Connect with us

Articles

ഒന്ന് വഴി ചോദിക്കാന്‍ പേടിയാകുന്നു

Published

|

Last Updated

സാക്ഷരരാണ് മലയാളി സമൂഹം, സംസ്‌കാര സമ്പന്നരും. സാമൂഹിക മാധ്യമങ്ങളുള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങളെ ഒരുപരിധി വരെ കൃത്യമായി ഉപയോഗിക്കുന്നവര്‍. എന്നാല്‍ സ്വന്തം സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലും ഭീതിപരത്തുന്നതിലും മലയാളി ഒട്ടും പിന്നിലല്ലെന്ന് തെളിക്കുന്ന സംഭവ വികാസങ്ങളാണ് കുറേ ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്. മോഷ്ടാക്കളും കുറ്റവാളികളും ഇല്ലാത്ത ഒരു സമൂഹം ലോകത്തെവിടെയും ഇല്ല എന്നത് ഒരു വസ്തുതയാണ്. എന്നാല്‍, ഏതാനും ചില സംഭവങ്ങള്‍ ഒരു നാട്ടില്‍ നടന്നതിന്റെ പേരില്‍ നാട്ടില്‍ മുഴുവനും പ്രശ്‌നങ്ങളാണെന്നും കണ്ണില്‍ കാണുന്നവരെല്ലാം കുറ്റവാളികളാണെന്നുമുള്ള തരത്തില്‍ പ്രചാരണം നടത്തുന്നത് ഒരു തരത്തിലും ആശാസ്യമല്ല. പറഞ്ഞു വരുന്നത് കറുത്ത സ്റ്റിക്കറില്‍ തുടങ്ങി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങള്‍ നാട്ടില്‍ വിഹരിക്കുന്നുവെന്ന ഭീതിതമായ വാര്‍ത്തകളുടെ സാമൂഹിക മാനങ്ങളെക്കുറിച്ചാണ്.

കറുത്ത സ്റ്റിക്കറും
തട്ടിക്കൊണ്ടുപോകലും

കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ചു വീടുകള്‍ അടയാളപ്പെടുത്തുന്നുവെന്ന പ്രചാരണം കഴിഞ്ഞ ഡിസംബറില്‍ കോട്ടയം തലയോലപ്പറമ്പില്‍ നിന്നാണ് ആരംഭിച്ചത്. ഇപ്പോള്‍ അത് കേരളം മുഴുവനും വ്യാപിച്ചു കഴിഞ്ഞു. കവര്‍ച്ചക്കാര്‍ വീടുകള്‍ അടയാളപ്പെടുത്തിയതാണെന്ന വ്യാഖ്യാനമാണ് ആദ്യഘട്ടത്തില്‍ ഇതേ കുറിച്ചുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘങ്ങളാണ് പിന്നിലെന്നാണ് പ്രചാരണം.

