മന്ത്രിമാര്‍ക്കും വേണം പഞ്ചിംഗ്

Posted on: February 11, 2018 6:48 am | Last updated: February 10, 2018 at 10:49 pm

ക്വാറം തികയാത്തതിനാല്‍ മന്ത്രിസഭാ യോഗം മാറ്റിവെക്കേണ്ടി വന്നത് ‘രാഷ്ട്രീയ പ്രബുദ്ധ കേരള’ത്തിന് നാണക്കേടാണ്. കാലാവധി കഴിയാറായ ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത യോഗമാണ് മന്ത്രിമാരില്‍ മൂന്നിലൊന്നു പോലും പങ്കെടുക്കാത്തതിനാല്‍ ചേരാന്‍ കഴിയാതെ പോയത്. മുഖ്യമന്ത്രിയടക്കം പത്തൊമ്പത് മന്ത്രിമാരില്‍ വെറും ആറ് പേരാണ് യോഗത്തിനെത്തിയത്. സി പി ഐയുടെ നാല് മന്ത്രിമാരില്‍ ഒരാള്‍ പോലും എത്തിയില്ല. പാര്‍ട്ടിയുടെ വയനാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നുവത്രെ നാല് പേരും. ഭരണഘടനാ വ്യവസ്ഥയനുസരിച്ച് നിലവിലുള്ള പത്തൊമ്പത് ഓര്‍ഡിനന്‍സുകളില്‍ പതിനേഴും പുതുക്കേണ്ട സമയമായിട്ടുണ്ട്. മറ്റു ചില മന്ത്രിമാര്‍ സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. വെള്ളിയാഴ്ച ക്യാബിനറ്റ് യോഗമുള്ള കാര്യം എല്ലാ മന്ത്രിമാരെയും അറിയിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വെളിപ്പെടുത്തിയത്. എന്നിട്ടും എന്തേ ഇങ്ങനെ സംഭവിച്ചു? തോന്നുമ്പോള്‍ ഓഫീസിലെത്തി തോന്നുമ്പോള്‍ ഇറങ്ങി പോകുന്ന സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് മൂക്കുകയറിടാനായി അടുത്തിടെ സര്‍ക്കാര്‍ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മന്ത്രിമാര്‍ക്കും ബാധകമാക്കേണ്ട സ്ഥിതിയാണ്.

മന്ത്രിമാരും എം എല്‍ എമാരുമായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍ ജനപ്രതിനിധികള്‍ക്ക് പിന്നീട് കൂടുതല്‍ ഉത്തരവാദിത്തം സംസ്ഥാനത്തോടും ജനങ്ങളോടുമാണ്. പാര്‍ട്ടി യോഗങ്ങളെക്കാളും സ്വകാര്യ പരിപാടികളെക്കാളും പ്രാമുഖ്യം കല്‍പ്പിക്കേണ്ടത് ഭരണകാര്യങ്ങളിലാണ്. പാര്‍ട്ടി കാര്യങ്ങള്‍ അതിനുത്തരവാദപ്പെട്ടവര്‍ നിര്‍വഹിക്കട്ടെ. മന്ത്രിമാര്‍ക്ക് ഭരണകാര്യങ്ങള്‍ കഴിഞ്ഞു മതി അതെല്ലാം. പാര്‍ട്ടി നേതൃത്വങ്ങള്‍ ഭരണത്തിനും സംഘടനാ പ്രവര്‍ത്തനത്തിനും വെവ്വേറെ ആളുകളെ തിരഞ്ഞെടുക്കുന്നത് ഇതിനാണല്ലോ. ആഴ്ചയില്‍ അഞ്ച് ദിവസം മന്ത്രിമാര്‍ തിരുവനന്തപുരത്തുണ്ടാകുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തിന്റെ തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നിട്ടിപ്പോള്‍ ക്യാബിനറ്റ് വിളിച്ചാല്‍ പോലും മന്ത്രിമാരെത്താത്ത അവസ്ഥ! പാര്‍ട്ടി സമ്മേളനങ്ങള്‍ വന്നാല്‍ പിന്നെ മന്ത്രിമാര്‍ക്ക് ഭരിക്കാന്‍ നേരമില്ല. ആഴ്ചകളോളം അവര്‍ സമ്മേളന പരിപാടികളിലായിരിക്കും. ഇതിനായി മന്ത്രിസഭാ യോഗങ്ങള്‍ തന്നെ മാറ്റിവെച്ച സംഭവങ്ങളുമുണ്ട്.
മികച്ചൊരു ഭരണം വാഗ്ദാനം ചെയ്താണ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ ലക്ഷ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും പെരുമാറ്റച്ചട്ടവും നടപ്പാക്കി. എന്നാല്‍ തുടക്കം മുതലേ അത് പാളി. ഫയലുകള്‍ യഥാസമയം നീങ്ങുന്നില്ല. പല മന്ത്രിമാരും മിക്ക ദിവസങ്ങളിലും ഓഫീസുകളിലുണ്ടാകാറില്ല. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ല. മന്ത്രിമാര്‍ തമ്മില്‍ പരസ്യമായ വിഴുപ്പലക്കല്‍. സി പി എം, സി പി ഐ മന്ത്രിമാര്‍ തമ്മില്‍ ശീതസമരത്തിലാണ്. നിയമസഭയില്‍ അതിന്റെ അന്തസ്സിന് ചേരാത്ത പ്രകടനങ്ങള്‍ കാണിക്കുകയും അസഭ്യങ്ങള്‍ ചൊരിഞ്ഞു കളങ്കപ്പെടുത്തുകയും ചെയ്യുന്നു. സഭയിലെത്തുന്ന ബില്ലുകളില്‍ സമഗ്രമായ ചര്‍ച്ചക്ക് മന്ത്രിമാര്‍ക്കോ, അംഗങ്ങള്‍ക്കോ നേരമില്ല. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തുന്നതിനു പകരം വിവാദങ്ങള്‍ക്കു പിന്നാലെയാണ് സഭയില്‍ ഇരുമുന്നണികളും. സഭാനടപടികളും സഭകള്‍ ചേരുന്ന ദിവസങ്ങള്‍ വെട്ടിച്ചുരുക്കലും പതിവാണ്. റിട്ട. ജസ്റ്റിസ് എം എന്‍ വെങ്കടചെല്ലയ്യ അധ്യക്ഷനായ ഭരണഘടനാ അവലോകന സമിതിയുടെ ശിപാര്‍ശയനുസരിച്ച് 70ല്‍ കൂടുതല്‍ അംഗങ്ങളുള്ള നിയമസഭകള്‍ വര്‍ഷത്തില്‍ ചുരുങ്ങിയത് 90 ദിവസവും 70ല്‍ കുറവ് അംഗങ്ങളുള്ള സഭകള്‍ 50 ദിവസമെങ്കിലും ചേര്‍ന്നിരിക്കണം. എന്നാല്‍ 140 അംഗങ്ങളുള്ള കേരള നിയമസഭ 2004 മുതല്‍ 2013 വരെയുള്ള പത്ത് വര്‍ഷം സമ്മേളിച്ചതിന്റെ വാര്‍ഷിക ശരാശരി 49 ദിവസമാണ്. 2013ന് ശേഷവും സ്ഥിതി വ്യത്യസ്തമല്ല. ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനം രണ്ടാഴ്ച കൊണ്ട് അവസാനിച്ചു.

