നീരവ് മോദി രാജ്യം വിട്ടു; സ്വത്തുക്കളെല്ലാം കണ്ടുകെട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: February 15, 2018 7:56 pm | Last updated: February 16, 2018 at 10:35 am

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയ അതിസമ്പന്ന വജ്രവ്യാപാരി നീരവ് മോദിയുടെ പാസ്‌പോര്‍ട്ടും സ്വത്തുക്കളും കണ്ടുകെട്ടുമെന്നു കേന്ദ്രസര്‍ക്കാര്‍. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള നീരവിന്റെ ചിത്രം പുറത്തുവന്നതിനെത്തുടര്‍ന്നു വിശദീകരണവുമായും കേന്ദ്രം രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും നീരവ് മോദിയുമൊത്തുള്ള ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ടു.

5100 കോടി രൂപ മൂല്യമുള്ള നീരവ് മോദിയുടെ ആഭരണ ശേഖരം പോലീസ് പിടികൂടിയിട്ടുണ്ട്. നീരവിന്റെ ഓഫീസിലും വീട്ടിലും പോലിസ് റൈഡും നടത്തി. നാല് കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

അതേസമയം നീരവ് രാജ്യം വിട്ടതായി വ്യക്തമായ സൂചന ലഭിച്ചു. ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ഇയാള്‍ രാജ്യം വിട്ടത്. ജനുവരി 29നാണ് നീരവിനെതിരെയുള്ള 280 കോടിയുടെ തട്ടിപ്പിന്റെ പരാതി പിഎന്‍ബി സിബിഐയ്ക്കു നല്‍കുന്നത്. 31ന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. ലുക്ക്ഔട്ട് നോട്ടിസും പുറത്തിറക്കി. തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ള നീരവിന്റെ സഹോദരന്‍ വിശാലും ജനുവരി ഒന്നിന് രാജ്യം വിട്ടു.