യു എ ഇ-കേരള ബന്ധത്തില്‍ കാലം പ്രതീക്ഷിക്കുന്നത്

Posted on: February 17, 2018 8:03 pm | Last updated: February 19, 2018 at 7:07 pm

മലയാളികളില്‍ കൂടുതല്‍ പേരും ജീവിതോപാധി തേടിയെത്തുന്നത് യു എ ഇ യില്‍. ഏതാണ്ട് ഒമ്പതു ലക്ഷം മലയാളികള്‍ ഇപ്പോള്‍ തന്നെ യു എ ഇയില്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. മുംബൈ, ബംഗളൂരു തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് എത്തിയ മലയാളികളെ കൂടി ഉള്‍പെടുത്തിയുള്ള കണക്കാണിത്. സഊദി അറേബ്യയിലും ഇത്ര തന്നെയുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ഗള്‍ഫില്‍ സാധ്യതകള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ആളുകളുടെ താല്‍പര്യത്തിന് ഭംഗം വന്നിട്ടില്ല.

ഏതെങ്കിലും വിധത്തില്‍ ഗള്‍ഫില്‍, വിശേഷിച്ചു യു എ ഇ യില്‍ എത്തിപ്പെടണമെന്നു ആഗ്രഹിക്കുന്നവര്‍ ഏറെ. കേരളവും യു എ ഇ യും വലിയ പാരസ്പര്യം ഉണ്ടെന്നതാണ് കാരണം. മണിക്കൂറുകള്‍ ഇടവിട്ട് കേരളത്തിലേക്കും തിരിച്ചും വിമാനങ്ങളുണ്ടെന്നതും സൗകര്യമാണ്. എന്തൊക്കെ പറഞ്ഞാലും യു എ ഇ സ്വദേശികള്‍ക്ക് മലയാളികളോടുള്ള മതിപ്പു കൂടിയിട്ടുണ്ട്. മലയാളികള്‍ ഏറെക്കുറെ സംസ്‌കാര സമ്പന്നരും അധ്വാനശീലരും ആണെന്നു ഇപ്പോഴും അവര്‍ വിശ്വസിക്കുന്നു. ‘മലയാളികള്‍ ഏതെങ്കിലും തീവ്രവാദത്തിനു അടിപ്പെട്ടിട്ടില്ല. വഞ്ചനയില്ല. നിയമങ്ങള്‍ അനുസരിക്കും. മാനവിക ബോധമുണ്ട്. അടിസ്ഥാനപരമായി ഇതൊക്കെയാണല്ലോ ആവശ്യം. യു എ ഇ കവി ഡോ. ശിഹാബ് ഗാനം ഈയിടെ പറഞ്ഞു. പല തവണ അദ്ദേഹം കേരളത്തിലെത്തിയിട്ടുണ്ട്. മലയാളികളെ അടുത്തറിഞ്ഞിട്ടുണ്ട്. നിരവധി മലയാളം കവിതകള്‍ അറബിയിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്.

യു എ ഇയിലെ മിക്ക സര്‍ക്കാര്‍ വകുപ്പുകളും വാര്‍ത്താസമ്മേളനങ്ങള്‍ക്ക് മലയാളം മാധ്യമങ്ങളെ പ്രത്യേകം ക്ഷണിക്കും. അവരുടെ അറിയിപ്പുകള്‍ മലയാളത്തില്‍ വന്നാല്‍ കൗതുകത്തോടെ നോക്കും. യു എ ഇ യിലെ വലിയ വിദേശ സമൂഹം എന്ന നിലയില്‍ മലയാളികളെയും ബോധവത്കരിക്കണമല്ലോ? ഇത് കണ്ടറിഞ്ഞു കേരളത്തിലെ മാധ്യമങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. മിക്ക പത്രങ്ങള്‍ക്കും എഡിഷനായി. ചാനലുകള്‍ക്കു ബ്യൂറോകളായി. റേഡിയോ സ്റ്റേഷനുകള്‍ നിരവധി.

സാമൂഹിക മാധ്യമങ്ങളിലെ മലയാളം ട്രോളുകള്‍ ആസ്വദിക്കുന്ന ധാരാളം അറബികളുണ്ട്. കേരളത്തില്‍ നിന്ന് ജീവിത പങ്കാളിയെ തേടുന്ന അനേകം പേര്‍ ഇപ്പോഴുമുണ്ട്. നിയമത്തിലെ സങ്കീര്‍ണത കാരണമാണ് പലരും മടിച്ചുനില്‍ക്കുന്നത്. അല്ലെങ്കില്‍ കുറേക്കൂടി വൈവാഹിക ബന്ധം ഉടലെടുക്കുമായിരുന്നു. ഇത്തരം ഇഴയടുപ്പങ്ങളുടെ ഭാവിയെന്തെന്നത് ആലോചനാ വിഷയമാണ്.

യു എ ഇയില്‍ തൊഴിലവസരങ്ങള്‍ ഇനിയുമുണ്ടാകും. വേള്‍ഡ് എക്‌സ്‌പോ 2020ക്കു മുന്നോടിയായി ദുബൈയില്‍ ധാരാളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതിന് കനത്ത മാനവ വിഭവശേഷി അനിവാര്യമാണ്.
സാങ്കേതിക വിദഗ്ധരിലാണ് തൊഴില്‍ ദാതാക്കളുടെ നോട്ടം. ദുബൈ വേള്‍ഡ് എക്‌സ്‌പോ ഒരു ഉദാഹരണം മാത്രം. ഇത്തരം അവസരങ്ങള്‍ കവര്‍ന്നെടുക്കാന്‍ മലയാളികള്‍ ഒരുക്കം നടത്തണം.

