Connect with us

Kerala

അപൂര്‍വ രോഗം പിടിപെട്ട ഗോഡ്‌വിന്‍ വേദന സഹിച്ച് ആശുപത്രിക്കിടക്കയില്‍

Published

|

Last Updated

മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗോഡ്‌വിന്‍

മൂവാറ്റുപുഴ: അപൂര്‍വ രോഗത്തിന് അടിമയായ 13 വയസ്സുകാരന്‍ വേദന കടിച്ചമര്‍ത്തി കഴിയാന്‍ തുടങ്ങിയിട്ട് 13 വര്‍ഷം. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി അപൂര്‍വ രോഗത്തെ തുടര്‍ന്ന് കിടപ്പില്‍ കഴിയുന്ന മുടവൂര്‍ കിഴക്കേകുടിയില്‍ മത്തായിയുടെ മകന്‍ ഗോഡ്‌വിന്‍ മത്തായിക്കാണ് ഈ ദുര്‍ഗതി. എപ്പിഡെര്‍മോലിസിസ് ബുള്ളോസ എന്ന രോഗത്തിനടിമയാണ് ഗോഡ്‌വിന്‍. ശരീരത്തിലാകെ കുമിളകള്‍ രൂപപ്പെട്ട് പൊട്ടി വ്രണമായി മാറും. അസഹനീയമായ വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നതാണ് രോഗം.

മരുന്നുകള്‍ കഴിക്കുമ്പോള്‍ രോഗത്തിന് ചെറിയൊരു ശമനം ലഭിക്കുമെങ്കിലും മരുന്ന് കഴിക്കല്‍ നില്‍ക്കുന്നതോടെ വീണ്ടും രോഗം മൂര്‍ച്ഛിക്കും. ജന്മനാ ഇതാണ് ഗോഡ്‌വിന്റെ അവസ്ഥ. സ്‌കൂളില്‍ ആറാം ക്ലാസ് വരെ പഠിച്ച ഗോഡ്‌വിന് തുടര്‍പഠനത്തിന് രോഗം തടസ്സമായിരിക്കുകയാണ്.
ചികിത്സക്കായി ഗോഡ്‌വിനെ പിതാവ് മത്തായിയും മാതാവ് ആന്‍സിയും കൊണ്ടുപോകാത്ത ആശുപത്രികളില്ല. ആലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ ചികിത്സകളെല്ലാം നടത്തിയെങ്കിലും രോഗത്തിന് യാതൊരു കുറവുമില്ല. ഏറ്റവും ഒടുവില്‍ ഹോമിയോ ചികിത്സയില്‍ അഭയം തേടിയിരിക്കുകയാണ് ഈ നിര്‍ധന കുടുംബം. രണ്ടാഴ്ച മുമ്പാണ് മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. കുട്ടികളുടെ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഗോഡ്‌വിനെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സാറ നന്ദന മാത്യുവിന്റെ നേതൃത്വത്തിലാണ് ചികിത്സിക്കുന്നത്. രോഗം മൂര്‍ച്ഛിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

ഹോമിയോ ചികിത്സ ആരംഭിച്ചതോടെ രോഗത്തിന് നല്ല കുറവുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ശരീരത്തിലെ വ്രണങ്ങളെല്ലാം ഉണങ്ങിത്തുടങ്ങിയിട്ടുണ്ടെന്നും പതിയെ എഴുന്നേല്‍ക്കാനും നടക്കാനും കഴിയുന്നുണ്ടന്നും ചികിത്സയില്‍ പുരോഗതിയുണ്ടെന്നും ഡോ. സാറ നന്ദന മാത്യു പറഞ്ഞു. കൂലിപ്പണിക്കാരനായ മത്തായിയുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. സ്വന്തമായി അഞ്ച് സെന്റ് സ്ഥലമുണ്ടെങ്കിലും ഇവിടെ സ്വന്തമായി ഒരു കൂര പോലും നിര്‍മിക്കാനായിട്ടില്ല. മത്തായിയും ഭാര്യയും ഗോഡ്‌വിനുമടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്. വീടിന്റെ വാടകയും ഗോഡ്‌വിന്റെ ചികിത്സാ ചെലവുമടക്കം ഭാരിച്ച സംഖ്യ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഈ കുടുംബം.

 

Latest