ആലപ്പുഴ: വ്യാഴാഴ്ച നഴ്‌സുമാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്ന നഴ്‌സുമാര്‍ക്ക് നേരെയുണ്ടായ പോലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പോലീസ് ലാത്തിച്ചാര്‍ജില്‍ അഞ്ച് നഴ്‌സുമാര്‍ക്ക് പരുക്കേറ്റു.
അഞ്ചു മാസത്തിലധികമായി കെവിഎം ആശുപത്രിയില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരം നടത്തിവരികയായിരുന്നു. ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും സമരം ചെയ്യുന്നവര്‍ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് സമരം തുടര്‍ന്നത്. ജൂലൈ മാസത്തില്‍ വേതനവര്‍ധന ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ നഴ്‌സുമാര്‍ ദിവസങ്ങളോളം സമരം ചെയ്തിരുന്നു.
തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ റിലേ സത്യാഗ്രഹവും നടത്തിയിരുന്നു. അന്ന് മറ്റ് മാനേജ്‌മെന്റുകള്‍ നഴ്‌സുമാരുടെ വേതനംവര്‍ധനവ് നടപ്പിലാക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും കെവിഎം ആശുപത്രി മാനേജ്‌മെന്റ് നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല.