Connect with us

Gulf

അന്വേഷണങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ആര്‍ ടി എക്ക് ലഭിച്ചത് 22 ലക്ഷത്തിലധികം വിളികള്‍

Published

|

Last Updated

ദുബൈ: വിവിധ അന്വേഷണങ്ങള്‍ക്കും സേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കും അഭിപ്രായമറിയിക്കാനും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)യുടെ കാള്‍ സെന്ററില്‍ കഴിഞ്ഞ വര്‍ഷം വിളിച്ചത് 22 ലക്ഷത്തിലധികം പേര്‍.
8009090 എന്ന നമ്പറില്‍ 2,249,386 വിളികളാണ് എത്തിയതെന്ന് ആര്‍ ടി എ കോര്‍പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട് സര്‍വീസ് സെക്ടറിലെ കസ്റ്റര്‍മര്‍ സര്‍വീസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അഹ്മദ് മെഹബൂബ് പറഞ്ഞു. 86.13 ശതമാനം പേരുടെയും വിളികള്‍ക്ക് 20 സെക്കന്‍ഡിനുള്ളില്‍ പ്രതികരണം നല്‍കി. കളഞ്ഞുപോയ വസ്തുക്കള്‍ സംബന്ധിച്ച പരാതിയുമായി 61,288 വിളികളെത്തി. ഇതില്‍ 65 ശതമാനവും കണ്ടെത്തി. ഇതുകൂടാതെ സ്മാര്‍ട് സംവിധാനമായ “മദീനതി”യിലൂടെ 22,177 റിപ്പോര്‍ട്ടുകളും ലഭിച്ചു.
ആര്‍ ടി എയുമായി ബന്ധപ്പെട്ട വിവിധ ഇടപാടുകള്‍ ഫോണിലൂടെ ജീവനക്കാരുടെ സഹായം കൂടാതെ ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് (ഐ വി ആര്‍ സംവിധാനം) വഴി പൂര്‍ത്തീകരിക്കാവുന്ന ഇ-പേയ്‌മെന്റ് പോര്‍ട്ടലിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുണ്ടായത്. 2017ല്‍ സേവനംവഴി 23,094 ഇടപാടുകളാണ് പൂര്‍ത്തീകരിച്ചത്.

കളഞ്ഞുപോയ വസ്തുക്കളിന്മേല്‍ ലഭിച്ച പരാതിയില്‍ 11,782 മൊബൈല്‍ ഫോണുകളുകള്‍ കണ്ടെത്തി തിരിച്ചുനല്‍കി. 6,197 യാത്രാ ബാഗ്, 3,139 പഴ്‌സ്, 1,001 പാസ്‌പോര്‍ട്ട്, 1,317 പ്രധാന രേഖകളും കാര്‍ഡുകളും 578 സണ്‍ഗ്ലാസുകള്‍ എന്നിവയും കണ്ടെത്തി നല്‍കി. ഇതുകൂടാതെ കണ്ടെത്തിയതില്‍ ആഭരണങ്ങള്‍, 1,618,750 ദിര്‍ഹം, 96,065 യു എസ് ഡോളര്‍, 14,115 യൂറോ, 13,000 റിയാല്‍, 15,000 ബ്രിട്ടീഷ് പൗണ്ട് എന്നിവയും യഥാര്‍ഥ ഉടമസ്ഥരെ തിരിച്ചേല്‍പിച്ചു.