Connect with us

Sports

ഐ ലീഗ്; ബഗാനെ അട്ടിമറിച്ച് കേരളം

Published

|

Last Updated

സാള്‍ട്ട്‌ലേക്കില്‍ ബഗാന്‍-ഗോകുലം കേരള മത്സരത്തിലെ നീക്കം

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതാപികളായ മോഹന്‍ ബഗാനെ അവരുടെ മടയില്‍ വെച്ച് ഗോകുലം കേരള എഫ് സി അട്ടിമറിച്ചു (1-2). രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും. എഴുപത്തേഴാം മിനുട്ടില്‍ മഹ്മൂദ് അല്‍ അജ്മിയിലൂടെ ഗോകുലം ലീഡെടുത്തു. ആതിഥേയര്‍ അസെര്‍ ദിപാന്ദ ഡിക്കയിലൂടെ തൊട്ടടുത്ത മിനുട്ടില്‍ തന്നെ മറുപടി നല്‍കി. സമനിലയിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ ഹെന്റി കിസെകയുടെ കണ്ണഞ്ചിപ്പിക്കുന്ന ഗോളില്‍ ബഗാന്‍ വിറച്ചു. തൊണ്ണൂറാം മിനുട്ടിലായിരുന്നു ഗോള്‍. ബോക്‌സിനുള്ളില്‍ വെച്ച് ഇടത് കാല്‍ കൊണ്ട് കിസെക ഷൂട്ട് ചെയ്യുമ്പോള്‍ ബഗാന്‍ ഗോളി അപകടം തിരിച്ചറിഞ്ഞില്ല.
ഈ വിജയത്തോടെ ഏറ്റവും പിറകിലാണെന്ന നാണക്കേടില്‍ നിന്ന് ഗോകുലം രക്ഷപ്പെട്ടു. 13 മത്സരങ്ങളില്‍ 13 പോയിന്റുമായി ഒമ്പതാം സ്ഥാനത്തേക്ക് കയറി. 15 മത്സരങ്ങളില്‍ 13 പോയിന്റുള്ള ചെന്നൈ സിറ്റി പത്താം സ്ഥാനത്തേക്ക് താഴ്ന്നു. മോഹന്‍ ബഗാന്‍ 14 മത്സരങ്ങളില്‍ 21 പോയിന്റുമായി നാലാം സ്ഥാനത്ത്.

കൊല്‍ക്കത്തയില്‍ ഗോകുലം കേരള ഭയമേതുമില്ലാതെയാണ് പന്ത് തട്ടിയത്. എതിര്‍ തട്ടകത്തില്‍ കളിക്കുന്നത് പോലെ തോന്നിയില്ല. ടോപ് ഫോറില്‍ ഇടം പിടിക്കേണ്ടതിന്റെ സമ്മര്‍ദം ബഗാന്‍ നിരയില്‍ കാണാമായിരുന്നു. ചെന്നൈ സിറ്റിക്കെതിരെ സമനിലയുമായി പിരിഞ്ഞ ടീമില്‍ വലിയ മാറ്റം വരുത്താന്‍ ബഗാന്‍ തയ്യാറായില്ല. ആകെ ഒരു മാറ്റം മാത്രം. അസ്ഹറുദ്ദീന്‍ മാലിക്കിന് പകരം എസ് കെ ഫയാസ്. ഗോള്‍ കീപ്പറായി ഷില്‍ട്ടണ്‍ പോള്‍ സ്ഥാനം നിലനിര്‍ത്തി.ഡിഫന്‍സില്‍ കിംഗ്‌സ്ലെ എസെയും റാണ ഗരാമിയും. മധ്യനിരയില്‍ കാമെറോണ്‍ വാട്‌സനും റെയ്‌നിയര്‍ ഫെര്‍നാണ്ടസും. അസെര്‍ഡിക്കയും ലെബനീസ് സ്‌ട്രൈക്കര്‍ അക്രം മൊഗ്രാബിയും അറ്റാക്കിംഗില്‍.
അതേസമയം കേരള ടീമില്‍ നാല് മാറ്റങ്ങള്‍ വരുത്തി കോച്ച് ബിനോ ജോര്‍ജ്. ബല്‍വീന്ദര്‍ സിംഗ്, എം ഡി ഡിബിന്‍, അര്‍ജുന്‍ ജയരാജ്, ലാല്‍ഡാംപുയ എന്നിവര്‍ക്ക് പകരം പ്രൊവാത് ലാക്ര, ഡാനിയല്‍ അഡോ, മുഹമ്മദ് റാഷിദ്, കിവി സിമോമി എന്നിവര്‍ ആദ്യ ലൈനപ്പില്‍ ഇടം പിടിച്ചു.

