ബഗാനെ വീഴ്ത്തി, ഇന്ന് ഈസ്റ്റ് ബംഗാള്‍ !

Posted on: February 17, 2018 8:50 am | Last updated: February 17, 2018 at 10:14 am
SHARE
ഗോകുലം ടീം പരിശീലനത്തില്‍

കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോളിലെ ചാമ്പ്യന്‍സ് ക്ലബ്ബായ ഈസ്റ്റ് ബംഗാള്‍ ഇന്ന് കോഴിക്കോടന്‍ മണ്ണില്‍ പന്ത് തട്ടുന്നു. ഐ ലീഗിലെ ആതിഥേയ സാന്നിധ്യം ഗോകുലം കേരള എഫ് സിയാണ് എതിരാളികള്‍. മറ്റൊരു കൊല്‍ക്കത്തന്‍ ക്ലബ്ബായ മോഹന്‍ ബഗാനെ അവരുടെ തട്ടകത്തില്‍ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ഗോകുലം ഹോം മാച്ചിനിറങ്ങുന്നത്.
വിദേശ താരങ്ങളുടെ കരുത്തിലാണ് ഗോകുലം ബഗാനെ മറികടന്നത്.

ബഹ്‌റൈന്‍ താരം മഹുമുദ് അല്‍ അജ്മിയും യുഗാണ്ടയില്‍ നിന്ന് അടുത്തിടെയെത്തിയ ഹെന്റി കിസെക്കെയും മികച്ച ഫോമിലാണ്. നിരന്തര തോല്‍വിക്ക് ശേഷം അവസാനം നടന്ന ഹോം മാച്ചില്‍ ഷില്ലോംഗ് ലജോംഗിനെ കീഴടക്കിയതും ഗോകുലത്തിന് മാനസിക കരുത്ത് നല്‍കുന്നു.
മറുഭാഗത്ത് ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ബംഗാള്‍ ടീമിന് മുന്നേറണമെങ്കില്‍ ഇന്ന് ഗോകുലത്തെ മറികടക്കണം. നേരത്തെ കൊല്‍ക്കത്തയില്‍ ഗോകുലത്തെ ഏക ഗോളിന് തോല്‍പ്പിക്കാനായതും സന്ദര്‍ശകര്‍ക്ക് പ്രതീക്ഷയേറ്റുന്നു. കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തില്‍ കത്തുന്ന വെയിലിന് താഴെ ഉച്ചക്ക് രണ്ടിനാണ് നിര്‍ണായക പോരാട്ടം.
ബഹ്‌റൈന്‍ താരമായ അജ്മി ഇന്ന് ടീമിന്റെ അഭിവാജ്യ ഘടകമായി മാറിയതായി ഗോകുലം കോച്ച് ബിനോ ജോര്‍ജ് പറഞ്ഞു. വിദേശ താരങ്ങളുടെ മികവിലാണ് ബഗാനെ മറികടന്നത്. പ്രത്യേകിച്ചും അജ്മിയുടെ പ്രകടനം അവിസ്മരണീയമായിരുന്നു.

തോല്‍വികളില്‍ നിന്ന് ടീം ഉയര്‍ത്തെയുനേറ്റ് വരുകയാണ്. പോയിന്റ് തന്നെ ടെക്‌നിക്കല്‍ ഡയറകടറാക്കി പുതിയ കോച്ചിനെ നിയമിചചതായുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ശരിയല്ല. നിലവില്‍ വിദേശ കോച്ചിനെ നിയമിച്ചിട്ടില്ല. നിയമിച്ചാല്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും ബിനോ ജോര്‍ജ് പറഞ്ഞു.
മലയാളി താരങ്ങളായ ജോബി ജസ്റ്റിനും വി പി സുഹൈറും കെ മിര്‍ഷാദും സി കെ ഉബൈദും മികച്ച ഒത്തിണക്കത്തോടെ കളിക്കുന്നത് ടീമിന് മുതല്‍കൂട്ടാണെന്ന് ഈസ്റ്റ് ബംഗാള്‍ കോച്ച് ഖാലിദ് ജമീല്‍ പറഞ്ഞു. ഗോകുലത്തിന്റെ മത്സരം കണ്ടിരുന്നു. കരുത്തുറ്റ ടീമായി അവര്‍ വളര്‍ന്നിട്ടുണ്ട്. എന്നാല്‍ തന്റെ ടീമിന്റെ കരുത്ത് തികഞ്ഞ ബോധ്യമുണ്ട്. ഇന്ന് ജയിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഖാലിദ് ജമീല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here