സംസ്ഥാനത്ത് ചുവപ്പ്-കാവി ഭീകരതയെന്ന് ചെന്നിത്തല

Posted on: February 17, 2018 12:52 pm | Last updated: February 17, 2018 at 2:05 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ചുവപ്പ്-കാവി ഭീകരതയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യക്തമായ ഗൂഢാലോചനകള്‍ക്ക് ശേഷമാണ് ശുഐബിനെ കൊലപ്പെടുത്തിയത്. സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ പങ്ക് കേസില്‍ അന്വേഷിക്കണം. സിപിഎം ഭീകര പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും കണ്ണൂരില്‍ സമാധാനം പുലരരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂരിലെ ജയിലുകള്‍ സിപിഎം കൊലയാളി സംഘത്തിന്റെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ജയിലിനുള്ളില്‍ ആസൂത്രണം ചെയ്ത ശേഷമാണ് കൊലയാളി സംഘങ്ങള്‍ പുറത്തിറങ്ങി ആളെ വെട്ടിക്കൊല്ലുന്നത്. മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ സിപിഎം നേരത്തെ നോട്ടമിട്ടിരുന്നതാണ്. കൊല നടന്ന ദിവസത്തിന് തൊട്ടുമുന്‍പ് സിപിഎം പ്രവര്‍ത്തകര്‍ ശുഹൈബിനെതിരേ പരസ്യമായി കൊലവിളി നടത്തിയിരുന്നു. പോലീസ് വിഷയത്തില്‍ അന്നേ ഇടപെട്ടിരുന്നെങ്കില്‍ ആ ചെറുപ്പക്കാരന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.