പ്രവര്‍ത്തന മേഖലയിലെന്ന പോലെ സാമ്പത്തിക രംഗത്തും മന്ത്രിമാരും നിയമസഭാ സാമാജികരും അച്ചടക്കം പാലിക്കുന്നില്ല. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായതിനാല്‍ ചെലവ് ചുരുക്കി സാമ്പത്തിക അച്ചടക്കം പാലിക്കണമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രത്യേകം നിര്‍ദേശിച്ചതിന് പിന്നാലെയാണല്ലോ സര്‍ക്കാര്‍ ചെലവില്‍ സ്പീക്കര്‍ 49,900 രൂപയുടെ കണ്ണട വാങ്ങിയതിന്റെയും 2016 ഒക്‌ടോബര്‍ അഞ്ച് മുതല്‍ 2018 ജനുവരി 19 വരെ ചികിത്സാ ചെലവിനത്തില്‍ 4,25,594 രൂപ കൈപ്പറ്റിയതിന്റെയും ധനമന്ത്രി തോമസ് ഐസക് സുഖചികിത്സക്കായി 1,20,000 രൂപ ചെലവിട്ടതിന്റെയും കണക്കുകള്‍ പുറത്തു വന്നത്. പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന ഘട്ടത്തിലാണ് ഈ ധൂര്‍ത്ത്. പ്രതിപക്ഷവും മോശമല്ല ഇക്കാര്യത്തില്‍. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടി എ, ഡി എ, ടെലിഫോണ്‍ ബില്‍, മെഡിക്കല്‍ ആനുകൂല്യങ്ങളുടെ ഇനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കൈപ്പറ്റിയത് 14.5 ലക്ഷം രൂപയാണ്. നിയമനിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന ജനപ്രതിനിധികളെന്ന നിലയിലാണ് മന്ത്രിമാര്‍ക്കും നിയമസഭാ സാമാജികര്‍ക്കും ചില പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ആനുകൂല്യങ്ങള്‍ കൃത്യമായി കൈപ്പറ്റുന്ന കാര്യത്തിലല്ലാതെ ഭരണത്തിലോ, ഉത്തരവാദിത്ത നിര്‍വഹണത്തിലോ അവര്‍ക്കൊരു താത്പര്യവുമില്ല. എങ്കില്‍ പിന്നെ എന്തിനാണ് ഇവര്‍ക്ക് മറ്റുള്ളവര്‍ക്കൊന്നുമില്ലാത്ത ആനുകൂല്യങ്ങളും പരിരക്ഷകളും. ഇതുസംബന്ധിച്ചു പുനര്‍വിചിന്തനം ആവശ്യമാണ്. മന്ത്രിമാരുടെ ഹാജര്‍ കാര്യത്തിലും ജോലി നിര്‍വഹണത്തിലും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു.