റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും

Posted on: February 15, 2018 6:41 am | Last updated: February 14, 2018 at 11:50 pm

തിരുവനന്തപുരം: സംസ്ഥാനത്തെ താലൂക്ക് സപ്ലൈ ഓഫീസ്/സിറ്റി റേഷനിംഗ് ഓഫീസുകളില്‍ പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ സ്വീകരിക്കും. ഇക്കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഫോട്ടോ എടുത്ത് റേഷന്‍ കാര്‍ഡ് പുതുക്കുവാന്‍ കഴിയാത്തവര്‍, റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ആര്‍ സി എം എസ് മരവിപ്പിച്ചതിനാല്‍ പുതിയ റേഷന്‍ കാര്‍ഡിന് പകരം താല്‍ക്കാലിക കാര്‍ഡ് ലഭിച്ചവര്‍, ഇതുവരെ റേഷന്‍ കാര്‍ഡ് സ്വന്തമായി ലഭിക്കാത്തവര്‍ എന്നിവര്‍ക്ക് ആദ്യ ഘട്ടത്തില്‍ അപേക്ഷ നല്‍കാം.

അപേക്ഷ ഫോറം സിവില്‍ സപ്ലൈസ് വകുപ്പിന്റെ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മറ്റ് അനുബന്ധ രേഖകള്‍ സഹിതം അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നല്‍കാം. അപേക്ഷ ഫോറത്തിന്റെ പകര്‍പ്പ് എല്ലാ പഞ്ചായത്ത് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും റേഷന്‍ കടയിലും ലഭ്യമാണ്.

പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചവര്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനും റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷകളും ഒരു താലൂക്കില്‍ തന്നെ രണ്ട് റേഷന്‍ കാര്‍ഡുകളില്‍ നിന്നും കുറവ് ചെയ്ത് പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കുന്നതിനുള്ള അപേക്ഷകളും രണ്ടാംഘട്ടമായി സ്വീകരിക്കും. ഇതിനുള്ള തീയതി പിന്നീട് അറിയിക്കും. www.civil supplieskerala.gov.in ല്‍ അപേക്ഷ ലഭിക്കും.