Connect with us

Eranakulam

കപ്പല്‍ ശാലയിലെ പൊട്ടിത്തെറി ഒഴിവാക്കാനാകുമായിരുന്നുവെന്ന് ഷിപ്പിംഗ് ജോയിന്റ് ഡിജി

Published

|

Last Updated

കൊച്ചി: കൊച്ചി കപ്പല്‍ നിര്‍മാണ ശാലയിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് ഷിപ്പിംഗ് ജോയിന്റ് ഡിജി അജിത്ത്കുമാര്‍ സുകുമാരന്‍. പരിശോധനയിലെ വീഴ്ചയാകാം അപകടകാരണമെന്നും അദ്ദേഹം പറഞ്ഞു. ഏതുതരം വാതകചോര്‍ച്ചയും പരിശോധനയില്‍ കണ്ടെത്താന്‍ കഴിയും. മുന്‍കൂട്ടി നിശ്ചയിച്ചുള്ള ജോലിക്കിടെയുണ്ടായ അപകടം അശ്രദ്ധയുടെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി കപ്പല്‍ശാലയില്‍ കപ്പലിലുണ്ടായ സ്‌ഫോടനത്തില്‍ ഇന്നലെ അഞ്ച് പേരാണ് മരിച്ചത്. അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ഒ എന്‍ ജി സിയുടെ എണ്ണപര്യവേക്ഷണ കപ്പലായ സാഗര്‍ ഭൂഷണിലാണ് അപകടം. കപ്പലിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് വെള്ളം ശേഖരിക്കുന്ന ബല്ലാസ്റ്റ് ടാങ്കില്‍ ഇന്നലെ രാവിലെ 9.15 ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. അറ്റകുറ്റപ്പണിക്കായി കപ്പല്‍ ഡ്രൈഡോക്കിലായിരുന്നു. വെല്‍ഡിംഗിനുള്ള അസെറ്റലിന്‍ വാതകമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ടാങ്കിന്റെ സ്റ്റീല്‍ പ്ലേറ്റുകള്‍ മുറിച്ച് വെല്‍ഡ് ചെയ്യുന്ന ജോലികളാണ് പുരോഗമിച്ചുകൊണ്ടിരുന്നത്.

അപകടത്തെ തുടര്‍ന്ന് അഞ്ച് പേര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പത്തനംതിട്ട ഏനാത്ത് ചാരുവിള വടക്കേതില്‍ ജെവിന്‍ റെജി, കൊച്ചി മൈനാഞ്ചിമുക്ക് കുറുപ്പശ്ശേരി പുത്തന്‍വീട്ടില്‍ കെ ബി ജയന്‍, തൃപ്പൂണിത്തുറ എരൂര്‍ ചെമ്പനേഴത്ത് സി എസ് ഉണ്ണികൃഷ്ണന്‍ (46), എരൂര്‍ വെളിയില്‍ മഠത്തിപ്പറമ്പില്‍ എം വി കണ്ണന്‍ (44), വൈപ്പിന്‍ മാലിപ്പുറം പള്ളപ്പറമ്പില്‍ എം എം റംഷാദ് (22) എന്നിവരാണ് മരിച്ചത്. സ്‌ഫോടനം നടക്കുമ്പോള്‍ ഇരുപത് തൊഴിലാളികളാണ് കപ്പലിന്റെ ടാങ്കിന്റെ അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നത്.