കുട്ടികളെ കാണാതാകുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ എല്ലായിടത്തും തട്ടിക്കൊണ്ടു പോകലുണ്ടെന്നോ, ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെല്ലാം ഇതര സംസ്ഥാന തൊഴിലാളികളോ ഭിക്ഷയാചിച്ച് വരുന്നവരോ ആണെന്നോ പറയുന്നതില്‍ അര്‍ഥമില്ല. 2017 ല്‍ സംസ്ഥാനത്ത് 1774 കുട്ടികളെ കാണാതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞതാണ്. അതേസമയം, 2017ല്‍ കാണാതായവരില്‍ 1725 പേരെ നമ്മുടെ നിയമപാലകര്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. 49 കുട്ടികളെ കൂടി കണ്ടെത്താനുണ്ടെന്നും ഇവരെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ കുട്ടികളെ തട്ടികൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഇതേ വര്‍ഷം പിടിയിലായ 199 പേരില്‍ 188 പേരും കേരളീയരാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിത് നാം കേട്ടതാണ്.
എന്നാല്‍, ഭയാനകമായ അവസ്ഥ നിലവിലില്ലെന്ന് മുഖ്യമന്ത്രിയും പോലീസും ആവര്‍ത്തിക്കുമ്പോഴും സമൂഹ മാധ്യമങ്ങളിലെ വ്യാജസന്ദേശ പ്രചാരണങ്ങള്‍ക്ക് കുറവില്ല. കുട്ടികളെ തട്ടിയെടുക്കാനാണ് വീടുകള്‍ സ്റ്റിക്കറൊട്ടിച്ച് അടയാളപ്പെടുത്തുന്നതെന്ന് പോലീസിന്റേതെന്ന രൂപത്തില്‍ ഒരുമാസത്തിന് മുമ്പ് കോട്ടയത്ത് നിന്നു തുടങ്ങിയ വ്യാജ മുന്നറിയിപ്പുകള്‍ പലരും ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഭിക്ഷയാചിച്ച് വീട്ടിലേക്ക് വരുന്നവരാണ് കുട്ടികളെ തട്ടികൊണ്ടുപോകുന്നതെന്നതടക്കമുള്ള വ്യാഖ്യാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഒരോരുത്തരും യഥേഷ്ടം പങ്കുവെക്കുകയാണ്. ഇത്തരം തെറ്റിദ്ധാരണകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആള്‍ക്കൂട്ടം അക്രമങ്ങളിലേക്ക് തിരിഞ്ഞുകഴിഞ്ഞുവെന്ന സങ്കടകരമായ സാഹചര്യമാണ് ഏറ്റവും ഒടുവിലുണ്ടായിരിക്കുന്നത്. നിരപരാധികളാണ് ആക്രമിക്കപ്പെടുന്നവരെന്നതും അതീവ ഗൗരവമര്‍ഹിക്കുന്നു.
ആള്‍ക്കൂട്ടങ്ങള്‍ പോലീസിനെയും സര്‍ക്കാറുദ്യോഗസ്ഥരെയും അക്രമിക്കുന്നതിലേക്ക് കാര്യങ്ങളെത്തി. കൂത്തുപറമ്പില്‍ ബിഹാരി യുവാവ് അക്രമിക്കപ്പെട്ടത് അതിദാരുണമായിട്ടാണ്. മലപ്പുറത്ത് അതിഥി സംസ്ഥാന തൊഴിലാളിയും തിരുവനന്തപുരത്ത് ഭിന്നലിംഗ യുവതിയും ക്രൂരമായി തല്ലിച്ചതക്കപ്പെട്ടു. ഇത് എങ്ങനെ സംഭവിക്കുന്നുവെന്നാണ് നവമാധ്യമങ്ങളില്‍ സജീവമാകുന്ന മലയാളി സമൂഹം തിരിച്ചറിയേണ്ടത്.

ഷെയര്‍ ചെയ്യും മുമ്പ്
ഒരു നിമിഷം

മുന്‍കാലങ്ങളില്‍ ഒരു നാട്ടില്‍ ഒരു സംഭവം നടന്നാല്‍ അത് പ്രചരിക്കുന്നതിന് ഒരുപാട് പരിമിതികളുണ്ടായിരുന്നു. ഇന്ന് അങ്ങനെയല്ല, സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരം വന്നതോടെ കാര്യങ്ങളുടെ സ്ഥിതിയാകെ മാറി. എന്തും ഏതും ഷെയര്‍ ചെയ്യുന്ന തരത്തിലാണ് നവമാധ്യമങ്ങളെ ബഹുഭൂരിപക്ഷവും ഉപയോഗപ്പെടുത്തുന്നത്. ഷെയര്‍ ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതാണെന്നോ, പരോക്ഷമായോ, പ്രത്യക്ഷമായോ മാനഹാനി സൃഷ്ടിക്കുന്നതാണെന്നോ ആലോചിക്കാന്‍ സമയമില്ല. കിട്ടുന്നതെല്ലാം പങ്കുവെങ്കാനുള്ള വ്യഗ്രതയാണ് നമുക്ക്. ഈ വ്യഗ്രതയില്‍ തകര്‍ന്ന് പോകുന്നത് ഒരുപക്ഷേ നിരപരാധികളുടെ ജീവിതങ്ങളാണെന്നത് നാം പലപ്പോഴും ഓര്‍ക്കാറില്ല. ഒരിക്കലും തിരിച്ചുപിടിക്കാനോ ക്ഷമാപണം നടത്തിയാല്‍ പരിഹരിക്കാനോ കഴിയാത്തത്ര ആഴത്തിലുള്ള മുറിവുകളാകും നമ്മുടെ പോസ്റ്റുകളും പങ്കുവെക്കലുകളും പല ജീവിതങ്ങളിലും സൃഷ്ടിച്ചതെന്ന് നാം തിരിച്ചറിയുമ്പോഴേക്കും സമയം കടന്നുപോയിരിക്കും.

