കശ്മീരികളും ഇന്ത്യക്കാരാണ്

Posted on: February 14, 2018 6:19 am | Last updated: February 14, 2018 at 12:21 am

കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനം സൈനിക ശക്തികൊണ്ട് അടിച്ചമര്‍ത്താമെന്ന ധാരണ അസ്തമിക്കുകയാണ്. തീവ്രവാദ ആക്രമണം അതിര്‍ത്തി മേഖലയില്‍ പൂര്‍വോപരി ശക്തമാണിപ്പോള്‍. ശനിയാഴ്ച പുലര്‍ച്ചെ സുന്‍ജവാന്‍ സൈനിക ക്യാമ്പിനു നേരെ നടന്ന ആക്രമണത്തില്‍ ആറ് സൈനികരും ഒരു സൈനികന്റെ പിതാവുമടക്കം ഏഴ് പേര്‍ മരിച്ചു. അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ വാര്‍ഷിക ദിനമായിരുന്നതിനാല്‍ അന്ന് തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നിട്ടും പ്രതിരോധിക്കാനായില്ല. തൊട്ടടുത്ത ദിവസം ശ്രീനഗറിലെ കാരന്‍ നഗറിലുണ്ടായ ഭീകരാക്രമണത്തില്‍ 49 ബറ്റാലിയനിലെ സി ആര്‍ പി എഫ് ജവാനും കൊല്ലപ്പെട്ടു.

ഇനി എന്തു ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് കേന്ദ്ര സര്‍ക്കാര്‍. പാക്കിസ്ഥാന്റെ പിന്തുണയോടെയാണ് സുന്‍ജവാനിലെ തീവ്രവാദ ആക്രമണമെന്ന് ആരോപിച്ചു മിന്നലാക്രമണത്തിലൂടെ പാക്‌സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മിന്നലാക്രമണമല്ല, പാക്കിസ്ഥാനുമായുള്ള തുറന്ന ചര്‍ച്ചയാണ് ശരിയായ മാര്‍ഗമെന്നാണ് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കേന്ദ്ര തീരുമാനത്തെക്കുറിച്ചു പ്രതികരിച്ചത്. ഒന്നര വര്‍ഷം മുമ്പ് നടത്തിയ മിന്നലാക്രമണം ഫലം കാണാത്ത സാഹചര്യത്തിലായിരിക്കണം മെഹ്ബൂബയെ ഈ നിലപാടിലെത്തിച്ചത്. 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തിനു പിന്നാലെ 2016 സെപ്തംബര്‍ 28നാണ് ഇന്ത്യ മിന്നലാക്രണം നടത്തിയത്. പക്ഷേ പാക് സൈന്യത്തില്‍ ഇത് യാതൊരു പ്രതിഫലനവുമുണ്ടാക്കിയിട്ടില്ല. അതിര്‍ത്തി ലംഘനവും വെടിവെപ്പും പിന്നെയും തുടരുകയാണ്.
തീവ്രവാദ സംഘടനകളില്‍ അംഗമാകുന്ന കശ്മീരീ യുവാക്കളുടെ എണ്ണത്തിലെ ആശങ്കാവഹമായ വര്‍ധനവും സൈനിക നടപടി വിപരീത ഫലമേ ഉളവാക്കൂ എന്നാണ് ബോധ്യപ്പെടുത്തുന്നത്. 2017ല്‍ മാത്രം 126 പേരാണ് തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നത്. 2013ല്‍ ഇത് 16 പേര്‍ മാത്രമായിരുന്നു. മുഖ്യമന്ത്രി മെഹബൂബ മുഫ്തി തന്നെയാണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2014 മുതലാണ് തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. മോദി സര്‍ക്കാര്‍ വന്ന ശേഷം അക്രമത്തിലും സംഘ്പരിവാര്‍ നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളിലും ഉണ്ടായ വര്‍ധനവും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള നീക്കങ്ങളുമാണ് കാരണമെന്നാണ് വിലയിരുത്തല്‍. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് ജമ്മുവില്‍ ചെന്ന് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചത് കശ്മീരില്‍ ഉണ്ടാക്കിയ രൂക്ഷമായ പ്രതിഷേധം വിസ്മരിക്കാറായിട്ടില്ല.

