Connect with us

Editorial

വേറിട്ടൊരു പ്രതിഷേധം

Published

|

Last Updated

അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും മതന്യൂനപക്ഷങ്ങള്‍ക്കും നേരെ നടന്നു കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ അക്രമങ്ങള്‍ക്കെതിരെ നിരവധി എഴുത്തുകാരും കവികളും സാംസ്‌കാരിക പ്രവര്‍ത്തകരും അവാര്‍ഡുകള്‍ തിരസ്‌കരിച്ചു പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. കന്നട എഴുത്തുകാരനും നിരൂപകനുമായ ജി രാജശേഖര്‍, പഞ്ചാബി എഴുത്തുകാരി ദലിപ്കൗര്‍, സാഹിത്യകാരനും സിഖ് പണ്ഡിതനുമായ ഭായ് ബല്‍ദീപ് സിംഗ്, അസം എഴുത്തുകാരന്‍ ഹോമെന്‍ ബോര്‍ഗോഹെന്‍, മറാത്തി കവയിത്രി പ്രധ്യദയ പവാര്‍, നയന്‍താര സെഹ്ഗാള്‍, സാറാ ജോസഫ് എന്നിവര്‍ അവരില്‍ ചിലരാണ്. കേരളീയരായ കെ സച്ചിദാനന്ദനും പി കെ പാറക്കടവും കേന്ദ്രസാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്.
ഇതില്‍ നിന്ന് വ്യത്യസ്തവും മാതൃകാപരവുമാണ് കഴിഞ്ഞ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ കെ പി രാമനുണ്ണിയുടെ പ്രതിഷേധ ശൈലി. ഡല്‍ഹിയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍, അവാര്‍ഡ് തുക ഏറ്റുവാങ്ങിയ ശേഷം ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ക്രൂരമായ ആക്രമത്തില്‍ കൊല്ലപ്പെട്ട ജുനൈദ് ഖാന്റെ കുടുംബത്തിന് അതേ വേദിയില്‍ വെച്ചുതന്നെ തുക നല്‍കിക്കൊണ്ടാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. മുസ്‌ലിം സമുദായത്തില്‍പ്പെട്ട ആള്‍ എന്ന കാരണത്താല്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് യഥാര്‍ഥ ഹിന്ദുപാരമ്പര്യത്തില്‍ നിന്നുള്ള ആളുടെ നഷ്ടപരിഹാരമാണിതെന്ന പ്രഖ്യാപനത്തോടെയാണ് അവാര്‍ഡ് തുക ജുനൈദ്ഖാന്റെ മാതാവിനെ ഏല്‍പ്പിച്ചത്. കഴിഞ്ഞ ജൂണില്‍ ചെറിയ പെരുന്നാള്‍ തലേന്ന് ഡല്‍ഹിയിലെ സദര്‍ ബസാറില്‍ നിന്ന് ഈദ് ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങി ഹരിയാനയിലെ ഫരീദാബാദിന് അടുത്തുള്ള ഖണ്ഡാവലി ഗ്രാമത്തിലേക്ക് മടങ്ങുന്ന വഴി ട്രെയിനില്‍ വെച്ചാണ് ഗോസംരക്ഷക ഗുണ്ടകള്‍ ജുനൈദിനെ മൃഗീയമായി വധിച്ചത്.

സനാതന ധര്‍മമാണ് ഹിന്ദുമതം ഉദ്‌ഘോഷിക്കുന്നത്. സഹജീവികളെ, അഥവാ മനുഷ്യരോ മൃഗങ്ങളോ ആയ സകല ജീവികളെയും ഒപ്പം പ്രകൃതിയെയും സ്വന്തം സുഖത്തിനു വേണ്ടി ഒട്ടും നോവിക്കാതിരിക്കുക, സ്വന്തം കര്‍മത്തിന്റെ ഫലം തന്നിലേക്ക് തന്നെ തിരിച്ചു വരുമെന്ന ബോധം. പ്രപഞ്ചത്തിന്റെ രഹസ്യം ശാസ്ത്രീയമായി അന്വേഷിച്ചറിയുക. ഇതൊക്കെയാണ് ഹിന്ദുമത ഗ്രന്ഥങ്ങളും ആചാര്യന്മാരും പരിചയപ്പെടുത്തുന്ന സനാതന ധര്‍മം. “അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം” എന്ന ശ്രീ നാരായണ ഗുരു വചനത്തിലും ഈ ധര്‍മം വ്യക്തമായി വായിച്ചെടുക്കാം. മറ്റു മതക്കാരെ സ്വീകരിക്കുകയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ഥ ഹിന്ദുക്കള്‍.

സംഘ്പരിവാറിന്റെ ഹിന്ദുത്വവും ഹിന്ദു മതവും അജഗജാന്തരമുണ്ട്. മാനവ വിരുദ്ധവും അപരനെ ശത്രുവായി കാണുന്നതുമായ ഹിന്ദുത്വം ഹിറ്റ്‌ലറില്‍ നിന്നും മുസ്സോളനിയില്‍ നിന്നും കടമെടുത്ത ഫാസിസ്റ്റ് സിദ്ധാന്തമാണ്. പ്രാചീന വംശാഭിമാനം ഉയിര്‍ത്തെഴുന്നേറ്റ ജര്‍മനിയില്‍ നിന്ന് ഇന്ത്യയിലെ ഹിന്ദുക്കള്‍ പാഠമുള്‍ക്കൊള്ളേണ്ടതുണ്ടെന്ന് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ തുറന്നെഴുതിയത് ഹിന്ദുത്വത്തിന്റെ അടിവേരുകളെക്കുറിച്ചുള്ള വ്യക്തമായ സൂചനയാണ്. മുസ്‌ലിംകളും ക്രൈസ്തവരും ദളിതരും ഇല്ലാത്ത ശക്തമായ ജാതീയ വിഭജനം നിലനില്‍ക്കുന്ന ഇന്ത്യയുടെ സൃഷ്ടിപ്പാണ് അവരുടെ അജന്‍ഡ. ഇതര മതസ്ഥരോട് മാത്രമല്ല, യഥാര്‍ഥ ഹിന്ദു വിശ്വാസികളോടും ഇവര്‍ക്കു പൊരുത്തപ്പെടാനാകില്ല. ഹുന്ദുത്വ ശക്തികള്‍ ദളിതരുടെയും കീഴ്ജാതിക്കാരുടെയും ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും ഹിന്ദുയിസത്തിന് പാരമ്പര്യമായി ലഭിച്ചിരിക്കുന്ന സഹിഷ്ണുതയേയും ബഹുസ്വരതയേയും നശിപ്പിക്കുകയുമാണ്. ഈ ഉന്മൂലന സിദ്ധാന്തത്തോട് ശക്തമായി വിയോജിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്ക് സര്‍വവിധ ഒത്താശകളും ചെയ്യുകയാണെന്നതാണ് ദുഃഖകരം. ഇതാണ് രാജ്യവ്യാപകമായി സാംസ്‌കാരിക മേഖല പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ ഇടയാക്കിയത്.

തികഞ്ഞ ഹിന്ദുമത വിശ്വാസിയായിരിക്കെ തന്നെ മറ്റു മതസ്ഥരോട് സഹിണുതയോടെ വര്‍ത്തിക്കണമെന്ന് വിശ്വസിക്കുകയും അതെങ്ങനെ സാധ്യമാക്കാമെന്ന് ജീവിതത്തിലൂടെ കാണിച്ചുതരികയും ചെയ്യുന്ന എഴുത്തുകാരനാണ് രാമനുണ്ണി. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ 1955ല്‍ ദാമോദരന്‍ നായരുടെയും ജാനകിയമ്മയുടെ മകനായി ജനിച്ച രാമനുണ്ണി പൊന്നാനിയുടെയും മതസൗഹാര്‍ദം പൂത്തുനില്‍ക്കുന്ന അന്തരീക്ഷത്തിലാണ് വളര്‍ന്നത്. പാരമ്പര്യമായി താന്‍ ഉള്‍ക്കൊണ്ട ഹിന്ദുമതത്തെയെന്ന പോലെ മറ്റു മതങ്ങളെയും മതസ്ഥരെയും ആദരിക്കാനുള്ള മനോഭാവം മനസ്സില്‍ രൂഢമൂലമാകാന്‍ ഈ അന്തരീക്ഷം അദ്ദേഹത്തെ സഹായിച്ചു. രാജ്യത്തെങ്ങും ഉടലെടുത്ത ഹിന്ദുത്വവാദികളുടെ അസഹിഷ്ണുതയും ഉന്മൂലന സിദ്ധാന്തവും സ്വാധീനിച്ചില്ലെന്ന് മാത്രമല്ല, അവയോടെല്ലാം അദ്ദേഹം ശക്തമായി വിയോജിക്കുകയും ചെയ്യുന്നു. തന്റെ എഴുത്തുകളിലും പ്രഭാഷണങ്ങളിലുമെല്ലാം മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും മഹിത സന്ദേശങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. സ്വതന്ത്രമായി ചിന്തിക്കുകയും ചുറ്റുപാടുകളെ കണ്ണുതുറന്നു വീക്ഷിക്കുകയും ചെയ്യുന്നവരുടെയെല്ലാം വീക്ഷണഗതി ഇതുതന്നെയാണ്. അവര്‍ക്ക് ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനകളുമായോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായോ ഒത്തുപോകാനാകില്ല.