യാതൊരു തെളിവുകളുടെയും വസ്തുതകളുടെയും പിന്‍ബലമില്ലാതെ ഷെയര്‍ ചെയ്ത വാര്‍ത്തകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അരാജകത്വത്തെ കുറിച്ച്, ഭീതിയെക്കുറിച്ച്, പ്രത്യാഘാതങ്ങളെക്കുറിച്ച് നാം ഇനിയെന്നാണ് ബോധവാന്‍മാരാകുക? കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സജീവമായെന്ന വാര്‍ത്ത പൊടിപ്പും തൊങ്ങലും വെച്ച് അവരവരുടെ വ്യാഖ്യാനങ്ങള്‍ നല്‍കി പ്രചരിപ്പിച്ചതിന്റെ പ്രത്യാഘാതങ്ങള്‍ നാം അനുഭവിച്ചു കൊണ്ടിരിക്കുയാണ്. വീണ്ടും വീണ്ടും വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്ന തിരക്കിനിടയില്‍ നാമത് കാണാതെ പോകരുത്. എത്ര നിരപരാധികളാണ് കേവലം സംശയത്തിന്റെ പേരില്‍ അക്രമിക്കപ്പെടുന്നത്? തെരുവില്‍ ആള്‍ക്കൂട്ടത്തിന്റെ വിചാരണക്ക് വിധേയരാക്കപ്പെടുന്നത്? സമൂഹത്തിന് മുന്നില്‍ എത്ര മാതൃത്വവും പിതൃത്വവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ക്രൂരമായ രണ്ട് ഭേദ്യങ്ങള്‍

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത പ്രദേശം. ഒരു ഓട്ടോറിക്ഷയില്‍ രണ്ട് കുട്ടികളെ ഇരുത്തിയിട്ട് ഡ്രൈവര്‍ തൊട്ടടുത്ത വീട്ടിലേക്ക് പോയസമയം, ഒരു സ്‌കോര്‍പ്പിയോ കാര്‍ ഓട്ടോറിക്ഷക്ക് സമീപം കൊണ്ടുവന്ന് നിര്‍ത്തുന്നു. വണ്ടിയുടെ ഗ്ലാസ് താഴ്ത്തുന്നതിന് മുമ്പേ ഓട്ടോറിക്ഷയിലുണ്ടായിരുന്ന കുട്ടികള്‍ അലറിക്കരഞ്ഞു. കുട്ടികളുടെ കരച്ചില്‍ കേട്ട് വാഹനത്തിലുണ്ടായിരുന്നവര്‍ വേഗം വാഹനമെടുത്ത് പോകുന്നു. നിമിഷങ്ങള്‍ക്കകം വാട്ട്‌സാപ്പിലും ഫെയ്‌സ് ബുക്കിലും വാര്‍ത്തകള്‍ പ്രചരിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സ്‌കോര്‍പിയോയില്‍ വന്ന സംഘത്തെ കുറിച്ച് പലരും ഫെയ്‌സ് ബുക്ക് ലൈവില്‍ വാചാലരായി. അധികം വൈകാതെ തൊട്ടടുത്ത പ്രദേശത്ത് വെച്ച് ഒരു സംഘം വാഹനം തടഞ്ഞ് നിര്‍ത്തുന്നു. വാഹനത്തിലുണ്ടായിരുന്നവരെ യഥേഷ്ടം കൈകാര്യം ചെയ്യുന്നു. ഇതിനിടയില്‍ പോലീസെത്തി വാഹനത്തിലുണ്ടായിരുന്നവരോട് കാര്യങ്ങള്‍ തിരക്കി. അവര്‍ പറഞ്ഞു, ഞങ്ങള്‍ ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിന്നും വന്ന ഉദ്യോഗസ്ഥരാണ്. വഴിയറിയാതെ വലഞ്ഞ ഞങ്ങള്‍ ഓട്ടോറിക്ഷക്കാരനോട് വഴി ചോദിക്കാന്‍ വാഹനം നിര്‍ത്തി എന്ന ഒരൊറ്റ തെറ്റു മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ്.

ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു സംഭവം നടന്നത് തെക്കന്‍ ജില്ലയിലാണ്. കരുനാഗപ്പള്ളിക്ക് സമീപ പ്രദേശത്തെ ഒരു പള്ളിക്ക് മുന്നില്‍ പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങുന്നവരുടെ കനിവ് തേടി ഒരു മാതാവ് കൈകുഞ്ഞുമായി നില്‍ക്കുകയാണ്. മാതാവിനെയും കുഞ്ഞിനെയും കണ്ടപ്പോള്‍ ചിലര്‍ക്ക് സംശയം, കറുത്ത മാതാവിന്റെ കൈയില്‍ എങ്ങനെ വെളുത്ത കുഞ്ഞ് വന്നു! കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്ന് പലരും ഉറപ്പിച്ചു. കാരണം അത്തരം “വാര്‍ത്തകള”ാണല്ലോ ഓരോരുത്തരുടെയും കൈകളിലിരിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ദിനേന കാണുന്നതും കേള്‍ക്കുന്നതും. അങ്ങനെ വിചാരണ തുടങ്ങി, ആധാര്‍ കാര്‍ഡും അടിവസ്ത്രവും തേടിയുള്ള ചോദ്യങ്ങള്‍ നേരിട്ട ആ സ്ത്രീ ഒടുവില്‍ കണ്ണീരോടെ പറഞ്ഞു. എന്റെ നാട് തൊട്ടടുത്ത താലൂക്കിലാണ്, ഇവിടെ നിന്നും പത്തോ, പതിനഞ്ചോ കി. മീ മാത്രമേ ദൂരമുള്ളൂ. അത്താണി നഷ്ടപ്പെട്ടതിന്റെ പേരില്‍ ഒക്കത്തിരിക്കുന്ന കൈകുഞ്ഞിനും വീട്ടിലുള്ളവര്‍ക്കും അന്നം മുടങ്ങാതിരിക്കാനാണ് കരുണയുള്ളവരുടെ മുന്നിലേക്ക് കൈ നീട്ടിയെത്തിയത്. നിങ്ങളൊന്നും എനിക്ക് തരേണ്ട, ഈ കുഞ്ഞ് എന്റേതല്ലെന്ന് മാത്രം പറയരുത്. സ്വന്തം കുട്ടിക്ക് വെളുത്ത നിറമായതിന്റെ പേരില്‍ ഒരു മാതാവിന്റെ മാതൃത്വമാണ് ആള്‍ക്കൂട്ടം ചോദ്യം ചെയ്തത്. ഇങ്ങനെ എത്രയെത്ര സംഭവങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നത്.

നമ്മള്‍ ഷെയര്‍ ചെയ്യുന്ന “സാമൂഹികവാര്‍ത്തകള്‍” നമുക്ക് ചുറ്റും ഭീതിപരത്തുകയാണെന്ന വിപത്ത് ഇനിയും നാം തിരിച്ചറിയാതിരുന്നു കൂടാ. ഇതൊക്കെ വിശ്വസിച്ച് ഭീതിയില്‍ ആണ്ട് പോകുന്നവര്‍ കണ്ണില്‍ കാണുന്നവരെയെല്ലാം സംശയത്തോടെ കാണുകയാണ്. അപരിചിതര്‍ക്ക് വഴിചോദിക്കാനാകാത്ത, ദാഹിക്കുന്നവന് വെള്ളം ചോദിക്കാനാകാത്ത, വിശക്കുന്നവന് ഭക്ഷണം ചോദിക്കാനാകാത്ത പരിസരം സൃഷ്ടിച്ചെടുക്കുകയാണ് നമ്മള്‍. വാട്ട്‌സാപ്പും ഫെയ്‌സ്ബുക്കും കണ്ട് തങ്ങളെ ഏത് നിമിഷവും തട്ടികൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന ഭീതിയില്‍ ഉറക്കം പോലും അന്യമാകുന്ന കുട്ടികളുണ്ട് പല വീടുകളിലും. പരിസരം സുരക്ഷിതമല്ലെന്ന സന്ദേശമാണ് നാം കുട്ടികളോട് പങ്കുവെക്കുന്നതെങ്കില്‍ അത് അവരോട് ചെയ്യുന്ന കൊടിയ ക്രൂരതയല്ലാതെ മറ്റെന്താണ്? സുരക്ഷിത സമൂഹത്തിലാണ് താന്‍ വളരുന്നതെന്ന് ഓരോകുട്ടിയെയും ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. സാമൂഹികമാധ്യമ വാര്‍ത്തകള്‍ കാട്ടി കുട്ടികളെ ഭയപ്പെടുത്തുന്നവരോട് പറയാനുള്ളത്, ഭീതിയോടെ വളരേണ്ടി വരുന്നത് കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കും എന്ന ബോധ്യം മാതാപിതാക്കളും നേടിയെടുക്കണമെന്നാണ്. സ്‌കൂള്‍ വഴികളിലും വീട്ടിടവഴികളിലും തങ്ങളെ തട്ടിക്കൊണ്ടുപോകുന്നവര്‍ പതിയിരിക്കുന്നുണ്ടെന്ന ഭീതിയില്‍ നമ്മുടെ കുട്ടികള്‍ക്ക് എങ്ങനെ പഠിക്കാനാകും, മുന്നോട്ട് പോകാനാകും?
സ്വന്തം മക്കളുമായി വരുന്ന മാതാപിതാക്കള്‍ പോലും ചോദ്യം ചെയ്യപ്പെടുന്ന കെട്ടകാലത്തിലേക്കുള്ള വഴിവെട്ടുന്നവരാകരുത് നമ്മള്‍. സംശയവും ഭീതിയും പരത്തുന്നത് തുടര്‍ന്നാല്‍ ഒരു പക്ഷേ നാളെ നമ്മളെയും മക്കളുടെ നിറം മറ്റൊന്നായതിന്റെ പേരില്‍ ആള്‍ക്കൂട്ടം വിചാരണക്ക് വിധേയമാക്കാം. നാട്ടിലെല്ലാം ഭിക്ഷാടന നിരോധിത മേഖലയെന്ന ബോര്‍ഡ് വെച്ച് “സാമൂഹിക ഉത്തരവാദിത്വവും സദാചാരബാധ്യതയും” നിറവേറ്റുന്ന തലമുറയെ സൃഷ്ടിക്കാനുള്ള ടൈംലൈനുകളാകരുത് നമ്മുടെ മുഖപുസ്തകങ്ങള്‍.

