Connect with us

National

ശതകോടി തട്ടിപ്പ്: രാജ്യം വിട്ട നീരവ് മോദി ന്യൂയോര്‍ക്കിലെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബേങ്കില്‍ നിന്ന് ശതകോടികള്‍ തട്ടിച്ച് രാജ്യംവിട്ട വജ്ര വ്യാപാരി നീരവ് മോദിയും കുടുംബവും ന്യൂയോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്. മാന്‍ഹട്ടന്‍ മാഡിസണ്‍ അവന്യൂവിലെ സ്വന്തം ജ്വല്ലറിക്ക് തൊട്ടടുത്തുള്ള ജെഡബ്ലിയൂ മാരിയറ്റ് എസെക്‌സ് ഹൗസിലാണ് നീരവ് മോദി കഴിയുന്നത്. ഇവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരോട് നീരവും ഭാര്യയും പുറത്തുപോയെന്നും കുട്ടികള്‍ മുറിയിലുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു.

നീരവ് മോദിയും ഭാര്യ എമി മോദിയും തലേന്ന് രാത്രിവരെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നതായും ജീവനക്കാര്‍ പറഞ്ഞു. നീരവിനെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. എന്നാല്‍, ഇയാളെ തിരികെയെത്തിക്കുന്നത് എളുപ്പമല്ലെന്നാണ് വിവരം.

അതേസമയം, മുംബൈയിലും ഡല്‍ഹിയിലുമുള്ള നീരവ് മോദിയുടെ വിവിധ സ്ഥാപനങ്ങളില്‍ ഇന്നും റെയ്ഡ് തുടരുകയാണ്. പഞ്ചാബ് നാഷനല്‍ ബേങ്കിന്റെ (പി എന്‍ ബി) മുംബൈ ശാഖയില്‍ നടന്ന 11,515 കോടിയുടെ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ ഇന്നലെയും രാജ്യവ്യാപക റെയ്ഡ് നടന്നിരുന്നു. നീരവ് മോദിയുടെ ഓഫീസുകള്‍, ഷോറൂം, വര്‍ക്ക് ഷോപ്പ് എന്നിവിടങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ് നടത്തിയത്. ന്യൂഡല്‍ഹി, മുംബൈ, സൂറത്ത് എന്നിവിടങ്ങളിലായാണ് റെയ്ഡ് നടന്നത്. ഇവിടെ നിന്നായി 5,100 കോടി രൂപ വില വരുന്ന വജ്ര, സ്വര്‍ണാഭരണങ്ങളും സുപ്രധാന രേഖകളും കണ്ടെടുത്തു. നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഫയര്‍സ്റ്റാര്‍ ഡയമണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്ഥാനം, കുര്‍ളയിലുള്ള ഓഫീസ്, ദക്ഷിണ മുംബൈയിലെ ഷോറൂമുകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഗുജറാത്തിലെ ആറ് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്.

ന്യൂഡല്‍ഹിയിലെ ചാണക്യപുരിയിലെ വില്‍പ്പന കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു. നീരവ് മോദിയുടെ കമ്പനി ഉള്‍പ്പെട്ട 11,515 കോടിയുടെ തട്ടിപ്പ് പി എന്‍ ബി അധികൃതര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വ്യാപക റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരമാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. മുംബൈയിലുള്ള നീരവ് മോദിയുടെ ഫഌറ്റ് സി ബി ഐ സീല്‍ ചെയ്തു.
പി എന്‍ ബിയിലെ പത്ത് ജീവനക്കാരെ ഇതിനകം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ക്രെഡിറ്റ് അപ്രൂവല്‍ കമ്മിറ്റിയിലെയോ ബോര്‍ഡ് ഡയറക്‌ടേഴ്‌സിലെയോ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം വ്യക്തമല്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇ ഡിയോട് റിപ്പോര്‍ട്ട് തേടി. ഇ ഡിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നീരവ് മോദിയുടെയും ബിസിനസ് പങ്കാളി മെഹുല്‍ ചോസ്‌കിയുടെയും പാസ്‌പോര്‍ട്ട് റദ്ദാക്കി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പി എന്‍ ബിയില്‍ നിന്ന് 280 കോടി രൂപ തട്ടിപ്പ് നടത്തിയ കേസില്‍ നിലവില്‍ നീരവ് മോദി, ഭാര്യ അമി, സഹോദരന്‍ നിഷാല്‍ മോദി, മാതൃസഹോദരനും ബിസിനസ് പങ്കാളിയുമായ മെഹുല്‍ ചോസ്‌കി എന്നിവര്‍ക്കെതിരെ സി ബി ഐ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പ് പുറത്തുവന്നത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം എന്നിവ പ്രകാരമാണ് ജനുവരി 31ന് കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ബേങ്ക് നടത്തിയ വിശദ പരിശോധനയിലാണ് പുതിയ തട്ടിപ്പ് പുറത്തുവന്നത്. 2011 മുതലുള്ള തട്ടിപ്പാണ് ഇതെന്നും റിപ്പോര്‍ട്ടുണ്ട്.
ആദ്യ കേസിലെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ നീരവ് മോദി രാജ്യം വിട്ടതായാണ് വിവരം. നിരവിന്റെ ഭാര്യ അമിക്ക് യു എസ് പൗരത്വവും സഹോദരന് ബെല്‍ജിയം പൗരത്വവും ലഭിച്ചിട്ടുണ്ട്.

Latest