ആദ്യ മിനുട്ടില്‍ തന്നെ കേരള ടീമിന്റെ ഉദ്ദേശ്യം വ്യക്തമായി. മത്സരത്തിലെ ആദ്യ ഗോളവസരം ആദ്യ മിനുട്ടില്‍ തന്നെ ഗോകുലം കേരളക്കായിരുന്നു. വിജയ ഗോള്‍ നേടിയ ഹെന്റി കിസെകായുടെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. ബഗാന്റെ റൈറ്റ് ബാക്ക് അരിജിത് ബാഗുയിയെ മാന്ത്രികച്ചുവടുകളുമായി കബളിപ്പിച്ചാണ് കിസെക ഷോട്ടുതിര്‍ത്തത്. അര മണിക്കൂര്‍ പിന്നിടേണ്ടി വന്നു ബഗാന് ഒന്ന് താളം കണ്ടെത്താന്‍. അരിജിതും ഫയസാസും ആസ്‌ത്രേലിയന്‍ താരം വാട്‌സനും ചേര്‍ന്ന നീക്കമായിരുന്നു ബഗാന് ആദ്യപകുതിയില്‍ ജീവനേകിയത്.
രണ്ടാം പകുതിയില്‍ ബഗാന്റെ ആക്രമണത്തിന് മൂര്‍ച്ചയേറി. കേരളത്തിന്റെ പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ചെങ്കിലും ഫിനിഷിംഗില്‍ ബഗാന്‍ നിലവാരം പുലര്‍ത്തിയില്ല. അറുപത്തിമൂന്നാം മിനുട്ടില്‍ അക്രം പാഴാക്കിയത് സീസണിലെ തന്നെ ഏറ്റവും മികച്ച അവസരമായിരുന്നു. അരിജിതിന്റെ കൃത്യതയാര്‍ന്ന ക്രോസ് അക്രമിന് വലയിലേക്ക് തട്ടിയിടുകയെ വേണ്ടി വന്നുള്ളൂ. പക്ഷേ, അത് പോസ്റ്റില്‍ തട്ടി !

ആക്രമിച്ചു കയറുന്നതിനിടെയാണ് ബഗാന്റെ പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്ത് കേരളം സ്‌കോര്‍ ചെയ്തത്. ഭാവനാത്മകമായ നീക്കമായിരുന്നു അത്. ഹെന്റിക്ക് ലഭിച്ച ലോംഗ് ബോള്‍ നിയന്ത്രണത്തിലാക്കിയ ശേഷം ബോക്‌സിനുള്ളിലേക്ക് അജ്മിക്ക് തള്ളിക്കൊടുത്തു. മികച്ച ഫിനിഷിംഗ്, ഗോള്‍. തൊട്ടടുത്ത മിനുട്ടില്‍ തന്നെ ബഗാന്‍ ഗോള്‍ മടക്കിയത് മത്സരത്തിന്റെ തലം മാറ്റിമറിച്ചു. ബോക്‌സിന് പുറത്ത് വെച്ച് ബിമല്‍ ബഗാറിന് ഹെഡ് ചെയ്യാന്‍ പാകത്തിന് പന്തെത്തുന്നു. ബിമല്‍ ഹെ് ചെയ്ത് ഡിക്കയുടെ മുന്നിലേക്കിടുന്നു. ഡിക്ക ഹെഡ് ചെയ്ത് വലയിലാക്കുന്നു. മനോഹരമായ പ്ലാനിംഗില്‍ സംഭവിച്ച ഗോള്‍. അവസാന മിനുട്ടില്‍ ഗോകുലത്തിന് വേണ്ടി ഹെന്റി നേടിയ ഗോള്‍ അസാധ്യ ആംഗിളില്‍ നിന്നായിരുന്നു. സാള്‍ട്ട്‌ലേക്ക് ഒന്നടങ്കം നിശബ്ദമായി ഈ ഗോളിന്റെ ഊക്കില്‍.
17ന് കോഴിക്കോട് നടക്കുന്ന ഹോം മാച്ചില്‍ ഗോകുലം കേരള എഫ് സി കൊല്‍ക്കത്ത കരുത്തരായ ഈസ്റ്റ് ബംഗാളിനെ നേരിടും.