പോലീസ് ജാഗ്രത കാട്ടിയേ
മതിയാകൂ

കുട്ടികളെ തട്ടികൊണ്ട് പോകുന്നവരെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജസന്ദേശമാണെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രിയും പോലീസ് മേധാവിയും നിരന്തരം പറയുമ്പോഴും ജനങ്ങളില്‍ ഭീതി ഒഴിയുന്നില്ലെന്ന യാഥാര്‍ഥ്യം അധികാരികള്‍ തിരിച്ചറിയണം. തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്തകള്‍ നവമാധ്യമങ്ങളില്‍ വൈറലാകാന്‍ തിടുക്കം കാട്ടുന്നത് ആരാണെന്നതും സംശയകരമാണ്. അരാജകത്വത്തിന് ആഹ്വാനം ചെയ്യുന്നവര്‍ പേരും മുഖവുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ തന്നെ ഒളിക്കുകയാണ്. ഇപ്പോള്‍ നടന്നുവെന്ന തരത്തിലാണ് പ്രചരിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും. മുമ്പേ മറ്റെവിടെയോ നടന്ന സംഭവങ്ങളെ പോലും വിദഗ്ധമായി കൂട്ടിയിണക്കുന്നതിലും ഇത്തരക്കാര്‍ വിജയിക്കുന്നു. തലയോലപ്പറമ്പിലും മറ്റ് പല സ്ഥലങ്ങളിലും കറുത്ത സ്റ്റിക്കറുകള്‍ പതിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. പക്ഷേ, ഭയപ്പെട്ടപോലെ അടയാളപ്പെടുത്തിയ പ്രദേശത്തൊന്നും കവര്‍ച്ചകളോ തട്ടികൊണ്ടു പോകലുകളോ ഉണ്ടായിട്ടില്ല. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ സി സി ടി വി ക്യാമറ ലോബികളാണെന്ന ആരോപണം ശക്തമാണ്. നാടാകെ മോഷണഭീതി പരത്തിയാല്‍ തങ്ങളുടെ വിപണി മാര്‍ഗം സുഗമമാകുമെന്ന ധാരണയാകും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും സംശയമുണ്ട്.
ഈ സംഭവങ്ങള്‍ നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുത്തിട്ടുണ്ടെന്നത് ഭരണകൂടവും പോലീസും തിരിച്ചറിഞ്ഞേ മതിയാകൂ. നാട്ടില്‍ ക്രമസമാധാന പാലനം ഉണ്ടെന്നുള്ളത് സംവിധാനങ്ങളേക്കാളുപരി ജനങ്ങള്‍ക്കുള്ള വിശ്വാസമാണ്. ആ വിശ്വാസത്തിന് എവിടെയോ കോട്ടം തട്ടിയിട്ടുണ്ട്. കുട്ടികളെ തട്ടികൊണ്ടുപോകുന്ന മാഫിയ സംഘങ്ങളില്ലെന്ന് പറയുമ്പോഴും ഒരു ഭീതി ജനങ്ങള്‍ക്കിടയിലുണ്ട്. അത് മാറ്റിയേ തീരൂ. പോലീസിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കുക മാത്രമാണ് പോംവഴി. ബോധവത്കരണമെന്ന പേരില്‍ ഊഹങ്ങളുടെയും കേട്ടറിവുകളുടെയും അടിസ്ഥാനത്തില്‍ ഭീതി പരത്തുന്ന ആര്‍ ജെ മാരെയും ലൈവ് ആക്ടിവിസ്റ്റുകളെയും നിയന്ത്രിച്ചേ മതിയാകൂ. പോലീസ് ബോധവത്കരണങ്ങള്‍ ഔദ്യോഗികമായും വീഡിയോ വഴിയുമാക്കുന്നത് വഴി പോലീസിന്റെ പേരില്‍ നടക്കുന്ന വ്യാജസന്ദേശങ്ങള്‍ തടയാനാകും.

