ബുര്‍ജ് ഖലീഫ ചൈനീസ് നിറത്തിലേക്ക്

Posted on: February 15, 2018 10:47 pm | Last updated: February 15, 2018 at 10:47 pm

ദുബൈ: ചൈനീസ് പുതുവത്സരത്തോടനുബന്ധിച്ച് ബുര്‍ജ് ഖലീഫ പുതിയ ലൈറ്റ്‌ഷോ ഒരുക്കും. ഡ്രാഗണ്‍ പ്രമേയമാക്കി വെളിച്ചവും സംഗീതവും കൂട്ടിയിണക്കിയാണ് ഷോ അവതരിപ്പിക്കുന്നത്. ഈ മാസം 16 മുതല്‍ 24 വരെ ദിവസവും രാത്രി എട്ടു മണിക്കും, പത്ത് മണിക്കും ലൈറ്റ് ഷോ നടക്കുമെന്ന് ഇമാര്‍ അറിയിച്ചു.

ചൈനയുടെ വന്‍മതിലില്‍നിന്ന് പറന്നുയരുന്ന ഡ്രാഗണില്‍ നിന്നാണ് ഷോ തുടങ്ങുന്നത്. ദുബൈയിലെ പ്രധാനസ്ഥലങ്ങളിലൂടെ യാത്രചെയ്ത് ദുബൈ ഫൗണ്ടനിലാണ് ഡ്രാഗന്റെ യാത്ര അവസാനിക്കുന്നത്. യു എ ഇയിലെ ചൈനീസ് സ്വദേശികള്‍ക്കും, ചൈനയില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ക്കും വേണ്ടിയുള്ള സമ്മാനമാണ് ലൈറ്റ് അപ്പ് ചൈനീസ് ന്യൂ ഇയര്‍ ഷോ. 253,000 ചൈനക്കാര്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.