പ്രകാശ് രാജ് അടയാളപ്പെടുത്തുന്നത്‌

നമ്മുടെ ആശ്വാസ മേഖല(കംഫര്‍ട് സോണ്‍)കളില്‍ നിന്ന് നാം പുറത്തു വരേണ്ടതുണ്ടെന്നും അല്ലെങ്കില്‍ കാലം നമ്മളെ കുറ്റപ്പെടുത്തുമെന്നും പ്രകാശ് രാജ് മറ്റു സിനിമാക്കാരോടും കലാകാരന്മാരോടും പറയുന്നു. എനിക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ളത് ഇപ്പോഴത്തെ ഭരണകക്ഷിയോട് മാത്രമല്ലെന്നും എല്ലാ ഭരണക്കാരോടുമാണെന്നും, എല്ലാ യുവാക്കളും അത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും നിര്‍ഭയത്വമാണ് രാഷ്ട്രത്തിന്റെ മുന്നോട്ടു പോക്കിനാവശ്യമെന്ന് തെളിയിച്ചെടുക്കുകയും ചെയ്യണമെന്നും അദ്ദേഹം പറയുന്നു. ഫാന്‍സ് അസോസിയേഷനുകളെയും പി ആര്‍ ഏജന്‍സികളെയും വെച്ച് കൃത്രിമമായ താരപ്രഭയുണ്ടാക്കി അഹങ്കരിക്കുന്ന താരത്തമ്പുരാക്കന്മാര്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലുള്ളതെന്നുള്ള കൃത്യമായ സന്ദേശം തന്നെയാണ് പ്രകാശ് രാജ് നല്‍കുന്നത്.
Posted on: February 14, 2018 6:21 am | Last updated: February 14, 2018 at 12:23 am

ഇന്ത്യന്‍ സിനിമയിലെ, ഒന്നുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍ തെന്നിന്ത്യന്‍ സിനിമയിലെ, പ്രധാനപ്പെട്ട ഒരു അഭിനേതാവാണ് പ്രകാശ് രാജ്. രണ്ട് ദേശീയ പുരസ്‌കാരങ്ങളടക്കം കുറെയധികം പുരസ്‌കാരങ്ങള്‍ ലഭിച്ച പ്രകാശ് രാജ് തന്റേതായ ശൈലിയില്‍ അഭിനയിക്കുന്നതിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ഒരാളാണ്. അതു മാത്രമല്ല, കൂടുതലും പ്രതിനായകവേഷങ്ങളാണ് അദ്ദേഹം ചെയ്യാറുള്ളത്. കാണികളുടെ വേണ്ടപ്പെട്ട ഒരു വില്ലനാണ് പ്രകാശ് രാജ് എന്നും ഒരു തരത്തില്‍ വ്യാഖ്യാനിക്കാം. വില്ലന്‍ വേഷങ്ങളിലൂടെ ജനപ്രിയനായി മാറിയ പ്രകാശ് രാജ് അടുത്ത കാലത്തായി വാര്‍ത്തകളില്‍ പക്ഷേ, നിറഞ്ഞു നില്‍ക്കുന്നത് മറ്റൊരു കാരണത്താലാണ്. നിര്‍ണായകമായ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അഭിപ്രായങ്ങള്‍ പറയാതെ ഒഴിഞ്ഞുമാറാന്‍ വേണ്ടി കുനിഞ്ഞിരുന്ന് ചിത്രം കോറി വരക്കുന്ന നമ്മുടെ പല താരത്തമ്പുരാക്കന്മാരില്‍ നിന്നും വ്യത്യസ്തമായി; സമകാലിക ഇന്ത്യയില്‍ ജനാധിപത്യസംസ്‌കാരത്തിനു വേണ്ടി നിലക്കൊള്ളുന്ന ഒരു പ്രമുഖ വ്യക്തിത്വം എന്ന നിലക്കാണ് പ്രകാശ് രാജ് സ്വയം അടയാളപ്പെടുത്തുന്നത്. 2017 ഡിസംബറില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെയും ഈയടുത്ത ദിവസം കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ഉദ്ഘാടന വേദികളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ സാന്നിധ്യവും വാക്കുകളുമായിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ക്കെതിരെയും അവരെ പിടികൂടാന്‍ അമാന്തിക്കുന്ന അഥവാ സംരക്ഷിക്കുന്ന ഭരണകൂട താത്പര്യങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ചതിന്റെ പേരില്‍ അദ്ദേഹം ഫാസിസ്റ്റ് ശക്തികളുടെ നോട്ടപ്പുള്ളിയായി മാറി. അതിന്റെ ഒരു പ്രതികരണവും പ്രതിരോധവുമെന്ന നിലക്കാണ് കേരളത്തിലടക്കം നിരവധി ഇടങ്ങളിലെ പുരോഗമന വേദികളില്‍ അദ്ദേഹം വ്യാപകമായി ക്ഷണിക്കപ്പെടുന്നത്.

