ശുഐബിനെ കൊന്നവരെ പിടികൂടാനാകാതെ പോലീസ്; പ്രതിഷേധം ശക്തം

Posted on: February 14, 2018 10:35 am | Last updated: February 14, 2018 at 12:58 pm

കണ്ണൂര്‍/ മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും സജീവ സുന്നി പ്രവര്‍ത്തകനുമായ എടയന്നൂരിലെ എസ് വി ശുഐബ് (29) നെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടാനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി 24 മണിക്കൂര്‍ ഉപവാസ സമരം നടത്തുകയാണ്.

തിങ്കളാഴ്ച രാത്രി 11 മണിയോടെ തെരൂരില്‍ വെച്ച് ഒരു സംഘം ബേംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഐബിനെയും സുഹൃത്തുക്കളെയും വെട്ടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകും വഴി രാത്രി ഒരു മണിയോടെയാണ് മരണം. പരുക്കേറ്റ എസ് വൈ എസ് യൂനിറ്റ് വൈസ് പ്രസിഡന്റ് കെ റിയാസ് (40), നൗഷാദ് (30) എന്നിവര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടുക്കം രേഖപ്പെടുത്തി.

നേരത്തെ എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ് എഫ് ഐ – കെ എസ് യു സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ശുഐബിന്റെ കൊലപാതകമെന്ന് കരുതപ്പെടുന്നു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നില്‍ സി പി എമ്മാണെന്നും കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, കൊലപാതകത്തില്‍ പങ്കില്ലെന്ന് സി പി എം ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു.
അതിനിടെ, രണ്ടാഴ്ച മുമ്പ് സി പി എം നേതൃത്വത്തില്‍ മട്ടന്നൂരില്‍ നടത്തിയ പ്രകടനം വിവാദമായി. നിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നുള്ള മുദ്രാവാക്യങ്ങളടങ്ങിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സി പി എമ്മിന്റേതായി പ്രചരിക്കുന്നത്. കൊലപാതകവുമായി ബന്ധമില്ലെന്ന് സി പി എം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വീഡിയോ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്.
ശുഐബിന്റെ ദേഹത്ത് 36 ഓളം വെട്ടുകളേറ്റിട്ടുണ്ടെന്നാണറിയുന്നത്.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയിരുന്നു. മെഡിക്കല്‍കോളജ് മര്‍കസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുലത്വീഫ് സഅദി പഴശ്ശി നേതൃത്വം നല്‍കി. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എസ് വൈ എസ് കണ്ണൂര്‍ ജില്ലാ നേതാക്കള്‍ തുടങ്ങിയവരുമെത്തിയിരുന്നു.
മയ്യിത്ത് ഇന്നലെ രാത്രിയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ എടയന്നൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.