പി എന്‍ ബിയും മോദിയും

Posted on: February 17, 2018 9:11 am | Last updated: February 17, 2018 at 9:11 am

പൊതുമേഖലാ ബേങ്കായ പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ മുംബൈ ശാഖയില്‍ നടന്ന 11,515 കോടിയുടെ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ ഞെട്ടിക്കുന്ന തുടര്‍ വാര്‍ത്തകളാണ് വരുന്നത്. ഭരണക്കാരും കോര്‍പറേറ്റുകളും ബേങ്കിംഗ് സംവിധാനവുമെല്ലാം എങ്ങനെയാണ് കൈകോര്‍ക്കുന്നതെന്നും പരസ്പരം രക്ഷപ്പെടാന്‍ അവസരമൊരുക്കുന്നതെന്നും വ്യക്തമാക്കുന്നതാണ് ഈ വസ്തുതകള്‍. കേസില്‍ ആരോപണവിധേയനായ രത്‌ന വ്യാപാരി നീരവ് മോദിയുടെ ഓഫീസുകള്‍, ഷോറൂം, വര്‍ക്ക് ഷോപ്പ് എന്നിവിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ 5,100 കോടി രൂപ വില വരുന്ന വജ്ര, സ്വര്‍ണാഭരണങ്ങളും സുപ്രധാന രേഖകളുമാണ് കണ്ടെടുത്തത്. പി എന്‍ ബിയില്‍ നിന്ന് 280 കോടി രൂപ തട്ടിപ്പ് നടത്തിയ കേസില്‍ നിലവില്‍ നീരവ് മോദി, ഭാര്യ അമി, സഹോദരന്‍ നിഷാല്‍ മോദി, മാതൃസഹോദരനും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോസ്‌കി എന്നിവര്‍ക്കെതിരെ സി ബി ഐ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പ് പുറത്തുവന്നത്.

‘നിയമപര’മെന്ന് വിശേഷിപ്പിക്കാവുന്ന തട്ടിപ്പാണ് നിരവധി രാജ്യങ്ങളില്‍ വജ്രവ്യാപാര ശൃംഖലയുള്ള ഈ വ്യവസായി നടത്തിയിരിക്കുന്നത്. വന്‍കിട ബിസിനസുകാര്‍ക്ക് ബേങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്) രേഖകള്‍ ഉപയോഗിച്ചാണ് നീരവ് മോദിയുടെ തട്ടിപ്പ്. പി എന്‍ ബിയുടെ ജാമ്യത്തിന്റെ ബലത്തില്‍ വിദേശത്തെ ബേങ്കുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിച്ചു. ഈ പണം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാധ്യത, ജാമ്യം നിന്ന പി എന്‍ ബിക്കായി. ഇതിന് പുറമെ മുംബൈ ബ്രാഞ്ചിലെ ഇടപാടില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിക്കുകയും ചെയ്തു. ഈ തട്ടിപ്പ് ഒരു വ്യക്തിയുടെ അത്യാര്‍ത്തിയുടെ പ്രകടനമായി കണ്ട് ചുരുക്കിക്കളയാവുന്ന ഒന്നല്ല. വിജയ് മല്യയുടെ കാര്യത്തിലും ഇത്തരത്തിലുള്ള തട്ടിപ്പ് തന്നെയാണ് അരങ്ങേറിയത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന നിരവധി തലങ്ങള്‍ ഈ തട്ടിപ്പിനുണ്ട്. അതിസമ്പന്നര്‍ സാമ്പത്തിക വ്യവസ്ഥയെ എത്ര സമര്‍ഥമായാണ് നിയന്ത്രിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. തട്ടിപ്പ് നടത്തിയ നീരവ് മോദി, കുടുംബമടക്കം ജനുവരി ആദ്യവാരം തന്നെ രാജ്യം വിട്ടുവെന്നാണ് ഇപ്പോള്‍ ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. പഞ്ചാബ് നാഷനല്‍ ബേങ്ക് അധികൃതര്‍ സി ബി ഐക്ക് പരാതി നല്‍കിയത് ജനുവരി 29ന് മാത്രമാണ്. എന്താണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്? തട്ടിപ്പുകാരന് നാടുവിടാന്‍ ബേങ്ക് തന്നെ അവസരമൊരുക്കി. പരാതി നല്‍കുന്നതിന് ആഴ്ചകള്‍ മുമ്പ് വിവരം നീരവിന് ലഭിച്ചു. പല ദിവസങ്ങളിലായി ഘട്ടം ഘട്ടമായി കുടുംബാംഗങ്ങളെയെല്ലാം വിദേശത്ത് എത്തിക്കാന്‍ നീരവിന് സാധിച്ചു.

2011 മുതലുള്ള തട്ടിപ്പ് കണ്ടെത്താന്‍ വൈകിയെന്നാണ് പി എന്‍ ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ മേത്ത പറയുന്നത്. അപ്പറഞ്ഞതാണ് ശരിയെങ്കില്‍, ഇത്തരം തീവെട്ടിക്കൊള്ളകള്‍ തിരിച്ചറിയാനും പിടികൂടാനുമുള്ള സംവിധാനം നമ്മുടെ പേര് കേട്ട പൊതു മേഖലാ ബേങ്കുകള്‍ക്ക് ഇല്ലെന്ന് സമ്മതിക്കേണ്ടി വരും. പൊതു മേഖലാ ബേങ്കുകളിലുള്ളത് രാജ്യത്തിന്റെ സമ്പത്താണ്. സമ്പദ്‌വ്യവസ്ഥയുടെ ശക്തിസ്രോതസ്സാണ് ഈ ബേങ്കുകള്‍. അവിടെ നിന്ന് പണം തട്ടിച്ചു കൊണ്ടുപോകുന്നത് കണ്ടെത്താന്‍ ഇത്ര ഗുരുതരമായ കാലതാമസം സംഭവിക്കുമ്പോള്‍ പൗരന്‍മാരുടെ സാമ്പത്തിക ഉത്കണ്ഠകള്‍ എവിടെ ഇറക്കി വെക്കും? വ്യവസ്ഥയില്‍ സംശയം ജനിപ്പിക്കുന്ന വാര്‍ത്തകളാണ് നീതിന്യായ വിഭാഗത്തില്‍ നിന്നും നിയമ നിര്‍മാണ വ്യവസ്ഥയില്‍ നിന്നും മാധ്യമ സംവിധാനങ്ങളില്‍ നിന്നു പോലും കേള്‍ക്കുന്നത്. അതിനിടക്കാണ് ബേങ്കിംഗ് മേഖലയും വിശ്വസ്തത കളഞ്ഞ് കുളിക്കുന്നത്.
ഇതിനേക്കാളെല്ലാം പ്രധാനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍. നീരവ് മോദിയെ രക്ഷപ്പെടാന്‍ സഹായിച്ചത് പ്രധാനമന്ത്രി മോദിയാണെന്ന് യെച്ചൂരി ആരോപിക്കുന്നു. നീരവ് പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും യെച്ചൂരി ട്വിറ്ററിലൂടെ പുറത്തുവിട്ടു. ദാവോസിലെ സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രിക്കൊപ്പം നീരവ് നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇതിനോട് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് നടത്തിയ പ്രതികരണം അങ്ങേയറ്റം ദുര്‍ബലമായിരുന്നു. ദാവോസില്‍ പോയ പ്രധാനമന്ത്രിയുടെ സംഘത്തില്‍ നീരവ് മോദി ഇല്ലായിരുന്നുവെന്നും നീരവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിട്ടില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞൊഴിയുന്നു. സി ഐ ഐ സംഘത്തോടൊപ്പമാണ് നീരവ് ചിത്രമെടുക്കാന്‍ എത്തിയതെന്നും അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ ഒപ്പം പോകുന്നവരാരൊക്കെയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഈയിടെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ആ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മോദിയുടെ വിദേശ യാത്രകള്‍ പലതും സഹസ്ര കോടികള്‍ മറിയുന്ന ഇടപാടുകള്‍ക്ക് വഴിയൊരുക്കാനാണെന്ന സംശയമാണ് ഇവിടെ ബലപ്പെടുന്നത്. നീരവ് തട്ടിപ്പിന്റെ കഥകള്‍ നോട്ടുനിരോധനത്തിലേക്ക് കൂടി നീളുമ്പോള്‍ ഭരണ കക്ഷി കൂടുതല്‍ മറുപടികള്‍ പറയേണ്ടി വരുമെന്നുറപ്പാണ്. 2016ല്‍ നോട്ട് നിരോധിച്ചപ്പോള്‍ നീരവ് മോദിയുടെ സ്ഥാപനങ്ങള്‍ വഴി വന്‍ തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നുവെന്നാണ് വിവരം.

പൊതുമേഖല ബേങ്കുകളുടെ കിട്ടാക്കടം പെരുകുകയാണ്. 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം രാജ്യത്തെ പൊതുമേഖല ബേങ്കുകള്‍ എഴുതിത്തള്ളിയത് 81,683 കോടി രൂപയുടെ കിട്ടാക്കടമാണ്. കഴിഞ്ഞ വര്‍ഷം ഇത് 57,586 കോടി രൂപയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബേങ്കുകള്‍ എഴുതിത്തള്ളിയത് 2.46 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണെന്ന് ധനകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. അപ്പോള്‍ രോഗം ഗുരുതരമാണ്. ബേങ്കുകള്‍ തയ്യാറാക്കി നല്‍കുന്ന കണക്കുകളിലാകെ പിശകുണ്ടെന്ന് ആര്‍ ബി ഐ തന്നെ കണ്ടെത്തിയിട്ടുണ്ട്. അതിസമ്പന്നരുടെ കാര്യം വരുമ്പോള്‍ കണക്കെല്ലാം പിഴക്കുകയും സാധാരണ കര്‍ഷകന്റെയോ കച്ചവടക്കാരന്റെയോ കാര്യത്തില്‍ ചില്ലിക്കാശ് തെറ്റാതെ ജപ്തിയില്‍ കലാശിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? അതുകൊണ്ട് നീരവ് തട്ടിപ്പ് സമഗ്രമായ പരിശോധനക്കും നടപടിക്കുമുള്ള അവസരമാക്കണം. തങ്ങള്‍ ആരേയും സംരക്ഷിക്കുന്നില്ലെന്ന് പറയുകയും മുന്‍ സര്‍ക്കാറിനെ പഴിക്കുകയും ചെയ്യുന്ന മേദി സര്‍ക്കാര്‍ അതിന്റെ ആര്‍ജവം തെളിയിക്കാനുള്ള വെല്ലുവിളിയായി ഈ കേസിനെ കണക്കിലെടുക്കുകയാണ് വേണ്ടത്.