സാമൂഹിക മാധ്യമങ്ങളിലൂടെ ഭീതിപരത്തുന്നതും വസ്തുതാ വിരുദ്ധവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവ് കിട്ടാവുന്ന ക്രിമിനല്‍ കേസെടുക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ ഈ വിപത്തുകള്‍ തുടരുക തന്നെ ചെയ്യും. നിരപരാധികളെ തല്ലിച്ചതക്കുന്നവരെ നിമയത്തിന് മുന്നില്‍കൊണ്ടുവന്ന് ശിക്ഷിച്ചേ മതിയാകൂ. ഇനിയും മടിച്ച് നിന്നാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടിവരും. അല്ലെങ്കില്‍ സംശയം തോന്നുന്നവരെയെല്ലാം ആള്‍ക്കൂട്ട കോടതികള്‍ വിചാരണചെയ്യുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന അപകടകരമായ സാഹചര്യം സൃഷ്ടിക്കപ്പെടും. അന്നം തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അതിഥിയെന്ന് വിളിക്കാന്‍ തയ്യാറാണമെന്ന് പറയുമ്പോള്‍ അവര്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരാണെന്ന് ഉറപ്പാക്കാനുള്ള ബാധ്യത കൂടി ഭരണകൂടത്തിനുണ്ട്.

അരുത് സുഹൃത്തേ

വാഴത്തോപ്പില്‍ ഇലയനക്കം കേട്ടാല്‍ ഒന്ന് വെളിച്ചമടിച്ച് നോക്കാന്‍ പോലും മിനക്കെടാതെ നാട്ടുകാരെ അറിയിക്കുന്ന തിരക്കിലോടുന്ന നാം ഒരു നിമിഷം ആലോചിക്കണം. താന്‍ ഷെയര്‍ ചെയ്യുന്ന കാര്യങ്ങളില്‍ വസ്തുതകളോ, തെളിവുകളോ ഉണ്ടോ എന്ന്. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന ചിലര്‍ നമ്മുടെ സമൂഹത്തിലുമുണ്ട്. അത്തരം മാനസിക രോഗികള്‍ സൃഷ്ടിക്കുന്ന വ്യാജ പോസ്റ്റുകള്‍ക്കുള്ള ഇടമാകാതിരിക്കട്ടെ നമ്മുടെ ടൈംലൈനുകള്‍. നല്ല സന്ദേശങ്ങളും നല്ലവാര്‍ത്തകളും കൊണ്ട് നമ്മുടെ സ്റ്റാറ്റസ് ഉയരട്ടെ. ഒപ്പം നമ്മുടെ കുട്ടികളും നാമടങ്ങുന്ന സമൂഹവും സുരക്ഷിതമാകാന്‍ നമുക്കൊരുമിച്ച് ജാഗ്രതയോടെ പ്രവര്‍ത്തിക്കാം.

 

 

---- facebook comment plugin here -----

Latest