നാം ഭീരുക്കളായി മാറിയാല്‍ മുഴുവന്‍ സമൂഹവും ഭീരുത്വത്തിന് അടിപ്പെടും എന്ന ഒരു മുന്നറിയിപ്പ് അദ്ദേഹം നല്‍കുകയുണ്ടായി. നിറഞ്ഞ കൈയടികളോടെയാണ് ഐ എഫ് എഫ് കെയിലെ പ്രേക്ഷകര്‍ ഈ ആഹ്വാനം സ്വീകരിച്ചത്. മാത്രമല്ല, വാട്‌സ് ആപ്പ്, ഫേസ് ബുക്, ട്വിറ്റര്‍, യൂട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വ്യാപകമായി പങ്കുവെക്കപ്പെടുകയും ചെയ്തു. കേരളത്തിലേക്ക് വരുമ്പോള്‍ പ്രത്യേകം എഴുതിത്തയ്യാറാക്കി സ്വയം സെന്‍സര്‍ ചെയ്ത ഒരു പ്രസംഗമെനിക്ക് കൈയില്‍ കൊണ്ടു വരേണ്ടതില്ലെന്നും, കാരണം എനിക്കിവിടെ മനസ്സു തുറന്ന് സംസാരിക്കാമെന്നും അദ്ദേഹം ആശ്വസിച്ചു. മലയാള സിനിമയിലെയും ഇഷ്ടതാരമായ പ്രകാശ് രാജ്, മോഹന്‍ലാലിനൊപ്പം ഒടിയന്‍ എന്ന പുതിയ സിനിമയില്‍ അഭിനയിക്കുന്നുമുണ്ട്. നിര്‍വൃതിയോടെ ശ്വാസം വിടാന്‍ പോലും പറ്റിയ ഒരു സ്ഥലം കേരളമല്ലാതെ ഇന്ത്യയിലെവിടെയാണിന്നുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു. ബെംഗളൂരുവില്‍ താമസിക്കുന്ന പ്രകാശ് രാജിന്റെ അമ്മ കന്നട ഭാഷക്കാരിയും അച്ഛന്‍ തുളു സംസാരിക്കുന്ന ആളുമാണ്. ദക്ഷിണ കന്നട പ്രദേശത്തോട് അതിനാല്‍ തന്നെ സാംസ്‌കാരികമായ അടുപ്പമുള്ള അദ്ദേഹത്തിന്റെ തുറന്നടിച്ചതും ഗംഭീരവുമായ അഭിപ്രായപ്രകടനങ്ങളില്‍, ആ പ്രദേശം അടിസ്ഥാനമാക്കി കര്‍ണാടകത്തിലും കേരളത്തിലും സ്വാധീനം വര്‍ധിപ്പിക്കാന്‍ പരിശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് അസ്വസ്ഥത ഉണ്ടാകുന്നതും സ്വാഭാവികമായ കാര്യമാണ്.

