Connect with us

National

രാമക്ഷേത്ര നിര്‍മാണം: രഥയാത്ര ആരംഭിച്ചു

Published

|

Last Updated

ലക്‌നോ: രാമക്ഷേത്രം നിര്‍മിക്കുമെന്ന പ്രതിജ്ഞയുമായി അയോധ്യയില്‍ രാമരാജ്യ രഥയാത്രക്ക് തുടക്കമായി. ജയ് ശ്രീറാം മുഴക്കിയും ക്ഷേത്രം നിര്‍മിക്കുമെന്ന പ്രതിജ്ഞയെടുത്തും രഥയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ ബി ജെ പി നേതാക്കളും സന്യാസിമാരും പങ്കെടുത്തു. വി എച്ച് പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് ഫഌഗ് ഓഫ് ചെയ്തു. തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടക ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന രഥയാത്ര രാമേശ്വരത്താണ് സമാപിക്കുന്നത്. കേരളത്തിലൂടെയും കടന്നുപോകുന്നുണ്ട്.

ബി ജെ പിയുടെ പ്രാദേശിക പാര്‍ലിമെന്റംഗം ലല്ലു സിംഗ് അടക്കമുള്ള നേതാക്കളും നിരവധി സന്യാസിമാരും ചടങ്ങില്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാവരും രാമക്ഷേത്രം നിര്‍മിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര വഴി കര്‍ണാടകയിലെത്തി കേരളത്തിലൂടെ കടന്ന് തമിഴ്‌നാട്ടിലാണ് യാത്ര അവസാനിക്കുന്നത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫഌഗ് ഓഫ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും ത്രിപുര തിരഞ്ഞെടുപ്പ് പ്രചാരണ തിരക്ക് കാരണം മാറിനില്‍ക്കുകയായിരുന്നു.

അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദു വോട്ടുകള്‍ ധ്രുവീകരിക്കാനുള്ള ബി ജെ പിയുടെ ശ്രമമാണ് രഥയാത്രയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. അതേസമയം സ്വകാര്യ കക്ഷി സംഘടിപ്പിക്കുന്നതാണെന്നാണ് ബി ജെ പിയുടെ അവകാശവാദം. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ ബി ജെ പി. എം പിയും മറ്റ് പ്രാദേശിക നേതാക്കളും പങ്കെടുത്തത് ഈ അവകാശവാദത്തെ പൊളിക്കുന്നതാണ്.
രാമക്ഷേത്ര നിര്‍മാണത്തില്‍ പൊതുജനാഭിപ്രായം രൂപവത്കരിക്കുകയാണ് ലക്ഷ്യമെന്ന് ഒരു വി എച്ച് പി നേതാവ് പറഞ്ഞു. ക്ഷേത്രനിര്‍മാണത്തില്‍ പൊതുജനങ്ങളെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും. പത്ത് ലക്ഷം ഒപ്പ് സമാഹരിക്കുകയെന്ന ലക്ഷ്യവുമുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.

രാമക്ഷേത്രത്തിന് ഉപയോഗിക്കാന്‍ രാജസ്ഥാനില്‍ നിന്ന് ലോഡ് കണക്കിന് ചുവന്ന കല്ലുകള്‍ എത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് രഥയാത്ര. സോമനാഥ് ക്ഷേത്ര വിഷയത്തില്‍ ഗുജറാത്ത് നിയമ നിര്‍മാണം നടത്തിയ മാതൃകയില്‍ രാമക്ഷേത്രത്തിന് പാര്‍ലിമെന്റ് നിയമം പാസ്സാക്കണമെന്നാണ് വി എച്ച് പിയുടെ ആവശ്യം.
ഇതേ ആവശ്യവുമായി 1990ല്‍ എല്‍ കെ അദ്വാനി രഥയാത്ര നടത്തിയിരുന്നു. പിന്നീട് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തതില്‍ അദ്വാനിയുടെ രഥയാത്ര ഏറെ സ്വാധീനിച്ചിരുന്നു. അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്തിരുന്നു.

 

---- facebook comment plugin here -----