കെകെ രമയെ സമൂഹ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യാനുള്ള ശ്രമം പ്രതിഷേധാര്‍ഹം: സുധീരന്‍

Posted on: February 17, 2018 1:12 pm | Last updated: February 17, 2018 at 1:12 pm

തിരുവനന്തപുരം: ആര്‍എംപി നേതാവ് കെ കെ രമയെ സമൂഹ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ടിപി ചന്ദ്രശേഖരന്റെ വധത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള നിരന്തരശ്രമത്തിലാണവര്‍.

നീതിക്ക് വേണ്ടിയുള്ള രമയുടെ പോരാട്ടത്തെ ഭയപ്പെടുന്ന കറുത്ത ശക്തികളാണ് ഈ തേജോവധ ശ്രമത്തിന് പിന്നില്‍.  ഇത്തരക്കാര്‍ക്കെതിരെ ധീരമായ നിലപാടുമായി മുന്നോട്ടു പോകുന്ന രമക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേരളീയ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും സുധീരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

സുധീരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ടി.പി. ചന്ദ്രശേഖരന്റെ സഹധര്‍മ്മിണിയും പൊതുരംഗത്ത് ശ്രദ്ധേയയുമായ ശ്രീമതി കെ.കെ.രമയയെ സമൂഹ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യാനുള്ള തല്പരകക്ഷികളുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണ്; പ്രതിഷേധാര്‍ഹമാണ്.

തന്റെ സര്‍വ്വസ്വമായ പ്രിയതമനെ അതിക്രൂരമായി ഇല്ലാതാക്കിയ ദുഷ്ടശക്തികള്‍ക്കെതിരെ ഇന്നും അവര്‍ പോരാടുകയാണ്. ടി.പി. വധത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള നിരന്തരശ്രമത്തിലാണവര്‍. നീതിക്ക് വേണ്ടിയുള്ള രമയുടെ പോരാട്ടത്തെ ഭയപ്പെടുന്ന കറുത്ത ശക്തികളാണ് ഈ തേജോവധ ശ്രമത്തിന് പിന്നില്‍.

ഭീരുക്കളായ ഇത്തരം ക്ഷുദ്രശക്തികള്‍ക്കെതിരെ ധീരനിലപാടുമായി മുന്നോട്ടുപോകുന്ന ആ സഹോദരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേരളീയസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

സ്ത്രീകളുടെ അഭിമാനവും അന്തസ്സും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപനം നടത്തിയ ബഹു. മുഖ്യമന്ത്രിയും കൂട്ടരും ഇക്കാര്യത്തില്‍ എന്തുപറയുന്നു എന്നറിയാന്‍ ജനങ്ങള്‍ ആഗ്രഹിക്കുക സ്വാഭാവികമാണ്. എന്നാല്‍ പഴയ പ്രഖ്യാപനങ്ങള്‍ തന്നെ വേട്ടയാടുമ്പോള്‍ മൗനമല്ലാതെ മുഖ്യമന്ത്രിക്ക് മറ്റെന്തു മാര്‍ഗം.?