Connect with us

Kerala

നിളാ തീരത്തെത്തി; നാലായിരം കാതം അകലത്തെ അഥിതി

Published

|

Last Updated

പാലക്കാട്: നാലായിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ച് ദേശാടനപ്പക്ഷിയായ മാര്‍ഷ് സാന്റ് പൈപ്പര്‍ നിളാതടത്തിലെത്തി. ഭാരതപ്പുഴയോട് ചേര്‍ന്ന തൃത്താല പ്രദേശത്തെ ചതുപ്പുനിലത്താണ് മാര്‍ഷ് സാന്റ് പൈപ്പര്‍ പക്ഷിയെ, പക്ഷി നിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാട് കണ്ടെത്തിയത്.
ചതുപ്പന്‍ കാടക്കൊക്ക് എന്ന് മലയാളത്തില്‍ പേരുള്ള മാര്‍ഷ് സാന്റ് പൈപ്പര്‍ സൈബീരിയയിലും പരിസര പ്രദേശങ്ങളിലും പ്രജനനം നടത്തുകയും തണുപ്പുകാലത്ത് ആഫ്രിക്ക, ആസ്‌ത്രേലിയ, തെക്ക് കിഴക്കനേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുകയും ചെയ്യുന്നു.
സാന്റ് പൈപ്പര്‍ കുടുംബത്തിലെ സാധാരണ സാന്റ് പൈപ്പര്‍ (നീര്‍ക്കാട), വുഡ് സാന്റ് പൈപ്പര്‍ (പുള്ളി കാടക്കൊക്ക്) ഗ്രീന്‍ ഷാങ്ക് (പച്ചക്കാലി) തുടങ്ങിയ പക്ഷികളെ ഭാരതപ്പുഴയോട് ചേര്‍ന്ന ഭാഗങ്ങളില്‍ ധാരാളമായി കാണാമെങ്കിലും മാര്‍ഷ് സാന്റ് പൈപ്പറിനെ കാണുന്നത് ആദ്യമായാണ്.

ഒറ്റക്കോ കുറച്ച് അംഗങ്ങളുള്ള സംഘമായോ സഞ്ചരിക്കുന്ന മാര്‍ഷ് സാന്റ് പൈപ്പര്‍ പക്ഷികള്‍ ചതുപ്പുനിലത്തിലെ ചെറുജീവികളെയാണ്് ഭക്ഷിക്കുക. ശരീരത്തിന്റെ പുറംഭാഗം ചാര നിറവും അടിഭാഗം വെളുപ്പുനിറത്തിലും ഉള്ള ഈ പക്ഷിയുടെ കൊക്ക് വണ്ണം കുറഞ്ഞ് നീളം കൂടിയതാണ്. ഗ്രീന്‍ ഷാങ്ക് (പച്ചക്കാലി) എന്ന പക്ഷിയോട് വളരെയേറെ രൂപസാദൃശ്യമുള്ള മാര്‍ഷ് സാന്റ് പൈപ്പര്‍, പച്ചക്കാലിയേക്കാള്‍ വലുപ്പത്തില്‍ ചെറുതാണ്. കൊക്കിന്റെ രൂപം നോക്കി ഇവയെ വേര്‍തിരിച്ചറിയാം.

മാര്‍ഷ് സാന്റ് പൈപ്പറിന്റെ ശരീരവലുപ്പം 25 സെന്റീമീറ്റര്‍ വരെയാണ്.
ദേശാടനപ്പക്ഷികളെത്തുന്ന ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പാലക്കാട് ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗത്ത് കൊയ്ത്തുകഴിഞ്ഞ് നെല്‍കൃഷി അവസാനിക്കുന്നതോടെ ഭാരതപ്പുഴയുടെ തീരത്തെ തൃത്താല മേഖലയിലെ ചുരുക്കം ചില തണ്ണീര്‍ത്തടങ്ങളിലാണ് ദേശാടനപ്പക്ഷികള്‍ എത്തുന്നത്.

 

Latest