Connect with us

Kerala

ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: വടകര ഏറാമലയില്‍ ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ സിപിഎം അക്രമം അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനെ നോക്കുകൂത്തിയാക്കി പ്രദേശത്ത് സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഞായറാഴ്ച വൈകീട്ട് ഏറാമല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി പി എം-ആര്‍ എം പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നാല് സി പി എം പ്രവര്‍ത്തകര്‍ക്കും രണ്ട് ആര്‍ എം പി പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരുന്നു. വൈകീട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ആറ് ആര്‍ എം പി പ്രവര്‍ത്തകര്‍ക്കും, ഒരു സി പി എം പ്രവര്‍ത്തകനും പരുക്കേറ്റിരുന്നു. ഇതിനുശേഷമുണ്ടായ സംഘര്‍ഷത്തിലാണ് ഇരുവിഭാഗത്തിലും പെട്ട ആറ് പേര്‍ക്ക് വെട്ടേറ്റത്. പരുക്കേറ്റ ആര്‍ എം പി പ്രവര്‍ത്തകരെ വടകര ജില്ലാ ആശുപത്രിയിലും, സി പി എം പ്രവര്‍ത്തകനെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഓട്ടോ ഡ്രൈവറും ആര്‍ എം പി പ്രവര്‍ത്തകനുമായ വിപിന്‍ ലാലിനെ എളങ്ങോളിയില്‍ വെച്ച് മര്‍ദിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കം.
പിന്നീട് ആര്‍ എം പി ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ കയറി ഓഫീസിലുണ്ടായിരുന്ന ലോക്കല്‍ സെക്രട്ടറി കെ കെ ജയന്‍, ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം പെരുവാട്ടി കുനി ഗോപാലന്‍, നിഖില്‍ എന്നിവര്‍ക്കും എളങ്ങോളിയില്‍ വെച്ച് എളങ്ങോളി കുനിയില്‍ പ്രീത, ഒ കെ ചന്ദ്രന്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു.

അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെ ആര്‍എംപി ഏറാമല പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തുകയാണ്. അതിനിടെ ആര്‍ എം പി ഐ സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ പോലീസ് സംരക്ഷണത്തില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.