Connect with us

National

ഭീകരാക്രമണം: തെളിവുകള്‍ നല്‍കി മടുത്തു; പാക്കിസ്ഥാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പ്രതിരോധമന്ത്രി

Published

|

Last Updated

ശ്രീനഗര്‍: കാശ്മീരിലെ സുന്‍ജുവാന്‍ ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പാക്കിസ്ഥാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍.

ഓരോ ഭീകരാക്രമണം കഴിയുമ്പോഴും പാക്കിസ്ഥാന്റെ പങ്കു തെളിയിക്കുന്ന തെളിവ് അവര്‍ക്ക് കൊടുത്തു കൊണ്ടേയിരിക്കുകയാണ്. പാക്കിസ്ഥാനാണ് ആക്രമണത്തിനു പിന്നിലെന്ന് വീണ്ടും വീണ്ടും തെളിയിക്കേണ്ടി വരുന്നു. ഇനി ഇത്തരം അസംബന്ധ പ്രവൃത്തികള്‍ക്ക് പാക്കിസ്ഥാന്‍ മറുപടി പറയേണ്ടി വരുമെന്നും നിര്‍മല പറഞ്ഞു. കേന്ദ്രസര്‍ക്കാരും പ്രതിരോധമന്ത്രാലയവും സൈനികര്‍ക്കും കാശ്മീരിനും ഒപ്പമുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നുഴഞ്ഞു കയറ്റത്തിനു ഭീകരരെ സഹായിക്കാന്‍ വേണ്ടിയാണ് പാക്ക് പട്ടാളം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

പാക്കിസ്ഥാനില്‍ കഴിയുന്ന ഭീകരന്‍ അസ്ഹര്‍ മസൂദിന്റെ കീഴിലുള്ള ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ അംഗങ്ങളാണ് സുന്‍ജുവാനിലെത്തിയത്. അവര്‍ക്കു പാക്കിസ്ഥാനില്‍ നിന്നു പിന്തുണയും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും നിര്‍മല കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തില്‍ പരുക്കേറ്റവരെയും നിര്‍മല സന്ദര്‍ശിച്ചു. ജമ്മുവിലെ സൈനിക ആശുപത്രിയിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.

അതേസമയം, സുന്‍ജ്വാനില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ വിമര്‍ശിക്കുന്നത് യാതൊരു തെളിവുമില്ലാതെയാണെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി.