Connect with us

Kerala

ബാര്‍ കോഴക്കേസ്: എല്‍ഡിഎഫ് തന്നെ വഞ്ചിച്ചുവെന്ന് ബിജു രമേശ്

Published

|

Last Updated

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ എല്‍ഡിഎഫ് തന്നെ വഞ്ചിച്ചുവെന്ന് ബാറുടമ ബിജു രമേശ്.

കേസുമായി മുന്നോട്ടുപോയാല്‍ ബാറുകള്‍ തുറക്കാനുള്ള സാഹചര്യം ഉണ്ടാക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ലെന്ന് ബിജു രമേശ് ആരോപിച്ചു. കെഎം മാണിക്കെതിരായ ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ കെഎം മാണിയും എല്‍ഡിഎഫും ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതായി സംശയിക്കുന്നുവെന്നും ബിജു രമേശ് ആരോപിച്ചു. സത്യം തെളിയിച്ചാല്‍ ബാറുകള്‍ തുറന്നുതരാം എന്നായിരുന്നു ഉറപ്പ്. എന്നാല്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ബിജു രമേശ് പറഞ്ഞു.

അതേസമയം ബിജു രമേശിനെതിരെ കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ഡോ.എന്‍ ജയരാജ് എംഎല്‍എ രംഗത്തെത്തി.

കെ.എം മാണിക്കെതിരെ ബാര്‍കോഴ കേസുമായി മുന്നോട്ട് പോയാല്‍ ബാറുകള്‍ തുറക്കാന്‍ സാഹചര്യം ഉണ്ടാക്കാമെന്ന സി.പി.എം ഉറപ്പു നല്‍കിയെന്ന ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വൈകിവന്ന കുറ്റസമ്മതമാണെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍കോഴ കേസ് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് പല തവണ ആവര്‍ത്തിച്ചതാണ്. തിരക്കഥ എഴുതിയവരും സംവിധാനം ചെയ്തവരും ആരാണെങ്കിലും കാലം കഴിയുമ്പോള്‍ എല്ലാം തെളിഞ്ഞുവരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജയരാജന്‍ പറഞ്ഞു.