മറുവശത്ത് മികച്ച ആളുകളെ കണ്ടെത്താന്‍ യു എ ഇ നിയമം കര്‍ശനമാക്കിയത് കാണാതിരുന്നുകൂടാ. നാട്ടില്‍ നിന്ന് പുതുതായി വരുന്നവര്‍ സ്വഭാവ സാക്ഷ്യപത്രം കൊണ്ടുവരണമെന്നത് ഒരു പുതിയ നിയമം. കേരള ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതിന് സൗകര്യമൊരുക്കി. അപേക്ഷ ഫീസ് ആയിരത്തില്‍ നിന്ന് അഞ്ഞൂറാക്കി കുറച്ചു.

ലോകത്തു ഇത്രയും വേഗത്തില്‍ യു എ ഇ നിബന്ധനയോടു പ്രതികരിച്ചത് കേരളമാണ്. കേരളത്തിലുള്ള യു എ ഇ നയതന്ത്ര കാര്യാലയം ആവശ്യമായ പിന്തുണ നല്‍കി. അതേസമയം യു എ ഇ ആവശ്യപ്പെടുന്ന യോഗ്യതകള്‍ എന്തൊക്കെയെന്ന് തിരിച്ചറിയാന്‍ ഉദ്യോഗാര്‍ഥികള്‍ തയ്യാറാകണം.
പരിശീലനം നേടണം. എങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി. അത്യാവശ്യം അറബി, ഇംഗ്ലീഷ് പരിജ്ഞാനം കൂടിയുണ്ടെങ്കില്‍ കാര്യങ്ങള്‍ ഉചിതം.

ഇന്ത്യ-യു എ ഇ വാണിജ്യ വ്യവസായ സാംസ്‌കാരിക ബന്ധം മെച്ചപ്പെടുന്നത് ഏറെ ഗുണകരമാകുക കേരളത്തിനാണ്. ലോകത്തിലെ തന്നെ വന്‍കിട തുറമുഖ നടത്തിപ്പുകാരായ ഡി പി വേള്‍ഡ് ഇന്ത്യയില്‍ നദീജല പാതകള്‍ വികസിപ്പിക്കാന്‍ നിക്ഷേപത്തിന് തയ്യാറായിട്ടുണ്ട്. കോവളം മുതല്‍ കാസര്‍കോട് വരെ ജലപാത നിര്‍മിക്കാന്‍ കേരളം പദ്ധതിയിട്ടതാണ്. 2020 ക്കു മുമ്പ് പൂര്‍ത്തിയാക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. 610 കിലോമീറ്ററിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

2,300 കോടി ചെലവ് പ്രതീക്ഷിക്കുന്നു. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കുമെന്നതിനാല്‍ ചരക്കു ഗതാഗതം എളുപ്പമാകും. ഇത്തരമൊരു സാധ്യതയാണ് ഡി പി വേള്‍ഡ് തേടുന്നത്. എന്തുകൊണ്ട് ഡി പി വേള്‍ഡിന്റെ സഹായം കേരളത്തിന് തേടിക്കൂടാ? വിനോദ സഞ്ചാര മേഖലയില്‍ അനേകം സാധ്യതകളാണ് ഉരുത്തിരിഞ്ഞുവരുന്നത്. അബുദാബി സാംസ്‌കാരിക-ടൂറിസം വകുപ്പിന്റെ ത്രിദിന പരിപാടി കൊച്ചിയില്‍ ഇന്നലെ ആരംഭിച്ചു. പ്രധാന വിനോദസഞ്ചാര മേഖലകള്‍, ടൂറിസം പാക്കേജുകള്‍ തുടങ്ങിയവ പരിചയപ്പെടുത്തും.

കേരളത്തിലെ ടൂറിസം സാധ്യതകള്‍ അബുദാബി സംഘത്തെ അറിയിക്കാനും അവസരമുണ്ട്. കലാ-കായിക, സാംസ്‌കാരിക പരിപാടികളും ഭക്ഷ്യ, ഉല്ലാസ മേളകളും ഉള്‍പെടുത്തിയാണ് കൊച്ചിയിലെ അബുദാബി വാരാഘോഷം. ഫെരാരി വേള്‍ഡ്, ലുവ്ര്‍ മ്യൂസിയം, അല്‍ ഐന്‍ കൊട്ടാരം, ഡെസേര്‍ട് സഫാരി, അല്‍ ദഫ്‌റ പൈതൃകക്കാഴ്ചകള്‍ തുടങ്ങിയവ കേരളത്തിന് പരിചയപ്പെടുത്തുകയാണ്. ബദൂവിയന്‍ ജീവിതരീതികളും കരകൗശല വിദ്യകളും അറിയാന്‍ അവസരമൊരുക്കും.

യു എ ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അബുദാബിയിലെ ടൂറിസം മേഖലകളെക്കുറിച്ചുള്ള സമഗ്രചിത്രം നല്‍കാന്‍ ഇത്തരമൊരു പരിപാടിക്ക് കഴിയുമെന്ന് സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ മുബാറക് അല്‍ നുഐമി പറഞ്ഞു.

എല്ലാം കൊണ്ടും യു എ ഇ -കേരള ബന്ധത്തിന് നല്ല കാലമാണ്. യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ കാഴ്ചപ്പാടുകള്‍

വ്യാപകമായി പ്രതിഫലിപ്പിക്കുന്ന സായിദ് വര്‍ഷാചരണം കേരളത്തിലും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. എം എ യൂസുഫലിയെപ്പോലെ, ശൈഖ് സായിദിന്റെ പരിഗണന ലഭിച്ചവര്‍ മുന്നിട്ടിറങ്ങുമെന്നു പ്രതീക്ഷിക്കുക.