്ഞു.