പരിസ്ഥിതി നിരീക്ഷണത്തിന് ദുബൈ നഗരസഭ സാറ്റലൈറ്റ് വിക്ഷേപിക്കും

Posted on: February 14, 2018 8:38 pm | Last updated: February 14, 2018 at 8:38 pm
ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസ്സൈന്‍ നാസര്‍ ലൂത്ത ലോകഭരണകൂട ഉച്ചകോടിയില്‍ സംസാരിക്കുന്നു

ദുബൈ: യു എ ഇയുടെ പരിസ്ഥിതി നിരീക്ഷണത്തിന് ദുബൈ നഗരസഭ സാറ്റലൈറ്റ് വിക്ഷേപിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസ്സൈന്‍ നാസര്‍ ലൂത്ത. ലോക ഭരണകൂട ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദ്ര നിരീക്ഷണം, അന്തരീക്ഷത്തിലെ വായുവിന്റെ ഗുണമേന്മ എന്നിവ പരിശോധിക്കുന്നതിന് പ്രയോജനപ്പെടുന്ന സാറ്റലൈറ്റിന് ഡിഎം-സാറ്റ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരം വിദഗ്ധ സമിതിയാണ് നഗരസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ശൈഖ് മുഹമ്മദിന്റെ ധിഷണാപരമായ നേതൃ പാടവത്തിന് കീഴില്‍ മികച്ചതും ഉന്നതമായതുമായ സ്ഥാനം ലോക രാജ്യങ്ങള്‍ക്കിടയില്‍ ദുബൈ നേടിയെടുത്തിട്ടുണ്ട്. ശൈഖ് മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം ആഗോള തലത്തില്‍ ദുബൈ അതി നൂതനമായ സ്മാര്‍ട് സംവിധാനങ്ങളോടെ അതിശീഘ്രം മുന്നേറുന്ന നഗരമായി മാറി. ലോകത്തെ ഏറ്റവും മികച്ചത് എന്ന നിലയിലേക്ക് കൂടുതല്‍ എടുക്കുന്നതിനുള്ള ദുബൈയുടെ പ്രയാണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ക്രിയാത്മകത എങ്ങിനെ ഭാവിയെ രൂപപ്പെടുത്തുന്നു എന്ന പ്രമേയത്തില്‍ നടന്ന സെഷനിലാണ് ലൂത്ത സംവദിച്ചത്.

പരിസ്ഥിതി സൗഹൃദ അന്തരീക്ഷം നില നിര്‍ത്തി രാജ്യത്തെ സമൂഹത്തെ കൂടുതല്‍ സന്തോഷകരമായ ജീവിത ശൈലിയിലേക്ക് നയിക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യയിലൂന്നിയ വിവര ശേഖരണത്തിനും അവയെ അപഗ്രഥിച്ചു വികസനത്തിന്റെ വേഗത കൂട്ടുന്നതിനുള്ള ഉപാധിയാക്കാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

സുസ്ഥിരമായ സാമ്പത്തിക ഭദ്രതക്കും ഭരണകൂടങ്ങള്‍ക്ക് സവിശേഷമായ രീതിയില്‍ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിനും ഇതിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ കരുത്ത് പകരും. നൂതന നഗരത്തിന്റെ സവിശേഷത എക്കാലവും നില നിര്‍ത്തുന്നതിന് സാറ്റലൈറ്റിലൂടെ കൈമാറുന്ന വിവരങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.

നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവരിക്കാന്‍ ഉതകുന്ന ഡി എം-സാറ്റാണ് വിക്ഷേപിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.