ഞാനൊരു കലാകാരനായതു കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്; ആ ഉത്തരവാദിത്തം എനിക്കുണ്ട്. എന്നെ നിശ്ശബ്ദനാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ശബ്ദം കൂടുതല്‍ ഉയരുകയാണ് ചെയ്യുക. ഞാനേതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്യുന്നില്ല. കലാകാരന്‍ അതും സിനിമാ താരമെന്ന നിലക്ക് സമൂഹത്തിന്റെയാകെ പ്രീതിയും പിന്തുണയുമുള്ള ആളുകളാണ് ഞങ്ങള്‍. അതുകൊണ്ടു തന്നെ സമൂഹത്തെ ഭയത്തിന്റെ വേട്ടയാടലില്‍ നിന്ന് വിമോചിപ്പിക്കാനാവശ്യമായ ഇടപെടലിന്റെ ഉത്തരവാദിത്തം ഞങ്ങളില്‍ നിക്ഷിപ്തമാണെന്നും പ്രകാശ് രാജ് പറയുകയുണ്ടായി. അധികാരതാത്പര്യത്തോടെ രാഷ്ട്രീയത്തിലിറങ്ങിയവരും ഇപ്പോള്‍ ഇറങ്ങുന്നവരുമായ പല താര രാജാക്കന്മാരും നിശ്ശബ്ദരാകുന്ന മേഖലകളിലും കാലങ്ങളിലുമാണ് പ്രകാശ് രാജ് സ്വയം വെളിപ്പെടുത്തുന്നതെന്നതും എടുത്തു പറയേണ്ടതാണ്. തനിക്കു നേരെയുള്ള ഭീഷണികളെ അദ്ദേഹം പുഛിച്ചു തള്ളുന്നു. എന്നെ ഒരു പക്ഷേ സിനിമാ മേഖലയില്‍ നിന്ന് പുറത്താക്കാനോ, എന്റെ അവസരങ്ങള്‍ ഗണ്യമായി കുറക്കാനോ എതിരാളികള്‍ക്ക് കഴിഞ്ഞേക്കാം. ഞാനതില്‍ വേവലാതിപ്പെടുന്നില്ല, കാരണം അത്യാവശ്യത്തില്‍ കൂടുതല്‍ പണമൊക്കെ എന്റെ കൈവശമുണ്ട് എന്നും അദ്ദേഹം രാഷ്ട്രീയമായി അഹങ്കരിക്കുന്നു. വിനയനാട്യങ്ങളേക്കാള്‍ അഹങ്കാരത്തിനും, ദാരിദ്ര്യത്തേക്കാള്‍ ‘ധനികത’ക്കും ധാര്‍മികമായി മേല്‍ക്കൈ കിട്ടുന്ന അപൂര്‍വം അവസരങ്ങളിലൊന്നായി പ്രകാശ് രാജിന്റെ ഈ അഭിപ്രായങ്ങള്‍ അനുഭവപ്പെടുന്നു.
ഈയടുത്ത ദിവസം കര്‍ണാടകയിലെ സിര്‍സിയില്‍ നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തുകയുണ്ടായി. അതിന്റെ പിറ്റേന്ന് ബിജെപിയുടെ യുവജനവിഭാഗം ആ വേദി ഗോമൂത്രം കൊണ്ട് ശുദ്ധീകരിച്ചു. ഈ സംഭവത്തോട് പ്രതികരിച്ചു കൊണ്ട് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്, ഞാന്‍ പോകുന്നിടത്തൊക്കെ ഗോമൂത്രവുമായി ഇക്കൂട്ടര്‍ പിന്നാലെ വരുമോ എന്നാണ്. ജസ്റ്റ് ആസ്‌ക്കിംഗ് (വെറുതെ ചോദിക്കുക മാത്രം ചെയ്യുന്നു) എന്ന ഒരു ഹാഷ്ടാഗ് കാമ്പയിനും അദ്ദേഹത്തിന്റെ ട്വീറ്റുകളിലുണ്ട്. കേരളത്തില്‍ നിന്നുള്ള ആവേശം പങ്കിടാന്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കര്‍ണാടക, തമിഴ് നാട്, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളെ കാണാനും തന്റെ ആശങ്കകളും അഭിപ്രായങ്ങളും ഉന്നയിക്കാനും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്. ഗോമൂത്രം കൊണ്ട് തന്റെ സംസാരാന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ ശ്രമിച്ചവരോടുള്ള താങ്കളുടെ സമീപനമെന്തായിരിക്കും എന്ന സ്‌ക്രോള്‍ ഡോട്ട് ഇന്‍ പ്രതിനിധിയുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം; അവരെന്റെ ശത്രുക്കളല്ല എന്നും അവരെന്റെ അടുത്തു വരട്ടെ ഞാനവരെ കെട്ടിപ്പിടിച്ച് പറയും കുറച്ചുകൂടി വളര്‍ച്ച പ്രാപിക്കൂ എന്നുമായിരുന്നു.
നമ്മുടെ ആശ്വാസ മേഖല(കംഫര്‍ട് സോണ്‍)കളില്‍ നിന്ന് നാം പുറത്തു വരേണ്ടതുണ്ടെന്നും അല്ലെങ്കില്‍ കാലം നമ്മളെ കുറ്റപ്പെടുത്തുമെന്നും പ്രകാശ് രാജ് മറ്റു സിനിമാക്കാരോടും കലാകാരന്മാരോടും പറയുന്നു. എനിക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ളത് ഇപ്പോഴത്തെ ഭരണകക്ഷിയോട് മാത്രമല്ലെന്നും എല്ലാ ഭരണക്കാരോടുമാണെന്നും, എല്ലാ യുവാക്കളും അത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും നിര്‍ഭയത്വമാണ് രാഷ്ട്രത്തിന്റെ മുന്നോട്ടു പോക്കിനാവശ്യമെന്ന് തെളിയിച്ചെടുക്കുകയും ചെയ്യണമെന്നും അദ്ദേഹം പറയുന്നു. സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നതിന്റെ പരിണതഫലമെന്നോണം നിരവധി ഭീഷണികളും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. സൈബര്‍ലോകത്താണ് ഇത് കൂടുതലും കാണാന്‍ കഴിയുന്നത്. ഉദയവാണി എന്ന കന്നട ദിനപത്രത്തില്‍ അദ്ദേഹം ചെയ്തിരുന്ന കോളം ഇതിനിടയില്‍ അറിയിപ്പൊന്നുമില്ലാതെ പത്രമുടമകള്‍ നിര്‍ത്തുകയും ചെയ്തു. അതുകൊണ്ടൊന്നും എന്നെയവര്‍ക്ക് കെട്ടിയിടാനാവില്ലെന്നും അത്തരത്തിലുള്ള ശ്രമങ്ങള്‍ നദിയുടെ ഒഴുക്കിനെ നിര്‍ത്തിവെക്കാനുള്ള പരിശ്രമങ്ങള്‍ പോലെ വിഫലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനത്തെ തുടര്‍ന്ന് രണ്ടായിരത്തിലധികം തെരുവുനാടക വേദികളില്‍ അഭിനയിച്ച് തഴക്കം വന്ന പ്രകാശ് രാജ് തന്റെ വളര്‍ച്ചക്കു പിറകിലുള്ള പ്രമുഖ കലാകാരന്മാരായിരുന്ന പി ലങ്കേഷിനേയും (ഗൗരി ലങ്കേഷിന്റെ പിതാവ്) തേജസ്വിയേയും പോലുള്ളവരോട് തനിക്ക് ഉത്തരങ്ങള്‍ പറയേണ്ടതുണ്ടെന്ന് പറയുന്നു. അതുപോലെ, എനിക്ക് ഗാന്ധിയോടും അംബേദ്ക്കറോടും ഉത്തരങ്ങള്‍ പറയേണ്ടതുണ്ട്.

ഫാന്‍സ് അസോസിയേഷനുകളെയും പി ആര്‍ ഏജന്‍സികളെയും വെച്ച് കൃത്രിമമായ താരപ്രഭയുണ്ടാക്കി അഹങ്കരിക്കുന്ന താരത്തമ്പുരാക്കന്മാര്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലുള്ളതെന്നുള്ള കൃത്യമായ സന്ദേശം തന്നെയാണ് പ്രകാശ് രാജ് നല്‍കുന്നത്. അഭിവാദനങ്ങള്‍.