മലക്കം മറിഞ്ഞ് സംവിധായകന്‍; സിനിമയിലെ ഗാനം തല്‍കാലം പിന്‍വലിക്കുന്നില്ല

Posted on: February 14, 2018 7:08 pm | Last updated: February 15, 2018 at 10:32 am

ഹൈദരാബാദ്/ കൊച്ചി: സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ ഹിറ്റ് ഗാനത്തെ ചൊല്ലി സംവിധായകന്റെ മലക്കം മറിച്ചില്‍. പിന്‍വലിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞതിന് പിന്നാലെ പിന്‍വലിക്കില്ലെന്ന് തിരുത്തിയത്. ഷാന്‍ റഹ്മാനുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു പുതിയ തീരുമാനം. ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഹൈദരാബാദ് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഒമര്‍ ലുലു ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഗാനമാണ് വിവാദമായത്. യൂട്യൂബില്‍ ഗാനം റിലീസ് ചെയ്തതിന് പിന്നാലെ വന്‍ ഹിറ്റായിരുന്നു. നാലര മില്യണിലധികം ആളുകളാണ് ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ കണ്ടത്.

ഗാനരംഗത്തില്‍ അഭിനയിച്ച പുതുമുഖ നടി പ്രിയ വാര്യരെയും ഒമര്‍ ലുലുവിനെയും പ്രതിയാക്കിയാണ് ഹൈദരാബാദിലെ ഫലഖ്‌നാമ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരു പറ്റം യുവാക്കളാണ് ഗാനത്തിനെതിരെ പോലീസില്‍ പരാതിപ്പെട്ടത്. ഗാനത്തിന്റെ ഇംഗ്ലീഷ് തര്‍ജമ കണ്ടപ്പോഴാണ് അതില്‍ മതവികാരം വ്രണപ്പെടുത്തുന്ന ഭാഗം ഉണ്ടെന്ന് കണ്ടെത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരന്നു.

ഗാനം റിലീസായതിന് പിന്നാലെ ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യരും റോഷനും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.പുറത്തിറങ്ങാനിരിക്കുന്ന സിനിമയിലെ ഈ ഗാനരംഗം വെറും നാല് ദിവസം കൊണ്ട് 4.4 മില്യണിലധികം ആളുകളാണ് യൂട്യൂബില്‍ കണ്ടത്. യൂട്യൂബ് ട്രന്റഡിംഗില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലും ഈ ഗാനവും അതുമായി ബന്ധപ്പെട്ട വീഡിയോകളുമാണ് ഉള്ളത്.പഴയ മാപ്പിളപ്പാട്ട് ഗാനം റീമേക്ക് ചെയ്താണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.