കേരള ബേങ്ക് ഓണത്തിനു മുമ്പ് യാഥാര്‍ഥ്യമാക്കും: മന്ത്രി

Posted on: February 13, 2018 8:04 am | Last updated: February 13, 2018 at 12:10 am

കണ്ണൂര്‍: മലയാളികള്‍ക്ക് ഓണസമ്മാനമായി കേരള ബേങ്ക് ഓണത്തിനുമുമ്പ് യാഥാര്‍ഥ്യമാക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള സഹകരണ കോണ്‍ഗ്രസ് സമാപനത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള ബേങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് ഇതിനകം സഹകാരി സമൂഹത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചിട്ടുണ്ട്. സഹകരണ കോണ്‍ഗ്രസും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. എന്നാല്‍, പ്രാഥമിക സഹകരണ ബേങ്കുകള്‍ ലയിപ്പിക്കുമോ എന്നാണ് ചിലരുടെ ആശങ്ക. അതില്‍ അടിസ്ഥാനമില്ല. ഈ ബേങ്കുകളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 42 ശതമാനം സഹകരണ ബേങ്കുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

കേരള ബേങ്ക് വരുന്നതോടെ ആധുനിക ബേങ്കിംഗ് സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ അത്തരം ബേങ്കുകള്‍ക്ക് സഹായം നല്‍കും. പുത്തന്‍തലമുറ ബേങ്കുകളും ദേശസാല്‍കൃത ബേങ്കുകളും നല്‍കുന്ന എല്ലാ സേവനങ്ങളും നല്‍കാനാകും വിധം പ്രാഥമിക സഹകരണ ബേങ്കുകള്‍ സജ്ജമാക്കും. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ശാക്തീകരിക്കും. ജനാധിപത്യപരമായി തിരഞ്ഞെടുക്കുന്ന ഭരണസമിതിയായിരിക്കും കേരള ബേങ്കിന്റേത്. പി എസ് സി വഴിയായിരിക്കും മുഖേനയായിരിക്കും. സഹകാരി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ സഹകരണ കോണ്‍ഗ്രസ് വിശദമായി ചര്‍ച്ച ചെയ്തു.
വൈവിധ്യവത്കരണവും ആധുനികവത്കരണവുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. ഉദ്യോഗസ്ഥരുടെ ജനസമ്പര്‍ക്കം വിപുലപ്പെടുത്താന്‍ അവര്‍ക്ക് ബി എസ് എന്‍ എല്‍ സി യു ജി (ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് താരിഫ്) നമ്പര്‍ നല്‍കും. പഴകിയ ഓഡിറ്റ് സംവിധാനമാണ് ചില സംഘങ്ങളിലെങ്കിലും ക്രമക്കേടുകള്‍ക്ക് കാരണം. ഇതു പരിഹരിക്കാന്‍ ഓഡിറ്റ് സംവിധാനം ക്രമവത്കരിക്കും.
സഹകരണ കോണ്‍ഗ്രസിന്റെ കാലാവധി അഞ്ച് വര്‍ഷമെന്നത് മൂന്ന് വര്‍ഷമായി പരിമിതിപ്പെടുത്തും. ഇതിനകം ആവിഷ്‌കരിച്ച പുതിയ സഹകരണ നയത്തിന് ഉടന്‍ കാബിനറ്റിന്റെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസമായി കണ്ണൂരില്‍ നടന്ന സഹകരണ കോണ്‍ഗ്രസ് ഒരു ലക്ഷം പേരുടെ വിളംബര ഘോഷയാത്രയോടെയാണ് സമാപിച്ചത്.