സുന്‍ജവാന്‍ സൈനിക ക്യാമ്പ് ആക്രമണവുമായി പാക്കിസ്ഥാന് ബന്ധമില്ല, കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന ക്രൂരമായ അതിക്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് തങ്ങള്‍ക്കെതിരെ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നാണ് പാക് വിദേശകാര്യ മന്ത്രാലയം പറയുന്നത്. അത് അവിശ്വസനീയമാണെങ്കില്‍ തന്നെയും പാക്കിസ്ഥാനൊപ്പം മറ്റു ചില ബാഹ്യശക്തികളുടെ സഹായവും കശ്മീര്‍ തീവ്രവാദികള്‍ക്ക് ലഭിക്കുന്നില്ലേയെന്ന് സന്ദേഹിക്കേണ്ടതുണ്ട്. പലപ്പോഴും അമേരിക്കന്‍ നിര്‍മിത ആയുധങ്ങളാണ് തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുക്കുന്നത്. ഇതെങ്ങിനെ അവരുടെ കരങ്ങളിലെത്തുത്തുന്നു? പാക് സൈന്യം നല്‍കുന്നതോ അതോ സി ഐ എ എത്തിച്ചുകൊടുക്കുന്നതോ? അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കേണ്ടത് അമേരിക്കയുടെ വാണിജ്യ, രാഷ്ട്രീയ ആവശ്യമാണ്. പാക്കിസ്ഥാനും ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹൃതമായാല്‍ ഇന്ത്യയുടെ വികസനപരമായ മുന്നേറ്റം ശക്തിപ്പെടുകയും വന്‍ശക്തികളിലൊന്നായി രാജ്യം മാറുമെന്നും അമേരിക്ക ആശങ്കിക്കുന്നുണ്ട്.

അതിര്‍ത്തിക്കപ്പുറത്തു നിന്നെത്തുന്ന കള്ളനോട്ടുകളാണ് തീവ്രവാദികളുടെ സാമ്പത്തിക സ്രോതസ്സെന്നായിരുന്നു മോദി പറഞ്ഞത്. നോട്ട് നിരോധത്തിന് ഉയര്‍ത്തിക്കാണിച്ചിരുന്ന ഒരു ന്യായീകരണവും ഇതായിരുന്നു. എന്നാല്‍, നിരോധത്തിന് ശേഷവും അതിര്‍ത്തിയില്‍ തീവ്രവാദത്തിന് കുറവില്ലെന്നു മാത്രമല്ല ശക്തിപ്പെടുകയാണുണ്ടായത്. ഇനിയെങ്കിലും പ്രശ്‌നത്തിന്റെ മര്‍മം കണ്ടെത്തി പരിഹരിക്കാനുള്ള വിവേകം സര്‍ക്കാര്‍ പ്രകടിപ്പിക്കണം. വിഷയത്തെ ദേശീയ സുരക്ഷയുടെ ചട്ടക്കൂട്ടില്‍ മാത്രം നോക്കിക്കാണുന്ന സര്‍ക്കാര്‍ സമീപനമാണ് പ്രശ്‌നം അപരിഹാര്യമായി തുടരാനും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കാനും കാരണമെന്ന് മുന്‍ വിദേശകാര്യമന്ത്രിയും ബി ജെ പി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് ഘട്ടങ്ങളിലായി കശ്മീര്‍ സന്ദര്‍ശിച്ചു നടത്തിയ പഠനത്തിന് ശേഷം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതാണ്. ഇന്ത്യയും പാക്കിസ്ഥാനും കശ്മീരികളും പങ്കാളികളായ ചര്‍ച്ചകള്‍ക്കേ പ്രശ്‌നപരിഹാരത്തിലേക്കെത്തൊന്‍ കഴിയൂ എന്നും യശ്വന്ത് സിന്‍ഹ സമിതി റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ഇതു തന്നെയാണ് കശ്മീരികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതും. മെഹ്ബൂബ മുഫ്തിയും അത് ശരിവെക്കുന്നു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ഭരണാധികാരികള്‍ അടിക്കടി പറയുമ്പോള്‍, കശ്മീരികളെ ഇന്ത്യക്കാരായി കാണാന്‍ തയാറാകുന്നില്ല. അവരെ സൈന്യത്തിന്റെ മാരകമായ ആയുധങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ സ്വന്തം പൗരന്മാരായി കാണാനുള്ള വിശാല മനസ്‌കത കാണിച്ചാലേ സമാധാന നീക്കങ്ങള്‍ ഫലപ്രദമാവുകയുള്ളൂ.